ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് XUV700; 29 ലക്ഷത്തിന്റെ എസ്‌യുവി കാണിക്ക സമർപ്പിച്ച് മഹീന്ദ്ര
അമ്പലത്തിൽ കാണിക്ക സമർപ്പണം ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. വിശ്വാസത്തിന്റെ പല തലങ്ങളണിവയെങ്കിലും അടുത്തിടെയായി കണ്ടുവരുന്നൊരു കാഴ്ച്ചയാണ് വാഹനങ്ങൾ കാണിക്കയായി സമർപ്പിക്കുന്ന ട്രെൻഡ്. ഗുരുവായൂരപ്പന് മഹീന്ദ്ര ഥാർ കാണിക്കയായി നൽകിയതും അത് ലേലം ചെയ്‌തതുമെല്ലാം വലിയ വാർത്തകളായിരുന്നു. അതുപോലെ ഇപ്പോഴിതാ ഗുരുവായൂരപ്പനെ തേടി പുതിയൊരു മഹീന്ദ്ര എസ്‌യുവി കൂടിയെത്തിയിരിക്കുകയാണിപ്പോൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ XUV700 എസ്‌യുവിയാണ് ഗുരുവായൂരപ്പന് കാണിക്കയായി വീണ്ടും എത്തിയിരിക്കുന്നത്. ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ XUV700 AX7 ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റാണ് ക്ഷേത്രത്തില്‍ വഴിപാടായി നൽകിയിരിക്കുന്നത്. ഞായറാഴ്ച്ച ഉച്ചപൂജയക്ക് ശേഷമാണ് കിഴക്കേനടയിൽ നടന്ന ചടങ്ങിൽ വാഹനം ഗുരുവായൂരപ്പന് സമർപ്പിച്ചു. കഴിഞ്ഞ തവണ റെഡ് കളറിൽ ഒരുങ്ങിയ ഓഫ്-റോഡർ വാഹനമാണ് എത്തിയതെങ്കിൽ ഇത്തവണ സമാധാനത്തിന്റെ വെള്ള നിറത്തിലുള്ള XUV700 ആണ് എത്തിയിരിക്കുന്നത്.

XUV700 AX7 ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 28.50 ലക്ഷം രൂപയോളമാണ് കേരളത്തിൽ ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരുന്നത്. വാഹന സമര്‍പ്പണത്തില്‍ ദേവസ്വം ചെയര്‍മാന്‍ വികെ വിജയന്‍ എസ്‌യുവിയുടെ താക്കോല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍ വേലുസ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങുന്നതും ചിത്രത്തിൽ നിന്നും കാണാം.
ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ഇത്തരത്തിൽ ഗുരുവായൂരപ്പന് കാണിക്കയായി വാഹനം സമർപ്പിക്കുന്നത്. രണ്ടാം തലമുറയിലുള്ള ഥാർ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് കമ്പനി നേരത്തെ ക്ഷേത്രത്തിനായി സമർപ്പിച്ചത്. അത് ലേലത്തിൽ വിറ്റ് വലിയൊരു തുക അമ്പലത്തിലേക്ക് ശേഖരിക്കാനും ദേവസത്തിനായിരുന്നു.

അന്ന് അടിസ്ഥാന വിലയുടെ മൂന്ന് ഇരട്ടി നല്‍കിയാണ് ഈ വാഹനം ലേലത്തില്‍ കൊണ്ടുപോയത്. അതായത് 43 ലക്ഷം രൂപയ്ക്ക് ഈ ഥാര്‍ ലേലത്തില്‍ പോയത്. അതുപോലെ തന്നെ XUV700 എസ്‌യുവിയും ലേലത്തിൽ വെക്കുമെന്നാണ് അനുമാനം. നിലവിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയ നാഴികക്കല്ലും മഹീന്ദ്ര XUV700 പിന്നിട്ടിരുന്നു. ഇതിന്റെയെല്ലാം ഭാഗമായാവാം മോഡലിനെ കാണിക്കകായി സമർപ്പിച്ചത്.
എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി ട്യൂസോൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി തുടങ്ങിയ സമാന വിലയുള്ള മിഡ്-സൈസ് എസ്‌യുവികൾക്കൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും ഫീച്ചർ ലോഡ് ചെയ്ത മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര XUV700. മെർസിഡീസ് കാറുകളിൽ കാണുന്ന പോലെയുള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. ഇതിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുമാണ് കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ആറ് തരത്തിൽ ക്രമീകരിക്കാനാവുന്ന ഡ്രൈവർ സീറ്റ്, 12-സ്പീക്കർ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ്-ടെക് തുടങ്ങിയവയാണ് മഹീന്ദ്ര XUV700 എസ്‌യുവിയിലെ പ്രധാന ആകർഷണം. സേഫ്റ്റിയുടെ കാര്യത്തിലും വാഹനം ബഹുകേമനാണ്. ഏഴ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ESP, ISOFIX ആങ്കറുകൾ, TPMS, 360-ഡിഗ്രി ക്യാമറ, ADAS പോലുള്ള സവിശേഷതകളാണ് മോഡലിലുള്ളത്.
ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് തുടങ്ങിയവയും അതിലേറെയും സംവിധാനങ്ങളാണ് എസ്‌യുവിയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ (ADAS) മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. മഹീന്ദ്ര XUV700 ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് ഫോർ സ്റ്റാർ റേറ്റിംഗും വാഹനം ഉറപ്പാക്കിയിരുന്നു.


Click it and Unblock the Notifications








