ഇലക്‌ട്രിൽ പോസ്റ്റിന്റെ ഗുണങ്ങളേ, മോഷണം ചെറുക്കാൻ സ്കോർപിയോ ഉടമ ചെയ്‌ത ഐഡിയ കണ്ടോ?
നമ്മുടെ രാജ്യത്തെ പല മെട്രോ നഗരങ്ങളിലും കാർ മോഷണം ഒരു സാധാരണ പ്രശ്നമാണ്. ടൊയോട്ട ഫോർച്യൂണറൊക്കെ വെറും രണ്ട് മിനിറ്റിൽ മോഷ്‌ടിക്കപ്പെടുന്ന വീഡിയോയെല്ലാം അടുത്തിടെ വൈറലായിരുന്നു. കേരളത്തിന് പുറത്താണ് ഇത്തരം സംഭവങ്ങൾ കൂടുതലായും നടക്കുന്നതെങ്കിലും ഇവിടെയും വണ്ടികൾ അത്ര സേഫ് ഒന്നുമല്ലെന്നു വേണം പറയാൻ.
അതുപോലെ തന്നെ നായ്ക്കൾ കാറുകളുടെ മുകളിൽ കയറുകയും ബോഡിയിലും കവറിട്ടിട്ടുണ്ടെങ്കിൽ അതിലുമെല്ലാം കേടുപാടുകൾ വരുത്തുന്നതും കേരളത്തിന് പുറത്തെ സ്ഥിരം കാഴ്ച്ചകളാണ്. സ്ഥല പരിമിതി കാരണം വീടുകളിൽ കാർ പാർക്കിംഗ് ഒന്നുമില്ലാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന്. മോഷണത്തേയും മറ്റ് ജീവികളിൽ നിന്നും വാഹനത്തിനേൽക്കുന്ന വെല്ലുവിളികളെ നേരിടാൻ ആളുകൾ നൂതനമായ സാങ്കേതികവിദ്യകളാണ് ഇപ്പോൾ പരീക്ഷിച്ചുവരുന്നത്.

അത്തരത്തിലൊരു സംഭവമാണ് ഇൻസ്റ്റഗ്രാമിലെ ചൂടുള്ള ചർച്ചാ വിഷയം. മോഷണത്തിൽ നിന്നും മൃഗങ്ങളിൽ നിന്നും തന്റെ സ്കോർപിയോയെ രക്ഷിക്കാൻ അതിന്റെ ഉടമ കണ്ടെത്തിയ വഴിയാണ് കൗതുകമുണർത്തുന്നത്. ഇൻസ്റ്റയിൽ ക്രൈം ഗയ്‌സ് (Crime_guys__) എന്ന പേജിലാണ് സംഭവം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇനി വിഷയത്തിലേക്ക് വരാം. തന്റെ എസ്‌യുവിയെ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും തടയാനായി പ്ലാസ്റ്റിക് അടങ്ങിയ ഒരു കവർ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഉടമ ചെയ്‌തിരിക്കുന്നത്.
ഇതിൽ എന്താണ് പുതുമയെന്നല്ലേ, നായ്ക്കളോ മറ്റ് തെരുവ് മൃഗങ്ങളോ കാറിൽ കയറുന്നില്ലെന്ന് ഉറപ്പാക്കാനായി കവറിൽ പ്ലാസ്റ്റിക് സ്പൈക്കുകൾ ഘടിപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ ഇതു കാരണം മൃഗങ്ങൾക്ക് വാഹനത്തിന്റെ ബോണറ്റിലൂടെ ചാടി കയറാൻ സാധിക്കില്ല. മൃഗങ്ങൾ പലപ്പോഴും കാറുകളുടെ ബോഡി കവറുകൾ വലിച്ചുകീറുകയും കാറുകളുടെ റൂഫിൽ സ്ക്രാച്ചുകൾ ഉണ്ടാക്കുന്നതും ചിലയിടങ്ങളിൽ പതിവായൊരു സംഭവമാണ്.

ഇതിൽ നിന്നും മുക്തി നേടാൻ പ്ലാസ്റ്റിക് സ്പൈക്കുകൾ ഘടിപ്പിച്ച കവർ ഉടമയെ എന്തായാലും സഹായിക്കും. ഇനി സ്കോർപിയോ ഉടമ എസ്‌യുവിയെ മോഷണത്തിൽ നിന്നും തടയാനായി എന്താണ് ചെയ്‌തിരിക്കുന്നതെന്ന് പറഞ്ഞുതരാം. ഏറ്റവും രസകരവും എന്നാൽ പ്രായോഗികവുമായ വശമാണിത്. കാറിനെ ഒരു ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടിരിക്കുകയാണ് ഇവിടെ ചെയ്‌തിരിക്കുന്നത്. ഈ തൂണിൽ എസ്‌യുവിയുടെ പിൻഭാഗം കെട്ടാൻ ഉടമ കട്ടിയുള്ള കേബിളാണ് ഉപയോഗിച്ചിരിക്കുന്നത്.
മോഷ്ടാക്കളിൽ നിന്ന് വാഹനം സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ചില നഗരങ്ങളിലെ ചില ഭാഗങ്ങളിൽ കാർ മോഷണം ഒരു സാധാരണ പ്രതിഭാസമാണ്. എന്നാൽ ലളിതവും എന്നാൽ ഫലപ്രദവുമായ ഈ രീതി ഉപയോഗിച്ച് കള്ളൻമാരിൽ നിന്നും സുരക്ഷയുറപ്പാക്കാും ഈ ഉടമയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഇവ സങ്കീർണമോ അനുയോജ്യമായ പരിഹാരമോ ആയിരിക്കില്ലെന്ന് വാദിക്കുന്നവരും ഉണ്ടാവാം.

ഇലക്ട്രിക് പോസ്റ്റിലും മറ്റും വണ്ടികൾ ഇത്തരത്തിൽ ലോക്ക് ചെയ്യുന്നത് സുരക്ഷയെ ബാധിക്കും എന്നു പറയുന്നവരും വേറൊരു വശത്തുണ്ടാവാം. എന്നാൽ സ്ഥല പരിമിതിയുള്ളവരും റോഡിൽ തങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ നിർബന്ധിതരാവുന്നവരും തങ്ങളുടെ വിലപിടിപ്പുള്ള കാറുകളെ കുറിച്ച് ആശങ്കപ്പെടുന്നവരായാരിക്കും. ഈ ആശയം പ്രതിനിധീകരിക്കുന്നതും ഇത്തരക്കാരെയാണ്.
തങ്ങളുടെ കൈവശമുള്ള പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഒരു വലിയ പ്രശ്‌നത്തിന് ശരിയായ പരിഹാരം നേടാൻ ആളുകൾ ക്രിയാത്മകമായ സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കുന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. ഈ ടെക്നിക്കുകൾക്ക് വലിയ തുക ചെലവഴിക്കേണ്ടതില്ലെന്നതും ആർക്കും പിന്തുടരാവുന്ന ലളിതമായ തന്ത്രങ്ങളാണിവയെന്നതും പ്രത്യേകം ഓർമിപ്പിക്കട്ടെ. കാർ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് വൈറലാകുന്ന പല രീതികളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
വാഹന സുരക്ഷ വർധിപ്പിക്കുന്നതിനായി കാർ നിർമാതാക്കൾ പതിവായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുമുണ്ട്. കൂടാതെ വിപണിയിൽ നിരവധി ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളും മോഷണം തടയാൻ ലഭ്യമാണ്. പക്ഷേ സാങ്കേതികവിദ്യ വികസിക്കുന്നതുപോലെ വാഹനങ്ങൾ മോഷ്ടിക്കാൻ പുതിയ തന്ത്രങ്ങളും ആവിഷ്ക്കരിച്ച് കള്ളന്മാരും ട്രെൻഡിനൊപ്പമാണ് യാത്ര ചെയ്യുന്നത്. അതിനാൽ ഇവരെ പ്രതിരോധിക്കാൻ ഈ സ്കോർപിയോ ഉടമ സ്വീകരിച്ച മാർഗം കാശ് ചെലവില്ലാതെ നമുക്കും പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്.
ഇത്തരം കാർ മോഷണങ്ങളെ മറികടക്കാനുള്ള ചില പൊടികൈകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്‌തു വെക്കാം. എങ്ങനെയെന്നല്ലേ, നിങ്ങളുടെ വാഹനം സംരക്ഷിക്കുന്നതിനായി വീൽ ലോക്കുകൾ, ഗിയർ, സ്റ്റിയറിംഗ് ലോക്കുകൾ തുടങ്ങിയ പരമ്പരാഗത ആക്സസറികൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവും.കേരളത്തിലുള്ള നമുക്ക് ഇത്തരം കാര്യങ്ങൾ പെട്ടന്ന് കണക്റ്റായില്ലെങ്കിലും ബെംഗളുരൂവിലെങ്കിലും സഞ്ചരിച്ചിട്ടോ താമസിക്കുന്നതോ ആയ മലയാളികൾക്ക് സംഭവം വേഗത്തിൽ കത്തും.


Click it and Unblock the Notifications








