ഗുരുവായൂരപ്പന് മാത്രമല്ല, ഈ അമ്പലത്തിലേക്കും എസ്‌യുവി കാണിക്കയായി സമർപ്പിച്ച് മഹീന്ദ്ര
ഇന്ത്യൻ വാഹന നിർമാതാക്കളായതിനാൽ തന്നെ മഹീന്ദ്രയ്ക്ക് നമ്മുടെ നാട്ടിൽ പ്രത്യേക ഇമേജാണുള്ളത്. ടാറ്റ കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് ഏറെയിഷ്‌ടമുള്ള പ്രാദേശിക വാഹന നിർമാതാക്കളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെ. ബൊലേറോ, സ്കോർപിയോ എന്നീ ഐക്കോണിക് മോഡലുകളിലൂടെ ജനഹൃദയങ്ങളിലേക്ക് കുടിയേറിയവരാണ് മഹീന്ദ്രയെങ്കിലും 2020 മുതൽ കമ്പനിയുടെ റേഞ്ച് ഒന്നു വേറെ തന്നെയായി.
പുതുതലമുറ ഥാറിലൂടെ തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ച ബ്രാൻഡ് ഇന്ന് സേഫ്റ്റിയും ഫീച്ചറും കോർത്തിണക്കിയാണ് ആളെപ്പിടിക്കുന്നത്. ഇതിനുശേഷം പുറത്തിറക്കുന്ന എല്ലാ എസ്‌യുവികളും വൻഹിറ്റാണ്. XU700, സ്കോർപിയോ N പോലുള്ള മോഡലുകൾ സ്പോർട് യൂട്ടിലിറ്റി വാഹന ശ്രേണി കീഴടക്കി മുന്നേറുകയാണ്. ഈ സന്തോഷം പങ്കുവെക്കുന്നതിനും വഴിപാടായും അമ്പലങ്ങളിൽ തങ്ങളുടെ എസ്‌യുവികളിൽ ഒന്ന് കാണിക്കയായി സമർപ്പിക്കുകയാണ് മഹീന്ദ്ര.

ഇന്ത്യയിൽ ആദരണീയമായ കമ്പനികളും വ്യക്തികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നതിനാൽ ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ നൽകുന്ന പുരാതന പാരമ്പര്യം തന്നെയാണ് മഹീന്ദ്രയും പിന്തുടരുന്നത്. ഗുരുവായൂരപ്പന് ഥാർ, XUV700 എസ്‌യുവികൾ കാണിക്കയായി സമർപ്പിച്ച മഹീന്ദ്ര ഇപ്പോഴിതാ മറ്റൊരു അമ്പലത്തിലേക്കും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ വഴിപാടായി സമർപ്പിച്ചിരിക്കുകയാണ്.
ഷിർദി സായി ബാബ ക്ഷേത്രത്തിനാണ് പുതിയ XUV700 എസ്‌യുവി വഴിപാടായി മഹീന്ദ്ര ട്രസ്റ്റ് നൽകിയിരിക്കുന്നത്. മോഡലിന്റെ AX7L വേരിയന്റാണ് ഷിർദിയിലെ സായി ബാബ സൻസ്ഥാന്റെ ദൈവിക വാസസ്ഥലത്തേക്ക് എത്തുന്നത്. സൻസ്ഥാൻ സംഘടിപ്പിച്ച ചടങ്ങിലാണ് എസ്‌യുവിയുടെ താക്കോൽ കൈമാറ്റം നടന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്രയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗവുമായ വീജയ് നക്രയാണ് കാർ കൈമാറിയിരിക്കുന്നത്.

ഷിർദിയിലെ സായിബാബ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ഘോഷയാത്രയ്ക്ക് ശേഷം മഹീന്ദ്ര എക്‌സിക്യൂട്ടീവ് ശ്രീ സായിബാബ സൻസ്ഥാന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആകാശ് കിസ്‌വെയ്ക്ക് താക്കോൽ കൈമാറി. രാജ്യത്ത് പുതിയ മോഡൽ അവതരിപ്പിക്കുമ്പോഴെല്ലാം ആദ്യ മോഡലുകളിലൊന്ന് ശ്രീ സായിബാബ സൻസ്ഥാനിലേക്ക് എത്തിക്കുകയും സംഭാവന നൽകുകയും ചെയ്യുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുമുണ്ട്.
ഈ XUV700 എസ്‌യുവിക്ക് മുമ്പ് ബൊലേറോ, സ്കോർപിയോ, സൈലോ, ലോഗൻ, മാക്സിമോ, യുവരാജ് ട്രാക്ടർ, XUV500, XUV300, മറാസോ, ഥാർ തുടങ്ങി നാല് മോഡലുകൾ ഉൾപ്പെടെ 14 ഓളം വാഹനങ്ങൾ കമ്പനി ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളതും വിറ്റഴിക്കപ്പെടുന്നതുമായ എസ്‌യുവികളിൽ ഒന്നാണ് XUV700. മുമ്പുണ്ടായിരുന്ന XUV500 മോഡലിന്റെ പിൻഗാമിയായാണ് XUV700 പിറവിയെടുക്കുന്നത്.

മോണോകോക്ക് ഷാസിയിൽ നിർമിച്ച വാഹനം ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകളിലും സ്വന്തമാക്കാം. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് ഹൃദയങ്ങളാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിലുള്ളത്. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ചുരുക്കം മോഡലുകളിൽ ഒന്നുകൂടിയാണ് XUV700.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ ഫീച്ചറുകളോടെയാണ് ADAS-ൽ ലഭ്യമാവുന്നത്. XUV700 AX7 ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 28.50 ലക്ഷം രൂപയോളമാണ് കേരളത്തിൽ ഓൺ-റോഡ് വിലയായി വരുന്നത്.
മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയതിനു പിന്നാലെയാണ് വാഹനം ഗുരുവായൂർ അമ്പലത്തിന് കാണിക്കകായി സമർപ്പിച്ചത്. ഷിർദി സായി ബാബ ക്ഷേത്രത്തിനും ഇതിന്റെ ഭാഗമായാണോ നൽകിയിരിക്കുന്നതെന്നും വ്യക്തമല്ല. ഥാർ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പിന് ശേഷം ഗുരുവായൂർ അമ്പലത്തിന് നൽകിയ രണ്ടാമത്തെ കാറാണ് XUV700.


Click it and Unblock the Notifications








