ഇനി യാത്ര 23 ലക്ഷത്തിന്റെ സെഡാനിൽ, പുത്തൻ കാർ സ്വന്തമാക്കി 'ചക്കപ്പഴത്തിലെ ആശ'
ടെലിവിഷൻ അവതാരകയായിട്ട് വന്ന് അതിവേഗം ജനമനസുകളിൽ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന താരം ഒരുകാലത്ത് ഫ്ലവേഴ്‌സ് ചാനലിന്റെ തകർപ്പൻ പരിപാടിയായിരുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം പ്രോഗ്രാമിലെ മികച്ച അവതരണമാണ് അശ്വതിയുടെ ടേണിംഗ് പോയിന്റായതെന്ന് പറയാം. അങ്ങനെ അതിവേഗം മലയാളികൾക്ക് സുപരിചിതമായ മുഖമായി മാറുകയും ചെയ്‌തു.
പിന്നീട് ഫ്ലവേഴ്‌സിലെ തന്നെ ചക്കപ്പഴം എന്ന സീരിയലില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച് താരം മിനിസ്ക്രീനിലെ നിറസാന്നിധ്യമായി മാറുകയും ചെയ്‌തു. ഇതിലെ അഭിനയത്തിന് അശ്വതിയെ തേടി സംസ്ഥാന അവാര്‍ഡും എത്തിയിരുന്നു.അവതാരക എന്നതിനു പുറമെ നടി, എഴുത്തുകാരി, ലൈഫ് കോച്ച് എന്ന നിലയിലും അറിയപ്പെടുന്ന അശ്വതി സോഷ്യൽ മീഡിയയിലും വളരെ സജീവമായി തിളങ്ങി നിൽക്കുന്നയാളാണ്.

ഇവയ്ക്കെല്ലാം പുറമെ സ്വന്തമായി ഡ്രൈവ് ചെയ്യാനും ഏറെ ഇഷ്‌ടപ്പെടുന്നയാളാണ് അശ്വതി. ദേ ഇപ്പോൾ കൂട്ടിനായി പുത്തനൊരു വാഹനം സ്വന്തമാക്കിയ വിവരം ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. മറ്റേതുമല്ല സ്കോഡയുടെ സെഡാൻ മോഡലായ സ്ലാവിയയാണ് അശ്വതി ശ്രീകാന്തിന്റെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായുണ്ടാവുക. സേഫ്റ്റി, പെർഫോമൻസ് എന്നിവയിലൂടെ ഇന്ത്യയിൽ വൻഹിറ്റായ മോഡലാണ് സ്ലാവിയ എന്നതും ശ്രദ്ധേയമാണ്.
'ഈ പുതിയ സുന്ദരിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് വാഹനത്തിന്റെ ഡെലിവറി ഏറ്റെടുക്കുന്ന വീഡിയോ അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഞാനെല്ലായ്പ്പോഴും ഒരു എസ് യുവി ഫാനാണ്, പക്ഷേ ഇത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു എന്നും ക്യാപ്ഷനിൽ എഴുതിയിട്ടിട്ടുണ്ട്. മക്കളായ പത്മയ്ക്കും കമലയ്ക്കുമൊപ്പം എത്തിയാണ് ടെലിവിഷൻ താരം പുതിയ കാർ ഏറ്റുവാങ്ങിയത്.
ഡ്രൈവിംഗ് പഠിച്ചപ്പോൾ എനിക്ക് എക്സ്ട്രാ ചിറകുകൾ കിട്ടിയ ഫീലായിരുന്നുവെന്നും ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു ഡ്രൈവിംഗ് പഠിക്കുക എന്നത് എന്നും മുമ്പൊരു അഭിമുഖത്തിൽ അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഹോണ്ട ജാസ് ആയിരുന്നു ആദ്യ കാർ. പിന്നീട് താരം അമേരിക്കൻ എസ്‌യുവിയായ ജീപ്പ് കോമ്പസിലേക്കും മാറിയിരുന്നു. അതിനു ശേഷം മിനി കൂപ്പർ വാങ്ങിയ അശ്വതി ഇവയെല്ലാം ഒപ്പമാണ് പുതിയ സ്കോഡ സ്ലാവിയ സ്വന്തമാക്കുന്നത്.
യാത്രകൾ ഏറെ ഇഷ്‌ടപ്പെടുന്ന അശ്വതി ശ്രീകാന്തിന്റെ ഇനിയുള്ള ട്രിപ്പുകളിൽ കൂട്ടായി സ്കോഡ സ്ലാവിയയാവും എത്തുക. എസ്‌യുവികൾക്ക് നൽകാനാവാത്ത യാത്രാ സുഖമായിരിക്കും ഈ പ്രീമിയം സെഡാൻ താരത്തിനായി കരുതിവെച്ചിരിക്കുക. 11.53 ലക്ഷം മുതൽ 18.68 ലക്ഷം രൂപ വരെയാണ് സ്കോഡ സ്ലാവിയയുടെ എക്സ്ഷോറൂം വില വരുന്നത്. ഏതു മോഡലാണ് അശ്വതി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

സ്ലാവിയയുടെ ക്രിസ്റ്റൽ ബ്ലൂ നിറത്തിലുള്ള മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. എന്തായാലും എല്ലാം സൌകര്യങ്ങളോടും കൂടിയ കാറിന്റെ ടോപ്പ് എൻഡ് വേരിയന്റാവും അശ്വതിയുടെ ഗരാജിലെത്തിയിരിക്കുന്നതെന്നാണ് അനുമാനം. അങ്ങനെയെങ്കിൽ ഇതിന് കൊച്ചിയിൽ ഏകദേശം 23 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില. 7-സ്പീഡ് സിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.
ഇത് 148 bhp പവറിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ സ്ലാവിയയ്ക്ക് 5-സ്റ്റാർ റേറ്റിംഗും നേടാനായിട്ടുണ്ട്. ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ സംയുക്ത പങ്കാളിത്തത്തിൽ ഇന്ത്യക്കായി പ്രത്യേകം പണിത MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് വിൽപ്പനയിലുള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമിത കാറുകളിലൊന്നാണ് സ്കോഡയുടെ സി-സെഗ്മെന്റ് പ്രീമിയം സെഡാൻ എന്നതും ശ്രദ്ധേയമാണ്.

മോഡേൺ ഫീച്ചറുകളാലും ആള് സമ്പന്നനനാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, സബ് വൂഫറോടുകൂടിയ 8-സ്പീക്കർ സൗണ്ട് സിസ്റ്റം, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലുമിനേറ്റഡ് ഫുട്‌വെൽ ഏരിയ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓട്ടോ വൈപ്പറുകൾ തുടങ്ങിയവയെല്ലാം സ്ലാവിയയുടെ ടോപ്പ് എൻഡ് പതിപ്പിലുണ്ട്.
കഴിഞ്ഞില്ല, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി പോലുള്ള മോഡേൺ ഫീച്ചറുകളാലും കാറ് സമ്പന്നമാണ്. 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് സ്ലാവിയയുടെ സുരക്ഷക്കായി യൂറോപ്യൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








