അർമഡ മുതൽ ക്വാളിസ് വരെ; ഈ കാർ വേണ്ട, പേരെങ്കിലും ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ
കാറുകളുടെ പേരുകൾ എപ്പോഴും ഒരു വികാരമാണ്. ഒരു മനുഷ്യന് പേരിടുന്നതിന് തുല്യമാണ് കാറുകളുടെ പേരും. ഒരു കാറിന്റെ പേര് അതിന്റെ നിർമാത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ മെക്കാനിക്കൽ, ടെക്നോളജിക്കൽ വശങ്ങളെയും പോലെ തന്നെ പ്രധാനമാണ്. പേരുകൾ അവയുടെ ഐഡന്റിറ്റിയായി ഏറെക്കാലം നിലനിൽക്കുന്ന ഒട്ടനേകം മോഡലുകളെ നാം ഇതിനോടകം തന്നെ കണ്ടിട്ടുണ്ട്. എന്നാൽ ചുമ്മാ ഒരു പേരല്ല വാഹനങ്ങൾക്ക് പൊതുവേ നിശ്ചയിക്കാറുള്ളത് കേട്ടോ.
അവയുടെ സ്വഭാവത്തിനും സവിശേഷതകകൾക്കും അനുസരിച്ചാണ് ഓരോ വാഹനങ്ങളുടേയും പേരുകൾ നിർണയിക്കുന്നത്. അതിനാൽ, ഒരു പുതിയ കാറിന് പേര് തെരഞ്ഞെടുക്കുന്നത് തികച്ചും വെല്ലുവിളിയും സവിശേഷവുമായ അവസരവുമാണ്. ഈ അടുത്തിടെയായി പഴയ ഇതിഹാസ കാറുകളുടെ പേരുകൾ തിരികെ കൊണ്ടുവരാനും ചില നിർമാതാക്കൾ തയാറാവുന്നുണ്ട്. അതിനു പിന്നിലുള്ള പ്രധാന കാരണം അവയുടെ ജനപ്രിതിയും ഐഡിന്റിറ്റിയുമാണ്. ടാറ്റ സഫാരി, മാരുതി ഗ്രാൻഡ് വിറ്റാര എന്നീ പേരുകളെല്ലാം വീണ്ടും ഉപയോഗിക്കാനും കാരണവും ഇതുതന്നെയാണ്.

ഇതിലും കൂടുതൽ ക്ലാസിക് പേരുകൾ പുതിയ അവതാരത്തിൽ വിപണിയിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് ഈ നീക്കം വഴിതെളിക്കുന്നത്. സഫാരിയും ഗ്രാൻഡ് വിറ്റാരയും എല്ലാം തിരികെ വന്നതുപോലെ മുമ്പുണ്ടായിരുന്ന ചില കിടിലൻ പേരുകൾ കൂടി വീണ്ടും ഒരുവസരം അർഹിക്കുന്നുണ്ട്. അത്തരം ചില പേരുകൾ ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കിയാലോ?
ടാറ്റ ഇൻഡിക്ക: ഇന്ത്യയിലെ കാറുകളുടെ സങ്കൽപം പൊളിച്ചെഴുതിയ ഇതിഹാസ വാഹനങ്ങളിൽ ഒന്നാണ് ഇൻഡിക്ക. രാജ്യത്ത് കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിന് തുടക്കമിട്ടതും ഈ മിടുക്കനാണ്. കാറിന്റെ സ്റ്റൈലിംഗും ഡിസൈനും വരെ ഏറെ ശ്രദ്ധനേടിയിട്ടുള്ള കാര്യമാണ്. ഇൻഡിഗോ (സെഡാൻ), ഇൻഡിഗോ മറീന (എസ്റ്റേറ്റ്), ഇൻഡിഗോ സിഎസ് (കോംപാക്‌ട് സെഡാൻ) എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകൾക്കും ബോഡി ശൈലികൾക്കും ഇൻഡിക്ക ജന്മം നൽകുകയും ചെയ്‌തിട്ടുണ്ട്.

ടാറ്റയുടെ നിരയിൽ ടിയാഗോയും ആൾട്രോസും തമ്മിലുള്ള വിടവ് നികത്താൻ കഴിയുന്ന ഒരു പുതിയ ഹാച്ച്ബാക്കിനായി "ഇൻഡിക്ക" എന്ന പേര് കമ്പനിക്ക് ഉപയോഗിക്കാനാവും. നിലവിൽ മാരുതി സുസുക്കി സ്വിഫ്റ്റും ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസും വിലസുന്ന മിഡ്-സൈസ് ഹാച്ച്ബാക്ക് സെഗ്‌മെന്റിനെ കൈപ്പിടിയിലാക്കാൻ ഇൻഡിക്ക എന്ന പേര് ടാറ്റ മോട്ടോർസിനെ സഹായിച്ചേക്കാം.
ടൊയോട്ട ക്വാളിസ്: ജാപ്പനീസ് ബ്രാൻഡിന് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്ത വാഹനമാണ് ക്വാളിസ്. എംപിവിയുടെ പിൻഗാമിയായി ഇന്നോവ എത്തിയെങ്കിലും ഇന്നും പലരുടേയും ഓർമകളിലുള്ള തട്ടുപൊളിപ്പൻ പേരാണ് ക്വാളിസ്. മൾട്ടി പർപ്പസ് വാഹനമെന്ന് നിലയിൽ 2000-ത്തിൽ ജന്മമെടുക്കുമ്പോൾ വിപണിയിൽ ടാറ്റ സുമോ പോലുള്ളവയ്‌ക്കെതിരെയാണ് ക്വാളിസ് മത്സരിച്ച് വിജയം കണ്ടത്. ഇന്നോവയ്ക്ക് വഴിയൊരുക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ക്വാളിസ് 5 വർഷംകൊണ്ട് 1.50 ലക്ഷം വിൽപ്പനയും നേടിയിരുന്നു.

ഇന്നോവ വിപണിയിൽ സുസ്ഥിരമായിരിക്കെ, ടൊയോട്ട ക്വാളിസ് മുമ്പത്തേതിനേക്കാൾ ചെറുതും താങ്ങാനാവുന്നതുമായ എംപിവിയായി വീണ്ടും അവതരിപ്പിക്കാനാകും. ഇന്നോവ സ്വന്തമാക്കാനായി 20 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വന്തമാക്കേണ്ട അവസ്ഥയാണുള്ളത്. മാരുതി എർട്ടിഗ, കിയ കാരെൻസ് തുടങ്ങിയവ ആധിപത്യം പുലർത്തുന്ന കോംപാക്‌ട് എംപിവി സെഗ്‌മെന്റിലേക്ക് ക്വാളിസ് എന്ന പേരിൽ പുതിയൊരു മോഡൽ ഇറക്കിയാൽ ഈ സെഗ്മെന്റ് ടൊയോട്ടക്ക് തൂക്കാം.
മാരുതി കിസാഷി: ഈ പേര് കേൾക്കുമ്പോൾ തന്നൊരു ഫീലാണ്. വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയ മാരുതി സുസുക്കിയുടെ ചുരുക്കം ചില കാറുകളിൽ ഒന്നാണിത്. 2011-ൽ ഹോണ്ട അക്കോർഡ്, സ്‌കോഡ ലോറ, ഫോക്‌സ്‌വാഗൺ ജെറ്റ എന്നിവയെ നേരിടാനാണ് സുസുക്കി കിസാഷിയുമായി പ്രീമിയം സെഡാൻ സെഗ്‌മെന്റിലേക്ക് രംഗപ്രേവേശം ചെയ്‌തത്. കമ്പനിയുടെ മറ്റ് വാഹനങ്ങളുടെ ഫോർമാറ്റിൽ നിന്നും വ്യത്യസ്‌തമായി കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായാണ് (CBU) കിസാഷി രാജ്യത്തെത്തിയത്.

പക്ഷേ സെഡാനുകൾക്ക് ഇനിയൊരു ബാല്യം ഇല്ലാത്തതുകൊണ്ട് കിസാഷി എന്നപേര് മാരുതിക്ക് ഒരു സെഡാനിൽ ഉപയോഗിക്കാനാവില്ല. മാത്രമല്ല, എസ്‌യുവി മോഡലുകൾക്ക് പ്രാധാന്യം നൽകുന്ന ബ്രാൻഡിന്റെ പദ്ധതികളിൽ എപ്പോഴെങ്കിലും ഒരു പ്രീമിയം വാഹനം ഉടലെടുത്താൽ കിസാഷി എന്ന പേരിൽ ഉപയോഗപ്പെടുത്താനാവും. അടുത്തതായി എത്തുന്ന ഇന്നോവയുടെ റീബാഡ്‌ജ് മോഡലിന് എൻഗേജ് എന്ന പേരാണ് കണ്ടുവെച്ചിരിക്കുന്നതെങ്കിലും കിസാഷി എന്ന പേരും ബ്രാൻഡിന് വേണമെങ്കിൽ ഉപയോഗിക്കാം.
നിസാൻ ടെറാനോ: ഇന്ത്യൻ വിപണിയിൽ കൂടുതൽ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച നിസാന് പുതിയ മിഡ്-സൈസ് എസ്‌യുവി മോഡൽ പുറത്തിറക്കാൻ പദ്ധതിയുണ്ടെങ്കിൽ തീർച്ചായായും ടെറാനോ എന്നപേര് വീണ്ടും പുനരവതരിപ്പിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ളവയ്ക്ക് എതിരാളിയാവാൻ ടെറാനോ എന്നപേരിന് ഇനിയും സാധിക്കും.

മഹീന്ദ്ര അർമഡ: ബൊലേറായ്ക്കും സ്കോർപിയോയ്ക്കും മുമ്പേ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഐഡിന്റിറ്റിയായിരുന്നു അർമഡ. 2001 മുതൽ പുറത്തിറങ്ങിയ ഇതൊരു 10 സീറ്റർ വാഹനമായിരുന്നു എന്നതാണ് ഹൈലൈറ്റ്. അധികം വൈകാതെ ഥാറിന്റെ 5-ഡോർ പതിപ്പ് പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന മഹീന്ദ്രയ്ക്ക് ഥാറിന് പകരം അർമഡ എന്ന് മോഡലിന് പേര് നൽകാനാവും. ത്രീ-ഡോർ ഓഫ്-റോഡിംഗ് എസ്‌യുവിയിൽ നിന്ന് വ്യത്യസ്തമാക്കാനും ഇക്കാര്യം സഹായകരമാവും.
ടാറ്റ നാനോ: മൈക്രോ ഇലക്‌ട്രിക് കാറുകൾക്ക് ഇനിയും സാധ്യതയുണ്ടെന്ന് തെളിയിച്ചുകൊണ്ട് എംജി കോമെറ്റ് ഇവി വിപണിയിലേക്ക് എത്തിയതിന് ബദലായി ടാറ്റയ്ക്ക് ഒരു ചെറിയ കാറിനെ പുറത്തിറക്കാനാവും. അതിന് നാനോ എന്ന പേര് കൂടി നൽകിയാൽ സംഭവം കളറാവും. രാജ്യത്തെ എല്ലാ സാധാരണക്കാരുടെയും കാർ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി രത്തൻ ടാറ്റ ജന്മം നൽകിയ ഇത്തിരി കുഞ്ഞനാണ് നാനോ. എന്നാൽ മാരുതി 800 പോലുള്ള എതിരാളികൾക്ക് മുന്നിൽ അക്കാലത്ത് പിടിച്ചുനിൽക്കാൻ കാറിനായില്ല.

നാനോയുടെ ഭൂതകാലം എന്തുതന്നെയായാലും ഒരു തിരിച്ചുവരവ് നടത്താനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുൾപ്പടെയുള്ളവർ പറയുന്ന കാര്യമാണ്. എന്നാൽ ഒരു ഇലക്‌ട്രിക് വേഷത്തിൽ കുട്ടികാർ എത്തണമെന്ന് മാത്രം. കാർ നിർമ്മാതാക്കളുടെ ഗ്രീനർ ലൈനപ്പിൽ ഇത് ടിയാഗോ ഇവിക്ക് താഴെയായി സ്ഥാപിക്കാം. അടുത്തിടെ പുറത്തിറക്കിയ എംജി കോമറ്റ് ഇവിക്ക് നാനോ ഇവി കൂടുതൽ നേരിട്ടുള്ള എതിരാളിയാവുമ്പോൾ കൂടുതൽ ശ്രദ്ധനേടാനുമാവും.


Click it and Unblock the Notifications








