ഇലക്ട്രിക് ഇരുചക്ര വാഹന ഇൻഷുറൻസ് നിർബന്ധമാക്കണം, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിൽ നിന്നും ഡൽഹി സർക്കാരിൽ നിന്നും പ്രതികരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് നവിൻ ചൗള എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് ഒക്ടോബർ 20 ലേക്ക് മാറ്റി. അഭിഭാഷകനായ ആർകെ മുഖേന രജത് കപൂർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ (PIL) മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ (EV) ആവശ്യം പതുക്കെ കൂടിവരികയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കുള്ള ഒരു ഹരിത ബദൽ എന്നതിലുപരി ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അവ വില കുറഞ്ഞതുമായിരിക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്.

കൂടാതെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇലക്ട്രിക് വാഹന ഇൻഷുറൻസ് എവിടെ നിന്ന് ലഭിക്കും എന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകാമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് പുറമെ അമിത ചൂടാകലും തീപിടുത്തവും ഒഴിവാക്കുന്ന വിധത്തിൽ വാഹനത്തിൽ വിശ്വസനീയവും ദീർഘകാലം നിലനിൽക്കുന്നതുമായ ബാറ്ററികൾ നിർമാതാക്കൾ ഉറപ്പാക്കാനുമാണ് ഹർജിയുടെ പ്രധാന ലക്ഷ്യങ്ങൾ. വാഹനത്തിന്റെ ശേഷി പരിഗണിക്കാതെ ഹെൽമറ്റ് ധരിക്കുന്നത് പോലുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തകാലത്തായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒഖിനാവ, ഓല ഇലക്ട്രിക് തുടങ്ങിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ നിരവധി വാഹനങ്ങൾ തിരിച്ചുവിളിക്കുകയും ചെയ്‌തിട്ടുണ്ട്.

രാജ്യത്ത് ഉടനീളം പലയിടങ്ങളിലായി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തതലത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകും വരെ പുതിയ വാഹനങ്ങളുടെ അവതരണങ്ങളൊന്നും വേണ്ടന്നെ നിർദേശം കേന്ദ്ര സർക്കാർ ഇലക്ട്രിക് രാജ്യത്തെ ഇരുചക്ര വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അവ തടയാൻ ആവശ്യമായ നടപടികളെക്കുറിച്ചും വ്യക്തത ലഭിക്കുന്നതിനായാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പോരാത്തതിന് എല്ലാ കമ്പനികളോടും ബാച്ചിലെ ഒരു യൂണിറ്റ് എങ്കിലും തീപിടുത്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുഴുവൻ യൂണിറ്റുകളും സ്വമേധയാ തിരിച്ചുവിളിച്ച് പരിശോധിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പിഴവ് സംഭവിച്ച മോഡലുകൾ നിർബന്ധിതമായി തിരിച്ചുവിളിക്കാനും പിഴ ഈടാക്കാനും കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിലെ വ്യവസ്ഥകളെക്കുറിച്ചും ഇലക്ട്രിക് വാഹന കമ്പനികളെ സർക്കാർ അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹന തീപിടിത്തങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച സമിതിയുടെ പ്രാഥമിക കണ്ടെത്തലുകൾ മിക്കവാറും എല്ലാ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലും ബാറ്ററി സെല്ലുകൾ/ഡിസൈനിലെ പ്രശ്നങ്ങൾ കണ്ടെത്തിയതായാണ് ഏറ്റവും പുതിയ വാർത്ത.

ഒഖിനാവ ഓട്ടോടെക്, ബൂം മോട്ടോർ, പ്യുവർ ഇവി, ജിതേന്ദ്ര ഇവി, ഓല ഇലക്ട്രിക് എന്നിവയുടെ ഇ-സ്‌കൂട്ടറുകളിൽ ഇവി തീപിടുത്തങ്ങളും ബാറ്ററി സ്‌ഫോടനങ്ങളും ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസമാണ് ഈ കമ്മിറ്റി രൂപീകരിക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. തെലങ്കാനയിലെ മാരകമായ ബാറ്ററി പൊട്ടിത്തെറി ഉൾപ്പെടെ മിക്കവാറും എല്ലാ തീപിടുത്തങ്ങളിലും ബാറ്ററി സെല്ലുകളിലും ബാറ്ററി രൂപകൽപ്പനയിലും വൈകല്യങ്ങൾ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ പ്യുവർ ഇവി ഇലക്ട്രിക് ഇരുചക്ര വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസുള്ള ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മറ്റൊരു ദാരുണമായ സംഭവത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ബാറ്ററി വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ബൂം മോട്ടോർസിന്റെ ഇ-സ്‌കൂട്ടറിൽ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് 40 വയസുള്ള ഒരാളും കൊല്ലപ്പെട്ടിരുന്നു.

വാഹനങ്ങളിലെ ബാറ്ററി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ധർ ഇപ്പോൾ ഇവി നിർമാതാക്കളുമായി വ്യക്തിഗതമായി പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.സ്വന്തം അന്വേഷണത്തിന് പുറമേ മൂലകാരണത്തെക്കുറിച്ച് ഒരു ആന്തരിക വിലയിരുത്തൽ നടത്തുന്നതിന് ലോകോത്തര ഏജൻസികളെ നിയോഗിച്ചിട്ടുണ്ടെന്ന് ഓല ഇലക്ട്രിക് IANS-ന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഈ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, ഇത് ഒരു ഒറ്റപ്പെട്ട താപ സംഭവമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ഈ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളിൽ മുൻകൂർ ഡയഗ്‌നോസ്റ്റിക്‌സും ആരോഗ്യ പരിശോധനയും നടത്താൻ ഓല ഇലക്ട്രിക് ഇതിനകം 1,441 വാഹനങ്ങൾ സ്വമേധയാ തിരിച്ചുവിളിച്ചിട്ടുണ്ട്. യൂറോപ്യൻ സ്റ്റാൻഡേർഡ് ഇസിഇ 136-ന് അനുസൃതമായി പ്രവർത്തിക്കുന്നതിന് പുറമേ തങ്ങളുടെ ബാറ്ററി പായ്ക്ക് ഇതിനകം പാലിക്കുകയും ഇന്ത്യയ്‌ക്കുള്ള ഏറ്റവും പുതിയ നിർദ്ദേശിത മാനദണ്ഡമായ എഐഎസ് 156-നായി പരീക്ഷിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ഓല പറയുന്നു.


Click it and Unblock the Notifications








