സെക്കൻഡല്ല ഇത് പുതുപുത്തൻ, ഒന്നര കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങി അനൂപ് മേനോൻ
ലക്ഷ്വറി കാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മലയാള സിനിമ താരങ്ങൾ ഇപ്പോൾ. അടുത്തിടെ ദുൽഖർ സൽമാനും അർജുൻ അശോകനും ബാലു വർഗീസും എല്ലാം പുത്തൻ കാറുകളിലേക്ക് ചേക്കേറുന്ന വാർത്തകളും ചിത്രങ്ങളുമെല്ലാം ഇതിനോടകം ആരാധകരിലേക്ക് എത്തുകയുണ്ടായി. ആഡംബര കാറുകളോട് സെലിബ്രിറ്റികൾക്കുള്ള താൽപര്യം ഏവർക്കും അറിയാവുന്നതാണ്.
ലക്ഷ്വറി ജീവിതത്തിനൊപ്പം ആഡംബര കാറുകളും കൂടെക്കൂട്ടാൻ താരങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരല്പം പ്രശസ്തിയിലെത്തിയാൽ ഉടനെ ഒരു ആഡംബരകാർ വാങ്ങുക എന്നതാണ് സെലിബ്രിറ്റികൾക്കിടയിലെ ട്രെൻഡ്. മലയാള സിനിമയിൽ അനൂപ് മേനോനാണ് പുതുതായി ഒരു ആഡംബര വാഹനം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നായ ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യുന്റെ ഇവിഎം ഓട്ടോക്രാഫ്റ്റ് ഡീലർഷിപ്പിൽ നിന്നാണ് പ്രിയതാരം വാഹനം എടുത്തിരിക്കുന്നത്.

ഇതിന്റെ വീഡിയോയും ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കിടിലൻ പെർഫോമൻസിനൊപ്പം മികച്ച യാത്രാ സുഖവും കോർത്തിണക്കിയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു X7 ഒരുക്കിയിരിക്കുന്നത്. മുമ്പ് ജാഗ്വർ XJ, ഔഡി Q7, ബിഎംഡബ്ല്യു 7 സീരീസ് എന്നീ ലക്ഷ്വറി കാറുകളാണ് അനൂപ് മേനോൻ മുമ്പ് ഉപയോഗിച്ചിരുന്നത്. 2017-ൽ സ്വന്തമാക്കിയ 7 സീരീസിലെത്തിയാണ് താരം പുത്തൻ കാറിന്റെ ഡെലിവറി എടുത്തിരിക്കുന്നത്.
ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ X7 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അനൂപ് മേനോൻ വാങ്ങിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലായി എത്തുന്ന ലക്ഷ്വറി കറിന് 1.22 കോടി മുതൽ 1.24 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിരത്തിലെത്തുമ്പോൾ ഏതാണ്ട് 1.57 കോടി രൂപയോളം വാഹനത്തിന് ചെലവ് വരുമെന്നാണ് റിപ്പോർട്ട്. എന്തായാലും X7 എസ്‌യുവിയുടെ ടോപ്പ്-എൻഡ് വേരിയന്റായ xDrive40i M Sport പതിപ്പ് തന്നെയാവും പ്രിയതാരം സ്വന്തമാക്കിയിരിക്കുന്നതെന്ന് കരുതാം.

പുതുക്കിയ ബിഎംഡബ്ല്യു X7 ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്നത് വാഹന നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിലാണ്. ആഭ്യന്തര വിപണിയിൽ മെർസിഡീസ് ബെൻസ് GLS മോഡലുമായാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നേരിട്ട് മത്സരിക്കുന്നത്. ശരിക്കും ജർമൻ ആഡംബരത്തം തുളുമ്പി നിൽക്കുന്ന പുറംമോടിയാണ് കാറിനുള്ളത്. പുതിയ തലമുറ 7 സീരീസ് മോഡലുകളിൽ നിന്നും പ്രചോദമുൾക്കൊണ്ട രൂപകൽപ്പനയാണ് X7 സ്വീകരിച്ചിരിക്കുന്നത് എന്നും പറയാം.
മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതുകൂടാതെ ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലും ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവും. കറുപ്പ് നിറത്തിൽ ചായം പൂശിയ മുൻവശത്തെ വലിയ കിഡ്‌നി ഗ്രില്ലാണ് ഡിസൈനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിൽ എക്‌സ്‌ക്വിസൈറ്റ് ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിലും സ്വന്തമാക്കാം.

ഇതോടൊപ്പം പുനർരൂപകൽപ്പന ചെയ്ത സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ. ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ ലക്ഷ്വറി ഫീൽ ഉയർത്തുന്നുണ്ട്. ക്യാബിനിനുള്ളിൽ ബിഎംഡബ്ല്യു കർവ്ഡ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റ് ബാർ, സ്കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയവയാണ് പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ.
3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് ഇവ വരുന്നത് എന്നതും ഹൈലൈറ്റാണ്. മോഡലിന്റെ പെട്രോൾ യൂണിറ്റ് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ലക്ഷ്വറി എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിൽ കൈവരിക്കാനാവും.
അതേസമയം മറുവശത്ത് ഡീസൽ എഞ്ചിന് 340 bhp പവറിൽ 700 Nm torque വരെ നൽകാനാവും. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. രണ്ട് എഞ്ചിനുകളും xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








