14.58 ലക്ഷത്തിന്റെ കാറിന് 48 ശതമാനം നികുതി, രാജ്യത്തെ നികുതി സമ്പ്രദായത്തെ ചോദ്യം ചെയ്‌ത കുറിപ്പ് വൈറലാവുന്നു
ഇന്ത്യയിലെ മിഡിൽ ക്ലാസുകാരും സാധാരണക്കാരുമെല്ലാം നേരിടുന്ന വലിയ പ്രശ്‌നമാണ് നികുതി ഭാരം. എന്ത് ഉൽപ്പന്നം വാങ്ങിയാലും അതിന്റെ തുകയുടെ ഒരു ഭാഗം നികുതി കൊടുത്ത് വേണം വാങ്ങാൻ. ഇന്ത്യയിൽ, നമ്മൾ മിക്കവാറും എല്ലാത്തിനും നികുതി അടയ്ക്കുന്നുണ്ട്. വീട്ടിൽ വരുന്ന കറണ്ട് ബില്ലിനായാലും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്കായാലും ടാക്‌സ് അടച്ചേ പറ്റൂ. പ്രത്യേകിച്ച് പുതിയൊരു വാഹനം വാങ്ങുമ്പോൾ പലർക്കും തലവേദനയാവുന്ന കാര്യമാണ് റോഡ് ടാക്‌സ് (Road Tax). കേന്ദ്ര സർക്കാരിലേക്കും സംസ്ഥാന സർക്കാരിലേക്കുമെല്ലാം നിതുതിയടച്ചാൽ മാത്രമേ വണ്ടി നിരത്തിലിറക്കാനാവൂ.
അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ ഒരു പോസ്റ്റാണ് ഇപ്പോൾ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്നത്. താൻ അടുത്തിടെ വാങ്ങിയ ഒരു കാറിന്റെ നികുതിയെക്കുറിച്ച് നിരാശ പ്രകടിപ്പിക്കുന്ന ഉപഭോക്താവിന്റെ പോസ്റ്റ് വൈറലായിട്ടുമുണ്ട്. ഈ പോസ്റ്റിന് ശേഷം മുൻ സാമ്പത്തിക വിദഗ്ദ്ധൻ സുർജിത് ഭല്ല നടത്തിയ പഴയൊരു അഭിപ്രായവും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദമായി ഒന്ന് നോക്കിയാലോ...?

വെങ്കിടേഷ് അല്ലാ എന്ന വ്യക്തിയാണ് തന്റെ കാറിന് 48 ശതമാനം നികുതി ചുമത്തിയതിൽ നിരാശ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. കാർ വാങ്ങിയതിന്റെ ഇൻവോയ്‌സും കുറിപ്പിനൊപ്പം വെങ്കിടേഷ് പങ്കുവെച്ചിട്ടുണ്ട്. 31.2 ശതമാനം ഇൻകം ടാക്‌സ് അടച്ചതിനു ശേഷവും കാർ വാങ്ങുമ്പോൾ 48 ശതമാനം നികുതി. ഈ പകൽ കൊള്ളയ്ക്ക് ഒരു പരിധിയില്ലേ? സർക്കാരിന്റെ കഴിവുകേടും കാര്യക്ഷമതയില്ലായ്മയും ഇന്ത്യയെ പിന്നോട്ട് വലിക്കുകയാണെന്നാണ് വെങ്കിടേഷിന്റെ കുറിപ്പിന്റെ പൂർണരൂപം.
ഈ പോസ്റ്റിൽ കാർ വാങ്ങിയ രസീതിൽ 14 ശതമാനം SGST, 14 ശതമാനം CGST, 20 ശതമാനം CESS എന്നിവ പരാമർശിക്കുന്നത് കാണാം. ഇതോടെ 14.58 ലക്ഷം രൂപ മാത്രം വിലയുള്ള മഹീന്ദ്ര XUV700 എസ്‌യുവിയുടെ ആകെ നികുതി 48 ശതമാനമായി. ഈ 48 ശതമാനം നികുതി ചുമത്തുന്നതോടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വില 21.59 ലക്ഷമായി ഉയരും. ഇതിനാൽ പുതിയൊരു വാഹനം വാങ്ങുകയെന്നത് വിദേശ രാജ്യങ്ങളേക്കാൾ ചടങ്ങാണ് ഇന്ത്യയിൽ.

ഈ പോസ്റ്റ് വൈറലായതോടെ മുൻ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സുർജിത് ഭല്ല ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവന വീണ്ടും ഓൺലൈനിൽ പ്രചരിക്കുകയുണ്ടായി. ഐഎംഎഫ്, ഒഇസിഡി, ലോക ബാങ്ക് എന്നിവ പുറത്തുവിട്ട ഡാറ്റയിൽ ഇന്ത്യ മറ്റൊരിടത്തും കാണാത്ത വിധത്തിൽ പൗരന്മാരുടെ മേൽ അമിത നികുതി ചുമത്തുന്നുണ്ടെന്നാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്.
ഇന്ത്യയുടെ നികുതി-ജിഡിപി അനുപാതം 19 ശതമാനമാണെന്നും ഇത് 14.5 അനുപാത നിരക്കുള്ള ചൈന, വിയറ്റ്നാം തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. നമ്മളേക്കാൾ പത്തിരട്ടി സമ്പന്നമായ കൊറിയയെയും യുഎസിനെയും പോലെയാണ് ഇന്ത്യയിൽ നികുതി ചുമത്തുന്നതെന്നും ഇതിനെ കുറിച്ച് സർക്കാരുകൾ കൃത്യമായ വിശദീകരണം നൽകേണ്ടതായുണ്ടെന്നും സുർജിത് ഭല്ല അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് വാഹനങ്ങൾ ആഡംബരത്തിന്റെ ഭാഗമല്ലെന്ന് സർക്കാരുകൾ മനസിലാക്കേണ്ടതുണ്ട്. തുടർന്ന് ഉയർന്ന ശതമാനത്തിൽ ഈടാക്കുന്ന നികുതി ഭാരം ജനങ്ങളിൽ നിന്നും എടുത്തുമാറ്റുകയും ഖജനാവിൽ പണമെത്താൻ ഇതര മാർഗങ്ങൾ അന്വേഷിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണ്. വർധിച്ചുവരുന്ന നികുതികൾ കാരണം സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അടുത്ത ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








