മിന്നൽ വേഗത്തിൽ പായാൻ പുത്തൻ Range Rover Sport എസ്‌യുവി സ്വന്തമാക്കി ടൊവിനോ തോമസ്
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയ താരമാണ് ടൊവിനോ തോമസ്. മോളിവുഡിന്റെ സൂപ്പർ ഹീറോയായ മിന്നൽമുരളിയെ സ്ക്രീനിൽ അവതരിപ്പിച്ച് ലോക ശ്രദ്ധവരെ നേടാൻ പോയ വർഷം ടൊവിനോയ്ക്ക് സാധിച്ചിരുന്നു. മിന്നൽ വേഗത്തിൽ പായുന്ന അതിമാനുഷികനായി എത്തിയ സിനിമയിലെ കഥാപാത്രത്തിന് ഗംഭീര സ്വീകരണവും എല്ലാ കോണുകളിൽ നിന്നും ലഭിക്കുകയും ചെയ്‌തിരുന്നു.
ഇനി ഇതേ വേഗം തന്റെ യാത്രകൾക്ക് നൽകുവാനായി റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവി ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും മികച്ച ശേഖരമാണ് താരത്തിന്റെ ഗരാജിൽ ഇതിനോടകം തന്നെയുള്ളത്. നാലാം തലമുറ ഹോണ്ട സിറ്റി, ഔഡി Q7, ബിഎംഡബ്ല്യു 7 സീരീസ്, മിനി കൂപ്പർ സൈഡ്‌വാക്ക് എഡിഷൻ, ബിഎംഡബ്ല്യു G310 GS ബൈക്ക് എന്നിവയാണ് ടൊവിയുടെ കളക്ഷനിലുള്ള മറ്റു വാഹനങ്ങൾ. സിനിമ പോലെ തന്നെ കാറുകളോടും താരത്തിന് കൂടുതൽ പ്രിയമുണ്ടെന്ന് ഈ വലിയ ശേഖരം തെളിയിക്കുന്നു.

റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയുടെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവ് ടൊവിനോയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നാം തലമുറ റേഞ്ച് റോവർ സ്‌പോർട്ട് ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസമാണ് ലക്ഷ്വറി വാഹനത്തിനായുള്ള ഡെലിവറിയെല്ലാം ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ആരംഭിക്കുന്നത്. അതായത് കൃത്യമായി പറഞ്ഞാൽ ഡിസംബർ 12-ന് ആണ് സ്പോർട്‌സ് യൂട്ടിലിറ്റി മോഡലിന്റെ ഡെലിവറികൾ കമ്പനി ആരംഭിച്ചതെന്ന് സാരം.
നടൻ എസ്‌യുവി ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം ഓൺലൈനിൽ വൈറലായി മാറിയിട്ടുണ്ട്. ലാൻഡ് റോവറർ റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് SHE വേരിയന്റാണ് ടൊവിനോ തോമസ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കിടിലൻ മാറ്റങ്ങളുമായി എത്തിയ ഈ തട്ടുപൊളിപ്പൻ മോഡൽ കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും സ്വന്തമാക്കിയിരുന്നു. അസാധാരണവും സ്‌പോർട്ടിയുമായി തോന്നിക്കുന്ന റേഞ്ച് റോവർ സ്‌പോർട്ടിന്റെ സാന്റോറിനി ബ്ലാക്ക് കളർ ഓപ്ഷനാണ് ടൊവി തെരഞ്ഞെടുത്തിരിക്കുന്നതും.

റേഞ്ച് റോവർ സ്‌പോർട്ട് ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) വിൽക്കപ്പെടുന്നത്. അതിനർഥം ഇത് ഒരു തരത്തിലും വിലകുറഞ്ഞ എസ്‌യുവി അല്ല എന്നാണ്. ഒരു പുതിയ 2023 റേഞ്ച് റോവർ സ്‌പോർട്ട് ഇന്ത്യയിൽ സ്വന്തമാക്കണമെങ്കിൽ 1.64 കോടി രൂപ മുതൽ 1.84 കോടി രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. പുതുതലമുറ മോഡലിന് മുമ്പത്തേക്കാൾ അഗ്രസീവ് സ്റ്റൈലിംഗാണ് ബ്രിട്ടീഷ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. എസ്‌യുവിക്ക് മെലിഞ്ഞ ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്നതാണ് മുൻവശത്തെ പ്രധാന മാറ്റങ്ങളായി പറയാവുന്നത്.
ഒരു എസ്‌യുവിയിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത് പോലെ ഡിസൈൻ അത്ര ഷാർപ്പും ബോക്സിയുമല്ല. തികച്ചും വ്യത്യസ്‌തമായ ഈ സമീപനം സ്വീകരിച്ച ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിന് ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ സമ്മാനിച്ചിട്ടുണ്ട്. ടെയിൽ ലാമ്പുകൾക്ക് ചുറ്റും പൊതിഞ്ഞിരിക്കുന്ന ചരിഞ്ഞ റൂഫ്‌ലൈൻ പിൻവശത്തിന് ഒരു ഫ്രഷ് ഫീലാണ് നൽകുന്നത്. എങ്കിലും എസ്‌യുവിയുടെ മൊത്തത്തിലുള്ള ഡിസൈൻ ബ്രാൻഡിന്റെ മറ്റ് എസ്‌യുവികൾക്ക് സമാനമാണ്. വാഹനത്തിന്റെ വീലിന്റെ വലിപ്പം 21 മുതൽ 23 ഇഞ്ച് വരെയാണ്. ഇതിൽ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.

റേഞ്ച് റോവർ സ്‌പോർട്ട് ഒരു ലക്ഷ്വറി എസ്‌യുവിയായതിനാൽ തന്നെ ഇന്റീരിയറുകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. വെലാറിന് സമാനമായ ഡാഷ്‌ബോർഡ് ഡിസൈനിലാണ് പുത്തൻ റേഞ്ച് റോവർ സ്പോർട്ടും വരുന്നത്. ഡാഷോർഡിൽ ലെതർ പാഡുകൾ, ഡോർ പാഡുകൾ, മൾട്ടി-ഫംഗ്ഷൻ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൺട്രോളറുകൾക്കുള്ള ഡിജിറ്റൽ ഡയൽ സ്‌ക്രീൻ, മസാജർ ഫംഗ്‌ഷനുള്ള വെൻഷ്യൽ സീറ്റുകൾ, ലെതർ സീറ്റ് കവറുകൾ തുടങ്ങിയവയെല്ലാമാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകൾ.
യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് മുന്നിലും പിന്നിലും ഉള്ള സീറ്റുകൾ വൈദ്യുതപരമായി ക്രമീകരിക്കാം. ഉടമയ്ക്ക് വേണമെങ്കിൽ ലെതർ ഫ്രീ ഇന്റീരിയറും റേഞ്ച് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ലെതർ അപ്‌ഹോൾസ്റ്ററിക്ക് പകരമായി ക്വാഡ്രാറ്റ് അൾട്രാഫാബ്രിക്ക് ഈ കാർ നൽകും. മെറിഡിയനിൽ നിന്നുള്ള 19 സ്പീക്കർ പ്രീമിയം 800W ഓഡിയോ സിസ്റ്റം കൂടാതെ മറ്റു പലതും എസ്‌യുവി വാഗ്ദാനം ചെയ്യുന്നതും ആഡംബരം കൂട്ടുന്നുണ്ട്. പിന്നിലെ യാത്രക്കാർക്ക് മാനുവൽ വിൻഡോ ബ്ലൈന്റുകൾ പോലെയുള്ള നിരവധി ഓപ്ഷണൽ എക്സ്ട്രാകളും നിർമാതാവ് അണിനിരത്തുന്നുണ്ട്.
ഒരു പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട് ഇന്ത്യയിലേക്ക് വരുന്നത്. 350 bhp പവറിൽ പരമാവധി 700 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ ആറ് സിലിണ്ടർ D350 ഡീസൽ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. രണ്ടാമത്തെ P400 പെട്രോൾ എഞ്ചിന് 400 bhp കരുത്തിൽ 550 Nm torque വരെ ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ വലിപ്പമുള്ള സിലിണ്ടർ എഞ്ചിൻ കൂടിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ സ്‌പോർട്ടിൽ 4WD, എയർ സസ്‌പെൻഷൻ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറാണ്.


Click it and Unblock the Notifications








