മൈലേജ് മെയിനാണല്ലോ... ഇന്നോവ ഹൈക്രോസ് വാങ്ങി മണിയൻപിള്ള രാജു
പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടത്ത വാഹനമാണ് ടൊയോട്ടയുടെ ഇന്നോവ. അതുപോലെ തന്നെ മലയാള സിനിമയിലും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിയാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായും തിളങ്ങി നിൽക്കുന്ന താരം ഇപ്പോഴിതാ ഇന്നോവയുടെ ഏറ്റവും പുതിയ പതിപ്പായ ഹൈക്രോസ് സ്വന്തമാക്കിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ നിപ്പോണ്‍ ടൊയോട്ടയിൽ നിന്നാണ് നടൻ ഇന്നോവ ഹൈക്രോസ് എംപിവി വാങ്ങിയത്. മൈലേജും സുരക്ഷയും മെയിനാക്കി മൂന്നാംതലമുറ ആവർത്തനത്തിലേക്ക് ഇന്നോവ മാറുന്നത് കഴിഞ്ഞ വർഷം അവസാനത്തോടെയാണ്. മുൻതലമുറ വാഹനമായ ക്രിസ്റ്റയിൽ നിന്നും അടിമുടി വാർത്തുടച്ചാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഹൈക്രോസിനെ നിർമിച്ചിരിക്കുന്നത്. കിടിലൻ യാത്രാ സുഖവും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഓടാൻ ശേഷിയുള്ള എഞ്ചിനും കാരണം ഇന്ത്യൻ സിനിമ താരങ്ങൾക്കിടയിൽ വളരെ ജനപ്രിയമായ മോഡലാണ് ഇന്നോവ.

18.55 ലക്ഷം രൂപ മുതൽ 29.72 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ വിപണിയിലെത്തിയ ഇന്നോവ ഹൈക്രോസ് ഇത്തവണ ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് പോലുള്ള അത്യാധുനിക ലക്ഷ്വറി സവിശേഷതകളോടെയാണ് നിരത്തിലെത്തുന്നത്. കമ്പനിയുടെ മോഡുലാർ TNGA-C: GA-C പ്ലാറ്റ്‌ഫോമിലാണ് പുത്തൻ മൾട്ടി പർപ്പസ് വാഹനം ഒരുങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ, ഇതിന് ലാഡർ-ഓൺ-ഫ്രെയിം ബോഡിക്ക് പകരം ഒരു മോണോകോക്ക് നിർമാണത്തിലേക്ക് മാറുകയുണ്ടായി.
ആകെ 8 വേരിയന്റുകളാണ് എംപിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉൾപ്പെടുക. പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന വകഭേദങ്ങളും ഹൈബ്രിഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന ടോപ്പ് വേരിയന്റുകളുമാണ് ഇത്. അവയെ G, GX, VX, ZX, ZX (O) എന്നിങ്ങനെയാണ് ടൊയോട്ട തിരിച്ചിരിക്കുന്നത്. ഇതോടൊപ്പം വ്യത്യസ്‌ത സീറ്റിംഗ് ഓപ്ഷൻസ് തിരയുന്നവർക്ക് 6 സീറ്റർ അല്ലെങ്കിൽ 7-സീറ്റർ പതിപ്പുകളിലും ഹൈക്രോസ് വാങ്ങാനാവും.

സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവന്റ് ഗ്രേഡ് ബ്രോൺസ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക് എന്നീ നിറങ്ങളിൽ പുതിയ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കാനാവും. ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവി സ്റ്റൈലുള്ള പ്രീമിയം എംപിവിയാണിതെന്നാണ് ടൊയോട്ടയുടെ വശം. ക്രോം ആവരണമുള്ള ട്രപ്പിസോഡൽ ഗ്രിൽ, എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്പോർട്ടി ലുക്കുള്ള അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിന് മിഴിവേകുന്നത്.
അകത്തളത്തേക്ക് കയറിയാൽ മുൻഗാമികളേക്കാൾ പ്രീമിയം ഭാവത്തിലാണ് ഹ്രൈകോസിനെ ഒരുക്കിയെടുത്തിരിക്കുന്നത്. മുമ്പ് അന്യമായിരുന്ന നിരവധി ഫീച്ചറുകള്‍ കുത്തിനിറച്ചിരിക്കുന്നതും ഏറെ കൈയടി അർഹിക്കുന്നു. വിവിധ ലെയറുകളായി രൂപപ്പെടുത്തിയ ഡാഷ്ബോർഡ് തന്നെ ആകർഷണീയമാണ്. ഇതിന്റെ മധ്യഭാഗത്തായി 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. വലിയ പനോരമിക് സണ്‍റൂഫ്, ലെതര്‍ സീറ്റുകള്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റുകള്‍ തുടങ്ങിയ വമ്പൻ ഫീച്ചറുകളും ഒപ്പമുണ്ട്.

തീർന്നില്ല, ഇവയ്ക്കു പുറമെ എല്‍ഇഡി മൂഡ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്റ്, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, ADAS പോലുള്ള സന്നാഹങ്ങളും വാഹനത്തിന്റെ ഭാഗമാണ്. എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ പാരമ്പര്യമൊക്കെ പൊളിച്ചെഴുതി രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് എംപിവകളുടെ രാജാവ് എഴുന്നള്ളിയിരിക്കുന്നത്. 2.0 ലിറ്റർ NA പെട്രോളും ഇന്ധനക്ഷമത കൂടിയ 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനുമാണ് ഇന്നോവ ഹൈക്രോസിന് തുടിപ്പേകുന്നത്.
ജാപ്പനീസ് ബ്രാൻഡിന്റെ അഞ്ചാം തലമുറ സ്ട്രോംഗ് ഹൈബ്രിഡ് ടെക് ഉപയോഗിക്കുന്ന എഞ്ചിന് ഇലക്ട്രിക് മോട്ടോറുമായി സംയോജിച്ച് 186 bhp പവറിൽ പരമാവധി 206 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം NA യൂണിറ്റിന് 174 bhp കരുത്തിൽ 197 Nm torque നൽകാനാവും. മാനുവൽ ഓപ്ഷനില്ലാതെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനം മാത്രമാണ് പുതിയ ഇന്നോവ ഹൈക്രോസിനുള്ളത്.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് മോഡൽ 21.1 ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. 9.5 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇന്നോവ ഹൈക്രോസിന് സാധിക്കുകയും ചെയ്യും. സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ ഇത് വിൽപ്പനയുടെ കാര്യത്തിലും കരുത്തുകാട്ടി കഴിഞ്ഞു. ഉടൻ തന്നെ ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയും വീണ്ടും ആരംഭിക്കാനിരിക്കുകയാണ് ടൊയോട്ട എന്നതും സന്തോഷം നൽകുന്ന കാര്യമാണ്.


Click it and Unblock the Notifications








