നെറ്റ്ഫ്ലിക്‌സിൽ കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സിനിമ, സംവിധായകന് 93 ലക്ഷത്തിന് ആഡംബര കാർ സമ്മാനിച്ച് നിർമാതാക്കൾ
ഈയടുത്ത് ഇറങ്ങിയ തമിഴ് സിനിമകളിൽ ഏതെങ്കിലും ഒന്നിന്റെ പേര് പറയാൻ പറഞ്ഞാൽ പലരും മഹാരാജ എന്നായിരിക്കും പറയുക. ദളപതി വിജയ്‌യുടെ ഗോട്ട് എന്ന പടത്തിന് പോലും ലഭിക്കാത്ത സ്വീകാര്യതയും വിജയവുമാണ് വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ അമ്പതാമത്തെ ചിത്രമായ മഹാരാജയ്ക്ക് ലഭിച്ചത്. ജൂൺ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്ലിക്‌സിൽ എത്തുകയും ചെയ്‌തു. ഒടിടി പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ ചിത്രമായും മഹാരാജ മാറിയിരുന്നു. ആഖ്യാനത്തിലെ കയ്യടക്കമാണ് മഹാരാജയുടെ മേന്മയെന്നായിരുന്നു പലരുടേയും അഭിപ്രായം. ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥയും മേക്കിംഗും അഭിനയവുമെല്ലാം കൈയടി അർഹിക്കുന്നുണ്ട്.
ഇപ്പോഴിതാ മഹാരാജയുടെ മഹാവിജയം ആഘോഷിക്കാനായി സംവിധായകൻ നിതിലൻ സ്വാമിനാഥന് ബിഎംഡബ്ല്യു 5 സീരിസ് ആഡംബര സെഡാൻ സമ്മാനം നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മഹാരാജയുടെ നൂറാം ദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് സ്നേഹസമ്മാനം കൈമാറിയിരിക്കുന്നത്. നടൻ വിജയ് സേതുപതിയും നിർമാതാക്കളായ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്ന് കാർ സമ്മാനിക്കുന്ന ചിത്രങ്ങളും നിതിലൻ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മക്കൾ സെൽവൻ എന്നുവിളിപ്പേരുള്ള വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മഹാരാജ മാറിയിരുന്നു. 100 കോടിയിലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് വാരിയതെന്നാണ് കണക്കുകൾ. സേതുപതിക്ക് പുറമെ അഭിരാമി, അരുൾ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും മഹാരാജയിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്.
ഇതിന് മുമ്പും തമിഴ് സിനിമയിൽ ഇത്തരം സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. വിക്രം ഹിറ്റായപ്പോൾ പടത്തിന്റെ നായകനും നിർമാതാവുമായ കമൽ ഹാസൻ സംവിധായകൻ ലോകേഷ് കനകരാജിന് കാർ ഗിഫ്റ്റ് കൊടുത്തിരുന്നു. പിന്നീട് ജയിലർ ബംബർ ഹിറ്റായപ്പോൾ സൺപിക്ച്ചേഴ്‌സിന്റെ നിർമാതാവ് സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും നായകൻ രജനീകാന്തിനും ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ സമ്മാനമായി നൽകിയിരുന്നു.

നിതിലൻ സ്വാമിനാഥന് കൊടുത്തിരിക്കുന്ന 5 സീരീസ് സെഡാൻ ബിഎംഡബ്ല്യുവിന്റെ നിരയിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. 530Li, 530Li M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വരുന്ന ആഡംബര കാറിന്റെ ഏത് മോഡലാണ് സംവിധായകന് സമ്മാനമായി നൽകിയതെന്ന് ഇപ്പോൾ വ്യക്തമല്ല. ഇരുമോഡലുകളുടേയും എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 93 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് വിവരം.
ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് ജർമൻ ആഡംബര കാറിനുള്ളത്. ബിഎംഡബ്ല്യുവിൻ്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലും സ്‌ലിക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ 5 സീരീസിന്റെ മുൻവശത്തെ ആകർഷണം. അതേസമയം വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ വലിയ 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളിലാണ് ലക്ഷ്വറി സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്. സിഗ്നേച്ചർ റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തിന് മോടിയേകുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാണ്. 12.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെവന്റ് ക്ലസ്റ്റർ, ഡ്രൈവർ ഓറിയൻ്റഡ് 14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് പാറ്റേൺ ക്വിൽറ്റിങ്ങോട് കൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട്-സീറ്റ് വെൻ്റിലേഷൻ, മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 18-സ്പീക്കർ, 655W ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, 6 USB-C പോർട്ടുകൾ എന്നിവയും കാറിന്റെ അഴകേകുന്ന ഫീച്ചറുകളാണ്
പനോരമിക് സൺറൂഫ്, ഇൻ്റീരിയർ ക്യാമറ, വയർലെസ് ചാർജറും ഫോൺ മിററിംഗും, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു 5 സീരീസ സെഡാന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. 48V മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറിൽ 400 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഇതൊു റിയർ-വീൽഡ്രൈവ് കാറായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പവർഫുൾ എഞ്ചിനും വലിപ്പവുമുണ്ടെങ്കിലും 5 സീരീസ് ആഡംബര സെഡാന് ലിറ്ററിന് 15.7 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് ജർമൻ കമ്പനി പറയുന്നത്.


Click it and Unblock the Notifications








