പ്രമുഖരെല്ലാം വാങ്ങുന്നുണ്ടല്ലോ, ഇത് സ്വന്തം വീട്ടിലെ കുഞ്ഞ്! മഹീന്ദ്രയുടെ ഇവി വാങ്ങിയ ആളെ മനസിലായോ ഗയ്‌സ്
വാഹന ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം മഹീന്ദ്രയുടെ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളാണ് (Mahindra Electric SUVs). രാജ്യത്തെ പ്രമുഖരെല്ലാം BE 6, XEV 9e ഇവികൾ സ്വന്തമാക്കാമായി മത്സരിക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. സിനിമ താരങ്ങൾ, സീരിയൽ താരങ്ങൾ, വ്യവസായി പ്രമുഖൻമാർ എന്നിവരെല്ലാം മഹീന്ദ്രയുടെ വണ്ടി വാങ്ങുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു പ്രമുഖന്റെ പേരും എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡിൻ്റെ പ്രസിഡൻ്റും അംഗവുമായ വിനോദ് സഹായ് (Vinod Sahay) ആണ് XEV 9E സ്വന്തമാക്കിയിരിക്കുന്നത്.
വിനോദ് സഹായ് തന്റെ ഭാര്യയ്‌ക്കൊപ്പം എത്തി മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞിട്ടുണ്ട്. മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റായ വിനോദ് സഹായി XEV 9E ഇവിയുടെ സ്പോർട്ടിയറായ സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യാത്രകൾക്കായി പുതിയ കൂട്ടെത്തിയ വിവരം എക്‌സിലൂടെയാണ് വിനോദ് അറിയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തെ കാര്യമായിട്ട് അറിയാത്തവർക്കായി പറയാം, ഡിഫൻസ് ആൻഡ് ഹോംലാൻഡ് സെക്യൂരിറ്റി സംബന്ധിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ കൂടിയാണ് വിനോദ് സഹായ്. 2015-ൽ മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡിൻ്റെ സിഒഒ ആയിട്ടാണ് ഇദ്ദേഹം കമ്പനിയിലെത്തുന്നത്. തൻ്റെ ആദ്യ ഇലക്ട്രിക് കാറാണ് XEV 9E എന്ന് സഹായ് തൻ്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇൻസ്‌പേസിൻ്റെ ചെയർമാൻ പവൻ ഗോയങ്ക, പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, അശോക് ലെയ്‌ലാൻഡിന്റെ സ്വിച്ച് മൊബിലിറ്റി സിഇഒയായ മഹേഷ് ബാബു സൂപ്പർസ്റ്റാർ അജയ് ദേവ്ഗണിൻ്റെ അനന്തരവൻ ഡാനിഷ് ദേവ്ഗൺ തുടങ്ങിയവരും മഹീന്ദ്ര XEV 9E സ്വന്തമാക്കിയ പ്രമുഖരാണ്. 21.9 ലക്ഷം മുതലാണ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന പ്രാരംഭ വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 30.50 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.

നിലവിൽ വാഹനത്തിന്റെ ടോപ്പ് വേരിയന്റുകളുടെ ഡെലിവറി മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളുമായാണ് മഹീന്ദ്ര XEV 9E വിപണിയിലെത്തിയിരിക്കുന്നത്. ലോവർ ട്രിമ്മുകൾക്ക് 59 kWh ബാറ്ററിയും ടോപ്പ് മോഡലുകൾക്ക് 79 kWh ബാറ്ററിയുമാണ് ലഭിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 59 kWh പതിപ്പുകൾ 228 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നതാണ്. ഇലക്‌ട്രിക് കൂപ്പെ എസ്‌യുവിയുടെ വലിയ 79 kWh വേരിയന്റുകൾ 282 bhp പവറിൽ 380 Nm ടോർക്ക് നിർമിക്കുന്നതിനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇത് 656 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമാണെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. 10.25 ഇഞ്ച് ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ട് പോലുള്ള ഫീച്ചറുകളോടെയാണ് ഈ എസ്‌യുവി വരുന്നത്.

വിഷൻ എക്സ് ഓഗ്മെൻ്റഡ് റിയാലിറ്റി HUD, MAIA എന്നറിയപ്പെടുന്ന മഹീന്ദ്ര ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആർക്കിടെക്ചർ, ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 8295 പ്രൊസസർ, 24 GB റാം, 128 GB ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഇതിന് ലഭിക്കുന്നു. ഇന്റീരിയറിലെ മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിളിക്കുന്നതും.
കൂടാതെ പിൻസീറ്റ് യാത്രക്കാർക്ക് വിനോദം നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ മഹീന്ദ്ര രണ്ട് സ്‌ക്രീനുകളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. 7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications








