'ചുമ്മാ സീൻ മോനെ' 1.36 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി നീരജ് മാധവ്
ഓണം റിലീസായെത്തി തീയേറ്ററുകളിൽ ആഘോഷം തീർത്ത സിനിമയാണ് ആർഡിഎക്‌സ്. ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്ത, നിവിൻ പോളി മുഖ്യകഥാപാത്രത്തിൽ എത്തിയ ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കി 100 കോടി കളക്ഷൻ പിന്നിട്ട ഇടിപ്പടമായിരുന്നു ഇത്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നീ മൂവർ സംഘത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു ചിത്രത്തിൽ കാണാനായിരുന്നത്.
റോബർട്ട് എന്ന കഥാപാത്രമായി ഷെയ്ൻ നിഗവും ഡോണിയായി പെപ്പേയും സേവ്യറായി നീരജ് മാധവുമാണെത്തിയത്. നഞ്ചക്കുമായി എത്തി ഏവരുടേയും മനസ് കീഴടക്കാൻ നിരജിന് സാധിക്കുകയും ചെയ്‌തു. സിനിമക്ക് മുമ്പ് ഏറെ കൂക്കുവിളികൾ കേട്ടങ്കെലും പടം റിലീസായതിന് ശേഷം കൈയടി നേടാനും നീരജ് മാധവിനായി. നടന്‍, നര്‍ത്തകന്‍, റാപ്പര്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവനടനാണ് നീരജെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സിനിമ സൂപ്പർ ഹിറ്റായ സന്തോഷം കെട്ടടങ്ങുന്നതിനു മുമ്പ് ജീവതത്തിലെ മറ്റൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് താരമിപ്പോൾ. എന്താണന്നല്ലേ, തന്റെയും കുടുംബത്തിന്റെയും ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ലക്ഷ്വറി കാറാണ് നീരജ് മാധവ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നിരയിലെ പ്രഗല്ഭനായ X5 എന്ന തട്ടുപൊളിപ്പൻ എസ്‌യുവിയാണ് നീരജ് മാധവിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
1.06 കോടി രൂപയാണ് നീരജ് മാധവ് കൂടെക്കൂട്ടിയിരിക്കുന്ന ഈ ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം രജിസ്ട്രേഷനും ഇൻഷുറൻസും ടാക്‌സുമെല്ലാമായി വാഹനത്തിന് കൊച്ചിയിൽ ഏകദേശം 1.36 കോടി രൂപയോളം വരും ഓൺ-റോഡ് വില. നാല് വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മോഡലിന്റെ xDrive40i M സ്പോർട്ട് പതിപ്പാണ് നടൻ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.

മാത്രമല്ല, സാധാരണ നിറങ്ങളിൽ നിന്നും വ്യത്യസ്‌തമായി സ്പെഷ്യൽ യെല്ലോ കളർ ഓപ്ഷനിലാണ് വണ്ടി ഒരുക്കിയിരിക്കുന്നത്. മഞ്ഞ നിരത്തിനൊപ്പം കറുപ്പും ചേര്‍ന്നാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത് എന്നത് നിരത്തുകൾക്ക് വേറിട്ട കാഴ്ച്ചയാവും സമ്മാനിക്കുക. കേരളത്തിലെ ബിഎംഡബ്ല്യുവിന്റെ മുന്‍നിര വിതരണക്കാരായ ഇവിഎംഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നീരജ് പുതിയ മോഡൽ സ്വന്തമാക്കിയത്.
താരം വാഹനത്തിന്റെ ഡെലിവിറി എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, 'ബംബിൾ ബീ'യെ പരിചയപ്പെടൂ', എന്ന അടിക്കുറിപ്പോടെയാണ് കാർ സ്വന്തമാക്കിയ വിവരം താരം വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം എത്തിയാണ് നീരജ് മാധവ് കാർ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്.

ധാരാളം സഹതാരങ്ങളും ആരാധകരമാണ് നീരജിന് അഭിനന്ദനങ്ങളുമായി കമന്റ് ബോക്‌സിലെത്തുന്നത്. KL11 BZ 1212 എന്ന നമ്പരാണ് നായകനടന്റെ വാഹനത്തിനായി കിട്ടിയിരിക്കുന്നത്. നേരത്തെയും ബിഎംഡബ്ല്യുവിന്റെ നിരയിലെ കുഞ്ഞന്‍ എസ്‌യുവിയായ X1 ആയിരുന്നു താരത്തിന്റെ വാഹനം. ഈ ജർമൻ മോഡലിൽ നിന്നാണ് അത്യാഡംബര പൂർണമായ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലേക്ക് യാത്രകൾ മാറ്റിയിരിക്കുന്നത്.
ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്ന പുതിയ X5 ഇന്ത്യയിലെ ബ്രാൻഡിന്റെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാകും. ഡിസൈനിലേക്ക് നോക്കിയാൽ ആരെയും മോഹിപ്പിക്കും വിധമാണ് കമ്പനി X5 ഒരുക്കിയിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. യെല്ലോ കളർ ഓപ്ഷനൊപ്പം ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള ബിഎംഡബ്ല്യുവിന്റെ കിഡ്‌നി ഗ്രിൽ, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് മുൻവശത്തെ ഹൈലൈറ്റുകൾ.

അതോടൊപ്പം ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇൻടേക്ക്, എസ്‌യുവിക്ക് ചുറ്റുമുള്ള സാറ്റിൻ അലുമിനിയം ട്രിം ആക്‌സന്റുകളുള്ള റൂഫ് റെയിലുകൾ എന്നിവയെല്ലാം ഈ കാറിനെ മൊത്തത്തിൽ സ്റ്റൈലിഷാക്കുന്നുണ്ട്. പിൻഭാഗത്തേക്ക് നോക്കിയാൽ ഉള്ളിൽ ഒരു X മോട്ടിഫ് ഉൾച്ചേർത്ത എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ ലഭിക്കുന്നു. എസ്‌യുവിക്ക് 21 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.
അകത്തേക്ക് കയറിയാലും ആഡംബര പൂർണമായ അകത്തളമാണ് വണ്ടിയിലുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റൽ ക്ലസ്റ്ററിനും വേണ്ടി കർവ്‌ഡ് സിംഗിൾ-ഗ്ലാസ് സ്ക്രീനുകളാണ് X5 എസ്‌യുവിക്ക് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്. ആംബിയന്റ് ലൈറ്റ് ബാർ, കണക്റ്റഡ് കാർ ടെക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹർമാൻ കാർഡൺ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

വെന്റിലേറ്റഡ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, പാർക്കിംഗ്, റിവേഴ്സ് അസിസ്റ്റന്റ്, സറൗണ്ട് വ്യൂ ക്യാമറ, ഡ്രൈവ് റെക്കോർഡർ, റിമോട്ട് പാർക്കിംഗ് എന്നിവയാണ് നീരജിന്റെ X5 എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ. ഡീസലിന് പകരം പെട്രോള്‍ എഞ്ചിനുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
3.0 ലിറ്റർ, ആറ് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ ആഡംബര എസ്‌യുവിക്ക് സാധിക്കും. വെറും 5.4 സെക്കൻഡിനുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനോടൊപ്പം 48V ഇലക്ട്രിക് മോട്ടോറും സ്റ്റാൻഡേർഡായി വരുന്നുണ്ട്.


Click it and Unblock the Notifications








