മലയാള സീരിയലിലെ ആദ്യ സിയറ, ലക്ഷങ്ങൾ മുടക്കി വാങ്ങിയത് മൗനരാഗത്തിലെ ഉഡായിപ്പ് ചെറുക്കൻ
ഏഷ്യാനെറ്റിലെ മൗനരാഗം, സീതാ കല്യാണം, ചന്ദനമഴ, തുടങ്ങിയ പരമ്പരകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ജിത്തു വേണുഗോപാൽ. സ്റ്റാർ മാജിക്കിലൂടെയും വിവിധ പരമ്പരകളിലൂടെയുമെല്ലാം കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ താരം സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. റൊമാന്റിക് ഹീറോയായി ആദ്യ സീരിയലിൽ എത്തിയ അജയ് ഇപ്പോൾ മൗനരാഗത്തിൽ അത്യാവശ്യം വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഹാസ്യവും സീരിയസ് റോളുമെല്ലാം ഗംഭീരമാക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ കരിയറിന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോവുന്ന ജിത്തു ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു വാഹനം വാങ്ങിയിരിക്കുകയാണ്.
ടാറ്റയുടെ 90 കിഡായ സിയറയുടെ ന്യൂജെൻ മോഡലാണ് സീരിയൽ താരം ജിത്തു വേണുഗോപാൽ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയ വിവരം നടൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനോടകം 1 മില്യൺ കാഴ്ച്ചക്കാരും ജിത്തുവിന്റെ പുത്തൻ വാഹനത്തിന്റെ ഡെലിവറി വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. ഐക്കണിക് എസ്‌യുവിയുടെ സൌന്ദര്യം മുഴുവനായും ആവാഹിച്ചിരിക്കുന്ന യെല്ലോ കളർ ഓപ്ഷനാണ് സിയറയ്ക്കായി നടൻ തെരഞ്ഞെടുത്തിരിക്കുന്നത്.

സ്വപ്‌നം പൂവണിഞ്ഞുവെന്ന അടിക്കുറിപ്പോടെയാണ് ടാറ്റ സിയറയുടെ ഡെലിവറി ഏറ്റെടുക്കുന്ന വീഡിയോ ജിത്തു വേണുഗോപാൽ പങ്കുവെച്ചിരിക്കുന്നത്. അടുത്തകാലത്ത് ടാറ്റ കൊണ്ടുവന്ന ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് സിയറ. ഇതിനോടകം 1 ലക്ഷം ബുക്കിംഗ് പിന്നിട്ട് കുതിക്കുന്ന മിടുക്കൻ സെലിബ്രിറ്റികളുടെ മനസ് വരെ കീഴടക്കിക്കഴിഞ്ഞിട്ടുണ്ട്. മലയാള സീരീയൽ മേഖലയിൽ ന്യൂജെൻ സിയറ വാങ്ങുന്ന ആദ്യ താരം കൂടിയായി ജിത്തു മാറി.
സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന ടാറ്റ സിയറയ്ക്ക് നിലവിൽ 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇക്കൂട്ടത്തിൽ എല്ലാ ഫീച്ചറുകളുമുള്ള ടോപ്പ് വേരിയന്റാവാം താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നതെന്നാണ് അനുമാനം.

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറ തിരികെയെത്തിയിരിക്കുന്നത്. ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് ന്യൂജെൻ സിയറ പണികഴിപ്പിച്ചിരിക്കുന്നത്. മോഡേൺ സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് ഇതിഹാസത്തിനെ കമ്പനി തിരികെ കൊണ്ടുവന്നിരിക്കുന്നത് എന്നതും പ്ലസ് പോയിന്റായിട്ടുണ്ട്.
1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിച്ച് എത്തിയിരിക്കുന്നതും ആളുകളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. സെഗ്‌മെൻ്റ്-ഫസ്റ്റ്, മികച്ച ഇൻ-ക്ലാസ് ഫീച്ചറുകളും കൂടിയാവുമ്പോൾ ആർക്കായാലും വാഹനം വാങ്ങാൻ തോന്നിപ്പോവും. ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും കൂടിയാവുമ്പോൾ എക്സ്റ്റീരിയർ പൊളിയാവുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ടാണ് അകത്തളത്തിന് പ്രീമിയം ഫീൽ കൊണ്ടുവരുന്നത്. ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ടോപ്പ് വേരിയന്റിന് പകിട്ടേകും.
എക്സ്പ്രസ് കൂളിംഗ് സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷേഡുകൾ, റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലൗബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ആംറെസ്റ്റ്, വയർലെസ് ചാർജർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 14 വ്യൂകളുള്ള 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റുകൾ എന്നിവയും ടാറ്റ സിയറയുടെ ഭാഗമാണ്.
1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറയെ തിരികെയെത്തിച്ചിരിക്കുന്നത്. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളോടാണ് സിയറയുടെ മത്സരം.


Click it and Unblock the Notifications








