എന്താണ് ടിനി ഫോർഡ് മസ്‌താംഗ് ജിടിയൊക്കെ എടുത്തൂന്നു കേട്ടു...
സിനിമകളിലൂടെയും മിമിക്രി കലാരൂപത്തിലൂടെയും മലയാളികൾക്ക് ഏറെ പരിചിതമായ വ്യക്തിയാണ് ടിനി ടോം. എന്താ ടിനി ലൈം ടീയൊക്കെ ചോദിച്ചൂന്ന് കേട്ടു, കുറച്ച് കമ്മിയാക്കി ചോദിക്ക് എന്ന ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ അടുത്തിടെ നിറഞ്ഞുനിന്ന താരം ദേ ഇപ്പോൾ സ്പോർട്‌സ് കാറുകളിലെ സുൽത്താനായി അറിയപ്പെടുന്ന ഫോർഡ് മസ്‌താംഗ് ജിടി സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയില്‍ ഏകദേശം 75 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് ടിനി ടോം സ്വന്തമാക്കിയ ഫോര്‍ഡ് മസ്‌താംഗ് ജിടി. എന്നാൽ ഒരു സെക്കൻഡ് ഹാൻഡ് മോഡലാണ് താരം തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. ഇന്ന് സെലിബ്രിറ്റികൾക്കിടയിൽ യൂസ്‌ഡ് കാറുകളോടുള്ള പ്രത്യേക താത്പര്യം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. നേരത്തെ പൃഥ്വിരാജ്, ബാലു വർഗീസ് പോലുള്ള പ്രമുഖരെല്ലാം സെക്കൻഡ് ഹാൻഡ് ലക്ഷ്വറി കാറുകൾ വാങ്ങിയ വാർത്തയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നതാണ്.

ഷെല്‍ബി പെര്‍ഫോമെന്‍സ് കിറ്റ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഈ ആഡംബര പെര്‍ഫോമെന്‍സ് വാഹനം കേരളത്തിലെ മുന്‍നിര പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോർസില്‍ നിന്നാണ് ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത്. മിമിക്രിക്കും സിനിമയ്ക്കും ശേഷം ടിനി ഏറെ ഇഷ്‌ടപ്പെടുന്ന വിനോദമാണ് യാത്രകളും കാറുകളും. തന്റെ വാഹന കമ്പനം ടിനി ഇതിനോടകം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ള കാര്യം കൂടിയാണ്. പണ്ടുമുതലേയുള്ള സ്വപ്ന വാഹനങ്ങളിൽ ഒന്നായിരുന്നു ഫോർഡ് മസ്‌താംഗ് എന്ന് നടൻ പറഞ്ഞിട്ടുണ്ട്.
വാലൻന്റൈൻസ് ഡേയിലാണ് ടിനി ടോം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഇതാണ് എന്റെ പുതിയ വാലന്റൈൻ എന്ന് അടിക്കുറിപ്പോടെയാണ് സ്പോർട്‌സ് കാർ സ്വന്തമാക്കിയ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. മസ്‌താംഗിന് പുറമെ മിത്‌സുബിഷി പജേറോ സ്പോർട്ട്, ബിഎംഡബ്യു 5 സീരീസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ കാർ ശേഖരത്തിലുള്ളത്. പുതിയ മസിൽ കാർ കൂടിയെത്തുന്നതോടെ ടിനിയുടെ ഗരാജിന്റെ പകിട്ട് ഇരട്ടിയാവും.

കുടുംബ സമേതമെത്തിയാണ് പുതിയ ഫോർഡ് മസ്‌താംഗ് ജിടി ടിനി ഏറ്റുവാങ്ങിയത്. എക്സ് പൈപ്പ്, ക്വാഡ‍് ടിപ്സ് എന്നിവ ഉൾപ്പെടെയുള്ള കോർസ പെർഫോമൻസ് എക്സ്ട്രീം എക്സ്ഹോസ്റ്റ് സംവിധാനം, എയ്റെയ്ഡ് കോൾഡ് എയർ ഇൻടേക്ക് സംവിധാനം, ഫോർഡ് പെർഫോമൻസ് റിയർ സ്പോയ്‌ലർ, കാർബൺ റിയർ ഡിഫ്യൂസർ തുടങ്ങിയ ഒട്ടേറെ സവിശേഷതകളും ടിനി ടോം സ്വന്തമാക്കിയ ഫോർഡ് സ്പോർട്‌സ് കാറിലുണ്ട്.
ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്. ബ്രാൻഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്. മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ എഞ്ചിനുമായാണ് വാഹനം ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത് എന്നത് മാത്രമാണ് ഏക മാറ്റം.

വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തിൽ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ കുതിക്കാനാവും.
അഞ്ച് സെക്കന്‍ഡില്‍ മസ്‌താംഗ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, സ്‌പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്‌തമായ നാല് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്. ഇതോടൊപ്പം പാഡിൽ ഷിഫ്റ്റുകളും വാഹനത്തിന്റെ ഭാഗമാണ്. പ്രൊജക്‌ടർ എൽഇഡി ഹെഡാലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, കറുപ്പിൽ ഒരുക്കിയിട്ടുള്ള അലോയ് വീലുകള്‍, കൂപ്പെ സ്റ്റൈലിൽ ഒഴുകിയിറങ്ങുന്ന റൂഫ്, എല്‍ഇഡി ബാറുകളായി നല്‍കിയിട്ടുള്ള എൽഇഡി ടെയില്‍ലാമ്പുകൾ, ജിടി ബാഡ്‌ജിംഗ് എന്നിവയാണ് ഫോർഡിന്റെ കറുത്ത കുതിരയെ ആകർഷകമാക്കുന്ന ഡിസൈൻ ഘടകങ്ങൾ.

4784 മില്ലീമീറ്റർ നീളവും 2080 മില്ലീമീറ്റർ വീതിയും 1391 മില്ലീമീറ്റർ ഉയരവും 2720 മില്ലീമീറ്റർ വീൽബേസും 137 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണ് ഫോർഡ് മസിൽ കാറിനുള്ളത്. ഡ്രൈവർ, പാസഞ്ചർ, 2 കർട്ടൻ, ഡ്രൈവർ കാൽമുട്ട്, പാസഞ്ചർ കാൽമുട്ട്, ഡ്രൈവർ സൈഡ്, ഫ്രണ്ട് പാസഞ്ചർ സൈഡ് തുടങ്ങീ എട്ടോളം എയർബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്. 2016 ജൂലൈയിലാണ് ഫോർഡ് മസ്താങ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എങ്കിലും ടിനി സ്വന്തമാക്കിയ മോഡൽ ഏറ്റവും അവസാനത്തെ ആവർത്തനമാണെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








