ബെൻസ് കണ്ടാൽ മുതലാളിയെ പൊക്കും, ബൊലേറോയേ ജി-വാഗൺ ആക്കിയ മലയാളി വൈറലാവുന്നു
വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും അല്ലേ. ചുരുങ്ങിയത് ഒരു അലോയ് വീൽ എങ്കിലുമിട്ട് തങ്ങളുടെ കാറുകൾ അലങ്കരിക്കാൻ ഏറെ ഇഷ്‌ടമുള്ളവരാണ് നാം മലയാളികൾ. മോഡിഫിക്കേഷന്റെ കാര്യത്തിൽ ഇന്ത്യയിലെ ടോക്കിയോ എന്നാണ് കേരളത്തെ പലരും വിളിക്കാറുള്ളത് തന്നെ. ഒരിടയ്ക്ക് വലിയ ടയറുകൾ, എയർഹോൺ, സ്റ്റിക്കർ വർക്ക് എന്നിങ്ങനെയെല്ലാം ചെയ്‌ത ഒരുപാട് തരം മോഡലുകൾ നമ്മുടെ നിരത്തുകളിൽ ചീറിപാഞ്ഞിരുന്നു.
പക്ഷേ എംവിഡി കളത്തിൽ സജീവമായി ഇറങ്ങിയതോടെ മോഡിഫിക്കേഷന്റെ കാര്യത്തിൽ ഒരുതീരുമാനമായി. സൗന്ദര്യം കൂട്ടാനെന്ന പേരിൽ അവശ്യ വാഹന ഭാഗങ്ങൾ ഒഴിവാക്കുകയും റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകളൊന്നും നമ്മുടെ കേരളത്തിൽ വിലപ്പോവില്ല. അമിതമായാൽ അമൃതും വിഷമാണല്ലോ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും നിയമങ്ങൾ പാലിച്ചുള്ള ധാരാളം മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ നാം മലയാളികൾ നടത്താറുണ്ട്.

ശരിക്കും വണ്ടിക്കമ്പനികളെ വരെ ഞെട്ടിക്കുന്ന തരത്തിലുള്ള പല രൂപമാറ്റങ്ങളും നമ്മുടെ കൊച്ചുസംസ്ഥാനത്ത് നടക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയും വണ്ടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിൽ നിന്നുള്ള ഐതിഹാസിക എസ്‌യുവിയായ ജി-വാഗൺ ശൈലിയിലേക്ക് നമ്മുടെ സ്വന്തം മഹീന്ദ്ര ബൊലേറോ മാറിയതാണ് സംഭവം.
ലോകമെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികളും കായിക താരങ്ങളും കോടിക്കണക്കിന് രൂപയുടെ ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ സാധാരണക്കാർക്ക് ഈ വണ്ടിവാങ്ങുക എന്നത് ഇപ്പോഴും വിദൂര സ്വപ്നങ്ങളിൽ ഒന്നായിരിക്കും. തന്റെ പക്കലുള്ള ബൊലേറോയെ വൃത്തിയോടെയാണ് കേരളത്തിൽ നിന്നുള്ള ചെറുപ്പക്കാരൻ ബെൻസാക്കി മാറ്റിയിരിക്കുന്നത്. ഓട്ടോ ജേർണൽ ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഈ ബൊലേറോയുടെ ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വൈറലായത്.
ബ്രാബസ് കിറ്റുള്ള മെർസിഡീസ് ജി-വാഗണെ അനുസ്‌മരിക്കുന്ന വിധമാണ് മഹീന്ദ്ര എംയുവി പണിതെടുത്തിരിക്കുന്നത്. അതും ആരും കണ്ടാൽ അയ്യേ... എന്നുപറയാത്ത രീതിയിലാണ് ഈ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നതും. വണ്ടി അത്ര പെർഫക്‌ട് ആയിട്ടല്ല പണിതിറക്കിയിരിക്കുന്നതെങ്കിലും മൊത്തത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള എല്ലാ ഗിമ്മിക്കുകളും ഈ ബൊലേറോയുലുണ്ട്.
തുരുമ്പിച്ച പഴയ 2009 മഹീന്ദ്ര ബൊലേറോയാണ് തിളങ്ങുന്ന പുതിയ 2023 മോഡൽ ജി-വാഗണാക്കി മാറ്റിയിരിക്കുന്നത്. ബൊലേറോയിൽ നിന്ന് ജി-വാഗണിലേക്കുള്ള പരിവർത്തനത്തിന് നാം പലതവണ സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഇതാദ്യമായാണ് കാണുന്നത്. ഐക്കണിക് ജർമൻ എസ്‌യുവിയായി മാറാൻ ബൊലേറോയിൽ കസ്റ്റമൈസ് ബോഡി കിറ്റാണ് കേരളത്തിൽ നിന്നുള്ള ഉടമ ഉപയോഗിച്ചിരിക്കുന്നത്.

ബൊലേറോയുടെ മുൻഭാഗം പൂർണമായും അഴിച്ചുപണിതിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിൽ മെർസിഡീസ് ബെൻസ് ലോഗോയാണ് ആദ്യം ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീട് ബ്രാബസ് ലോഗോ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. ഫ്രണ്ട് ഗ്രിൽ, ബമ്പർ, ഹെഡ്‌ലാമ്പുകൾ, ഫെൻഡറുകൾ, ബോണറ്റ് എന്നിവയെല്ലാം ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളാണ്. ബമ്പറിന്റെ താഴത്തെ ഭാഗത്ത് മെഷ് പാറ്റേണുള്ള ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ജി-വാഗണിൽ ഉള്ളതു പോലുള്ള ഫെൻഡർ മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകളാണ് മറ്റൊരു ആകർഷണം.
പക്ഷേ വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഇതൊരു പക്കാ ബൊലേറോ തന്നെയാണെന്ന് മനസിലാക്കിയെടുക്കാം. റൂഫ്, വിൻഡ്‌സ്‌ക്രീൻ, മിററുകൾ എന്നിവയെല്ലാം മഹീന്ദ്രയുടെ അതേ പാർട്‌സുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ് നിറം ഉപയോഗിച്ചിരിക്കുന്നതിനാൽ തന്നെ സ്പോർട്ടി ഫീലാണ് വണ്ടിക്കുള്ളത്. സ്റ്റോക്ക് പതിപ്പിൽ നിന്ന് വ്യത്യസ്തമായ അലോയ് വീലുകളാണ് ഉടമ ഇവിടെ ഉപയോഗിച്ചിരിക്കുന്നതും.

ടയർ അപ്-സൈസ് ചെയ്‌തിരിക്കുന്നതിനാൽ ീവൽ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. സൈഡിലേതു പോലെ തന്നെ പിൻവശത്തും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ബൊലേറോ കട്ടിൽ തന്നെയാണ് വാഹനം പണിതീർത്തിരിക്കുന്നത്. റിയർ വിൻഡോ, ടെയിൽഗേറ്റ്, സ്പെയർ വീൽ എന്നിവയെല്ലാം ബൊലേറോയുടേത് പോലെ തന്നെ തുടരുന്നുവെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. എങ്കിലും കസ്റ്റമൈസ് ചെയ്‌ത ബമ്പറും റൂഫ് മൗണ്ടഡ് സ്‌പോയിലറും സ്ഥാപിച്ച് അഴകാക്കാൻ ഉടമ ശ്രമിച്ചിട്ടുണ്ട്.
ഉടമ ഏതെങ്കിലും രീതിയിൽ ഇന്റീരിയറിൽ മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ടോയെന്ന് എന്ന്. ബൊലേറോയെ ജി-വാഗൺ ആക്കിയ മോഡിഫിക്കേഷൻ മുന്നിൽ നിന്ന് നോക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും സൈഡ്, റിയർ എന്നിവയൊന്നും അത്ര മികച്ച ഫിറ്റും ഫിനിഷുമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, ഇത്തരത്തിലുള്ള രൂപമാറ്റങ്ങൾ നിയമപരവുമല്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.


Click it and Unblock the Notifications








