ബിഎംഡബ്ല്യു ഓടിക്കാൻ ചോദിച്ചപ്പോൾ അപമാനം, അതിലും കിടിലൻ ആഡംബര കാർ വാങ്ങി തൊപ്പിയുടെ മധുരപ്രതികാരം
യൂട്യൂബേഴ്‌സ് (Youtubers) എല്ലാം സെലിബ്രിറ്റികളായി മാറുന്ന കാലമാണ് ഇപ്പോഴുള്ളത്. കണ്ടന്റുണ്ടാക്കാൻ പല വഴികളും മാർഗങ്ങളും സ്വീകരിക്കാറുള്ള ഇക്കൂട്ടത്തിലെ പ്രമുഖനാണ് തൊപ്പി (Thoppi) എന്ന നിഹാദ്. കുട്ടികളും കൗമാരക്കാരുമടക്കം സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുള്ള തൊപ്പി ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ റീച്ച് കൂട്ടാനും ഇദ്ദേഹത്തിനായി. അമേരിക്കന്‍ യൂ ട്യൂബറായ ഐ ഷോ സ്പീഡിനെ പോലെയുള്ള അവതരണമാണ് തൊപ്പിയുടെ മറ്റൊരു പ്രത്യേകത. എന്തായാലും അടിക്കടി വിവാദങ്ങൾ സൃഷ്‍ടിച്ച് ആള് സോഷ്യൽ മീഡിയയൽ (Social media) കത്തി നിൽക്കുന്നുണ്ട്.
അടുത്തിടെ തൊപ്പിയുടെ ഡ്രൈവർ രാസലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെയും ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ നിരപരാധിയായതിനാൽ നിഹാദിനെതിരെ കേസൊന്നും പൊലീസ് ചാർജ് ചെയ്‌തിരുന്നില്ല. ഇപ്പോഴിതാ പുത്തനൊരു ആഡംബര സ്പോർട്‌സ് കാർ സ്വന്തമാക്കി ആരാധകരേയും ഫോളോവേഴ്‌സിനെയും ഞെട്ടിച്ചിരിക്കുകയാണ് കക്ഷി. പണ്ട് ഗെയിമറായ കാസ്ട്രോയോട് ബിഎംഡബ്ല്യു ഓടിക്കാൻ ചോദിച്ച് നാണംകെട്ടതിനുള്ള തൊപ്പിയുടെ മധുരപ്രതികാരമാണിത്.

ആ വീഡിയോയും ഉൾക്കൊള്ളിച്ചാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് കൂപ്പെ വാങ്ങിയ വിവരം തൊപ്പി ഇൻസ്റ്റഗ്രാം റീലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ഒരുനാൾ' ഇത്തരമൊരു വണ്ടിവാങ്ങുമെന്ന് കാസ്ട്രോയുടെ കാറിലിരുന്ന് നിഹാദ് അന്നേ പ്രതിജ്ഞ ചെയ്‌തിരുന്നു. ആ ഒരു സ്വപ്‌നം ജർമൻ കാറിലൂടെ തന്നെ വീട്ടിയിരിക്കുകയാണ്. ടൂ ഡോർ സ്പോർട്‌സ് കാറിന്റെ സെക്കൻഡ് ഹാൻഡ് മോഡലാണ് തൊപ്പിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
മിഷൻ ഇംപോസിബിൾ: ഗോസ്റ്റ് പ്രോട്ടോക്കോളിലൂടെ വണ്ടിഭ്രാന്തൻമാരുടെ കണ്ണുടക്കിയ മോഡലാണ് ബിഎംഡബ്ല്യു 6 സീരീസ് കൂപ്പെ. പെട്രോൾ ബിഎംഡബ്ല്യു 650i കൂപ്പെ, ഡീസൽ ബിഎംഡബ്ല്യു 640d കൂപ്പെ വേരിയൻ്റുകളിൽ ഇന്ത്യയിൽ എത്തിയിരുന്ന മോഡലിന് യഥാക്രമം 74.99 ലക്ഷം, 84.99 ലക്ഷം എന്നിങ്ങനെയായിരുന്നു എക്സ്ഷോറൂം വിലയുണ്ടായിരുന്നത്. ഇതിലെ പെട്രോൾ പതിപ്പാണ് തൊപ്പിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

കൂപ്പെ, കൺവേർട്ടിബിൾ, ഗ്രാൻ കൂപ്പെ ബോഡി ശൈലികളിലും ബിഎംഡബ്ല്യു 6 സീരീസ് സ്വന്തമാക്കാനാവും. ഇതിലെ കൂപ്പെ സെഡാനാണ് തൊപ്പി വാങ്ങിയിരിക്കുന്നത്. ഇതിൽ വ്യത്യസ്‌ത എഞ്ചിൻ കോമ്പിനേഷനുകളും ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഉപയോഗിച്ചിട്ടുണ്ട്. പെട്രോൾ പതിപ്പിൽ ശക്തമായ 4.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. അത് 407 bhp കരുത്തിൽ പരമാവധി 600 Nm ടോർക്ക് വരെ സൃഷ്ടിക്കാൻ യോഗ്യമാണ്.
അടുത്തിടെ സെക്കൻഡ് ടൊയോട്ട ഫോർച്യൂണറും തൊപ്പി സ്വന്തമാക്കിയിരുന്നു. മുമ്പ് ടാറ്റ നാനോ ആയിരന്നു യൂട്യൂബറുടെ ആദ്യ വാഹനം. പിന്നീട് ഫോർച്യൂണറും ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ 6 സീരീസ് കൂപ്പെ കാറും കൂടിയായപ്പോൾ തൊപ്പിയുടെ റേഞ്ച് തന്നെ മാറി. 3.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻ്റർകൂൾഡ്, 4-സിലിണ്ടർ ഡീസൽ എഞ്ചിനുമായി വരുന്ന ടൊയോട്ട എസ്‌യുവിയുടെ 2009-2012 മോഡലാണ് യൂട്യൂബർ അന്ന് വാങ്ങിയത്.

5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 168 bhp പവറിൽ പരമാവധി 343 Nm torque വരെ നിർമിക്കാൻ കഴിയുമായിരുന്നു. നല്ല ഡീസൽ എഞ്ചിനും പെർഫോമൻസും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രൻ റീസെയിൽ വാല്യുവും ഫോർച്യൂണറിന് മാത്രമുള്ള പ്രത്യേകതയാണ്. എന്തായാലും പുത്തൻ കാർ വാങ്ങിയ വിവരം റീലിലൂടെ അറിയിച്ച തൊപ്പിയുടെ വീഡിയോ വൈറലായിട്ടുണ്ട്. ഇതിനോടകം 5 ലക്ഷത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്കടിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








