സർവീസിനുകൊടുത്ത പുത്തൻ സ്കോർപിയോയുമായി കറക്കം, കൈയോടെ പൊക്കി ഉടമ
ഒരു കാർ വാങ്ങുക എന്നത് പലരുടേയും സ്വപ്‌നങ്ങളിൽ ഒന്നാണ്. ജോലിയൊക്കെ കിട്ടിക്കഴിഞ്ഞാൽ കാര്യമായ പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത യുവാക്കളെല്ലാം ആദ്യം ചെയ്യുന്ന കാര്യം സ്വന്തമായൊരു വാഹനം വാങ്ങുക എന്നതായിരിക്കും. അപ്പോഴേക്കും ടൂവീലർ ഭ്രാന്ത് എല്ലാംമാറി പതിയെ കാറുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന സമയംകൂടിയാണല്ലോ. പക്ഷേ കാറിലേക്ക് കടക്കുമ്പോൾ അനേകം കാര്യങ്ങൾ അന്വേഷിച്ചായിരിക്കും നാം മോഡൽ തെരഞ്ഞെടുക്കുക.
ഏതൊരു വാഹന ബ്രാൻഡിന്റെയും വിൽപ്പനയെ നിർണയിക്കുന്ന പ്രധാന ഘടകമാണ് വിൽപ്പനാനന്തര സേവനങ്ങൾ. സർവീസ് കോസ്റ്റും മെയിന്റനെൻസും മാത്രമല്ല. കാർ എടുത്തതിന് ശേഷവും ഉപഭോക്താവിന് നൽകുക എന്നതിൽ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ബ്രാൻഡുകളും പരാജയമാണെന്ന് ഇതിനോകം പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ. മഹീന്ദ്രയുടെ പുത്തൻ സ്കോർപിയോ N എസ്‌യുവി സർവീസ് സെന്റർ ജീവനക്കാർ റൈഡിന് കൊണ്ടുപോയതാണ് സംഭവം.

പക്ഷേ വണ്ടി മുതലാളി ഈ ഉടായിപ്പ് കൈയോടെ പൊക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തു. അശ്വിൻ സിംഗ് തകിയാർ എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇനി വിഷയത്തിലേക്ക് കടക്കാം. തന്റെ പുതിയ മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവിയുടെ എഞ്ചിൻ വയറിംഗ് ഹാർനെസ് കത്തിനശിച്ചതിനെ തുടർന്ന് പ്രശ്‌ന പരിഹാരത്തിനായി ഡൽഹിയിലെ ഏറ്റവും അടുത്തുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ വണ്ടി എത്തിച്ചു.
തകരാർ പരിഹരിക്കുന്നതിനായി രണ്ട് ദിവസത്തേക്ക് ഡീലർഷിപ്പിൽ സൂക്ഷിച്ച വണ്ടിയെടുത്ത് സർവീസ് സെന്ററിലെ വിരുതൻമാർ കറങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. സർവീസിന് കൊടുത്ത സ്കോർപിയോ N നിരത്തിലൂടെ പായുന്നത് കണ്ട് വ്ലോഗറിന്റെ പിതാവ് അദ്ദേഹത്തെ ഫോണിൽ വിളിക്കുകയായിരുന്നു. വണ്ടിയോടിക്കുന്നത് ആരെന്ന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വണ്ടി സർവീസി സെന്ററിലാണെന്നും ഇതുവരെ കിട്ടിയില്ലെന്നും അറിഞ്ഞതോടെ വ്ലോഗറിന് കാര്യം മനസിലായി.

കണക്‌റ്റഡ് ഫീച്ചറുകളോടെ മഹീന്ദ്ര സ്കോർപിയോ N ഒരുക്കിയിരിക്കുന്നതിനാൽ എസ്‌യുവി എവിടെയെന്ന് കണ്ടെത്താൻ ഉടമയ്ക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. വ്ലോഗർ വാഹനത്തിന്റെ ലൊക്കേഷനും ലാസ്റ്റ് ട്രിപ്പ് ഹിസ്റ്ററിയും പരിശോധിച്ചപ്പോൾ സർവീസ് സെന്ററിൽ നിന്ന് ആരോ എസ്‌യുവി ഒരു ജോയ്‌റൈഡിനായി പുറത്തെടുത്തതായി കണ്ടെത്തി. ഏകദേശം 1 മണിക്കൂർ കൊണ്ട് 28 കിലോമീറ്ററാണ് സർവീസ് സെന്ററിൽ നിന്നും സ്കോർപിയോ ഓടിച്ചുകൊണ്ടുപോയത്.
ഉടമയുടെ ഫോണിലെ Adrenox ആപ്ലിക്കേഷൻ ട്രാവൽ ഹിസ്റ്ററിയും കാർ എടുത്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പും വ്യക്തമായി കാണിക്കുന്നുണ്ടെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. ഉടമ സർവീസ് സെന്ററിലെത്തി ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഡീലർഷിപ്പോ സർവീസ് സെന്ററോ തങ്ങളുടെ ജീവനക്കാർ കാർ ഡ്രൈവ് ചെയ്യാനായി പുറത്തെടുത്തതായി സമ്മതിക്കുകയും ചെയ്‌തു. എന്നാൽ സംഭവത്തിൽ മാപ്പ് ചോദിക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ തയാറായില്ലെന്നതാണ് രസകരമായ കാര്യം.
മഹീന്ദ്ര സർവീസ് സെന്റർ യഥാർഥത്തിൽ ജീവനക്കാരുടെ പക്ഷംപിടിക്കുകയായിരുന്നുവെന്നും സ്കോർപിയോ N എസ്‌യുവിയുടെ ഉടമ പരാമർശിക്കുന്നു. പണത്തിന് മികച്ച മൂല്യം നൽകുന്ന ഇന്ത്യൻ ബ്രാൻഡുകളിലേക്ക് പോകണമെന്ന് കരുതിയതിനാലാണ് താൻ ശരിക്കും സ്കോർപിയോ വാങ്ങിയതെന്ന് വീഡിയോയിൽ വ്ലോഗർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരം അനുഭവങ്ങൾ ശരിക്കും വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവീസ് സെന്ററിൽ നിന്ന് മോശം അനുഭവം ഉണ്ടായതിനാൽ ഇനിയൊരു മഹീന്ദ്ര വാഹനം വാങ്ങില്ലെന്നും ഉടമ പറഞ്ഞു. സർവീസ് സെന്ററിലെ സേവനങ്ങളെക്കുറിച്ചു തൃപ്തിക്കുറവുണ്ടെങ്കിൽ പരാതിപ്പെടേണ്ടത് ആരോടാണെന്ന് അവിടെ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ടാവും. സർവീസിനു കൊടുക്കുമ്പോൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിപ്പെടാൻ യാതൊരുവിധത്തിലും മടികാണിക്കുകയുമരുത്.
സ്കോർപിയോ N എസ്‌യുവിയുടെ ഡെലിവറി, ബുക്കിംഗ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്പനിയുടെ ഭാഗത്ത് നിന്നു വന്ന പിഴവല്ലെങ്കിലും ഡീലർമാർ ഇത്തരത്തിൽ പെരുമാറുന്നത് തികച്ചും ഉപഭോക്താക്കളെ ബാധിക്കുനന് കാര്യമാണ്. ആയതിനാൽ കമ്പനിയിൽ നിന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








