മോളിവുഡിലെ ആദ്യത്തെ XM, 3.26 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി മലയാളികളുടെ സൂപ്പർഹീറോ
മലയാള സിനിമയുടെ സൂപ്പർഹീറോയാണ് (Super Hero) ടൊവിനോ തോമസ് (Tovino Thomas). സൂപ്പർതാര പദവിയിലേക്ക് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഈ ഇരിങ്ങാലക്കുടക്കാരൻ എത്തിയത്. വാണിജ്യ വിജയങ്ങള്‍ക്കൊപ്പം തന്നെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. അങ്ങനെ മലയാളി പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടമുണ്ടാക്കിയെടുക്കാനും ടൊവിക്കായി. മായാനദി, മിന്നൽ മുരളി (Minnal Murali), തല്ലുമാല, ലൂസിഫർ, ഗോദ അങ്ങനെ കരിയർ ബ്ലോക്ക്ബസ്റ്ററുകൾ ഒരുപിടിയുണ്ട് നടന്. സിനിമകൾക്ക് പുറമെ കുടുംബത്തിനൊപ്പവും സമയം ചിലവഴിക്കാൻ താരം പ്രത്യേകം സമയം കണ്ടെത്താറുണ്ട്.
ഫാമിലിയുമായുള്ള യാത്രകളെല്ലാം സോഷ്യൽ മീഡിയയിൽ പലതവണ ആരാധകർ ഏറ്റെടുത്തിയിട്ടുണ്ട്. തനിക്ക് യാത്ര ചെയ്യാൻ നല്ല കൊതിയാണെന്ന് ടൊവിനോ അടുത്തിടെ വ്യക്തമാക്കുകയും ചെയ്‌തായിരുന്നു. വിദേശ യാത്രകൾക്ക് പുറമെ ഇന്ത്യയിലും കറക്കം കാര്യമായി തന്നെയുണ്ട്. സിനിമയും യാത്രകളും കഴിഞ്ഞാൽ താരത്തിന് ഏറെ കമ്പമുള്ള വിഷയമാണ് വാഹനങ്ങൾ. അടുത്തകാലത്ത് ഒന്ന് രണ്ട് ആഡംബര കാറുകളും ടൊവിനോ സ്വന്തമാക്കിയിട്ടുണ്ട്.

ശരിക്കും പറഞ്ഞാൽ വണ്ടിഭ്രാന്തിൽ മമ്മൂട്ടിക്കും ദുൽഖർ സൽമാനും പോലുള്ളവർക്കൊപ്പമാണ് ടൊവിനോ തോമസിന്റെയും സ്ഥാനം. സ്വന്തമായി ഡ്രൈവ് ചെയ്‌ത് പോവാൻ ഏറെ ഇഷ്‌ടമുള്ള താരം ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ്. അതും ഈ വണ്ടി സ്വന്തമാക്കുന്ന മോളിവുഡിലെ ആദ്യത്തെ നടൻ കൂടിയാണ് ടൊവി എന്ന പ്രത്യേകതയുമുണ്ട്.
വണ്ടിയേതാണെന്നല്ലേ... ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ XM എന്ന ലക്ഷ്വറി എസ്‌യുവിയാണ് ടൊവിനോ തോമസ് ഇത്തവണ തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. 2.60 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിക്ക് കൊച്ചിയിൽ ഏകദേശം 3.26 കോടി രൂപയാണ് ഓൺ-റോഡ് വില വരുന്നത്. വാഹനത്തിന്റെ ഇൻഷുറൻസിന് തന്നെ 6.72 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ.

ഇലക്ട്രിക്കായും പെട്രോളിലും ഒരുപോലെ പ്രവർത്തിക്കുന്ന വാഹനമെന്ന പ്രത്യേകതയാണ് ബിഎംഡബ്ല്യു XM എസ്‌യുവിക്കുള്ളത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ലക്ഷ്വറി കാറിന്റെ പ്രത്യേകത. വലിയ ഇലുമിനേറ്റഡ് കിഡ്‌നി ഗ്രിൽ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഷാർപ്പ് ഫ്രണ്ട് ബമ്പർ, മുൻവശത്തെ വലിയ എയർ ഇൻടേക്ക് എന്നിവയെല്ലാമാണ് വണ്ടിയെ കിടിലമാക്കുന്നത്.
വശക്കാഴ്ച്ചയിലേക്ക് വന്നാൽ BMW iX ഇലക്ട്രിക് എസ്‌യുവിയോട് സാമ്യമുള്ളതാണ് ടൊവിയുടെ പുത്തൻ കാർ. എന്നാൽ 22 ഇഞ്ച് M സ്പെക്ക് അലോയ് വീലുകൾ സംഭവം കളറാക്കുന്ന കാര്യമാണ്. താതാപര്യമുള്ളവർത്ത് 23 ഇഞ്ച് അലോയ് വീലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. മുന്‍വശത്തിന് സമാനമായി ലക്ഷ്വറി എസ്‌യുവിയുടെ പിന്‍ഭാഗവും ആങ്കുലാര്‍ ഷാര്‍പ്പ് ലുക്കിലാണ് ജർമൻ ബ്രാൻഡ് പണികഴിപ്പിച്ചിരിക്കുന്നത്.

ഓള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകളിലെ 'L' ഷേപ്പിലുള്ള ഘടകങ്ങളും ലംബമായി വരുന്ന എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്ക് ചുറ്റുമുള്ള ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുമാണ് ബിഎംഡബ്ല്യു XM എസ്‌യുവിയുടെ റിയർ എൻഡിനെ മികച്ചതാക്കുന്നത്. പുറത്തു കാണുന്നതിനേക്കാൾ ഗംഭീരമാണ് വാഹനത്തിനകത്തെ കാര്യങ്ങൾ. കോടികൾ മുടക്കുന്ന വാഹനമായതിനാൽ തന്നെ വേറെ ലെവലാണ് ഇന്റീരിയർ. മികച്ച യാത്രാ സുഖവും സ്പേസുമാണ് ഏറ്റവും വലിയ പ്രത്യേകത.
12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡെഡിക്കേറ്റഡ് റെഡ് കളർ M മോഡ് ബട്ടണുകൾ, ആംബിയൻ്റ് ലൈറ്റുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം സൗണ്ട് സിസ്റ്റം, ADAS എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാൽ ടൊവിനോ തോമസിന്റെ XM സമ്പന്നമാണ്. അന്യായ വലിപ്പമാണെങ്കിലും ഇതൊരു 4-സീറ്റർ കാറാണെന്നതാണ് ഹൈലൈറ്റ്.

4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു XM എസ്‌യുവിയുടെ ഹൃദയം. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിരിക്കുന്നതിനാൽ 653 bhp കരുത്തിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ എസ്‌യുവിക്ക് ഇവി മോഡിൽ 88 കിലോമീറ്റർ റേഞ്ചും നൽകാനാവും.
ഇതൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനമായതിനാൽ ഇത് ലിറ്ററിന് 62 കിലോമീറ്റർ മൈലേജാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. ഫോർവീൽ ഡ്രൈവ് വാഹനമായതിനാൽ പെർഫോമൻസിലും ആള് പുലിയാണ്. വെറും 4.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈയെത്തിപ്പിടിക്കാൻ കഴിയുന്ന ആഡംബര എസ്‌യുവിക്ക് പരമാവധി വേഗം മണിക്കൂറിൽ 270 കിലോമീറ്ററാണെന്നും ബിഎംഡബ്ല്യു പറയുന്നു. 25.7kWh ബാറ്ററി 7.4kW AC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം.


Click it and Unblock the Notifications








