കുട്ടികളുടെ സൂപ്പർ ഹീറോ, മില്യൺ ഫോളോവേഴ്‌സുള്ള സെലിബ്രിറ്റി യൂട്യൂബർ, ഫോർച്യൂണർ സ്വന്തമാക്കി തൊപ്പി
പ്രായഭേദമന്യേ ഇന്ന് മനുഷ്യ ജീവിതത്തിൽ സോഷ്യൽ മീഡിയ (Social Media) വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനാൽ തന്നെ ഇവിടങ്ങിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കാനും കൂടുതൽ ഫോളോവേഴ്‌സിനെ കിട്ടാനുമായി കാട്ടിക്കൂട്ടുന്ന വഷളത്തരങ്ങളും ചെറുതല്ലെന്ന് വേണം പറയാൻ. മിക്കവരും വ്ലോഗിംഗ് കരിയറായി കണ്ട് മുന്നോട്ട് പോവുമ്പോൾ വലിയൊരു വിഭാഗത്തിന് ഇതൊരു വരുമാനമാർഗം തന്നെയാണ്. ഇവരും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസുള്ളവരാണ്. അത്തരത്തിൽ കുട്ടികളും കൗമാരക്കാരുമടക്കം സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുള്ളയാളാണ് തൊപ്പി (Thoppi) എന്ന നിഹാദ്. യൂട്യൂബിലൂടെ തുടങ്ങി ഇന്ന് കേരളം മുഴുവൻ അറിയപ്പെടുന്ന പേരായി തൊപ്പി മാറിയിട്ടുണ്ട്.
ചെറുപ്പം മുതലേ ഗെയിമിംഗില്‍ താത്പര്യമുണ്ടായിരുന്ന തൊപ്പി ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇന്‍സ്റ്റാഗ്രാം റീല്‍സ് തൊപ്പിക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെയും നേടിക്കൊടുത്തു. അമേരിക്കന്‍ യൂ ട്യൂബറായ ഐ ഷോ സ്പീഡിനെ പോലെയുള്ള അവതരണമാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് റീച്ച് കൂടുതൽ കിട്ടാൻ കാരണമായതെന്നും വേണമെങ്കിൽ പറയാം.

ആദ്യം കുട്ടികൾക്കിടയിൽ വലിയ താരമായിരുന്ന തൊപ്പി പിന്നീട് മലപ്പുറത്ത് ഒരു കട ഉദ്ഘാടനത്തിന് എത്തിയതോടെയാണ് മറ്റുള്ളവരിലേക്കും എത്തിയത്. അന്ന് സോഷ്യൽ മീഡിയയിലെ ട്രോളുകളിലൂടെ ഇദ്ദേഗം തരംഗമായി മാറിയ കാലമൊക്കെ മലയാളികൾ ഓർത്തെടുക്കുന്നുണ്ടാവും. തൊപ്പിയെ കാണാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് അന്ന് ഉദ്ഘാടനം ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.
കട ഉദ്ഘാടനം ചെയ്യാൻ എത്തിയ തൊപ്പിയുടെ പാട്ട് അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. സോഷ്യൽ മീഡിയയിലെ വിവാദ യൂട്യൂബറായാണ് ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ലെവൽ മാറിയ ഇദ്ദേഹം ഇന്ന് മിക്കവരുടേയും ഇഷ്‌ടപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ ഒരാളായി മാറിയിട്ടുണ്ട്. തൊപ്പിയുടെ mrz thoppi എന്ന യൂട്യൂബ് ചാനലിന് 6 ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്‌സും ഇൻസ്റ്റഗ്രാമിൽ 1 മില്യൺ ഫോളോവേഴ്‌സുമാണ് ഇന്നുള്ളത്.

ഇപ്പോഴിതാ തന്റെ ഡ്രീം കാറുകളിൽ ഒന്നായ ടൊയോട്ട ഫോർച്യൂണർ സ്വന്തമാക്കിയിരിക്കുകയാണ് തൊപ്പി. 60 പക്ഷം മുടക്കി പുതിയതല്ല വാങ്ങിയിരിക്കുന്നത്. പകരം യൂസ്‌ഡ് കാർ മാർക്കറ്റിൽ തന്നെ വമ്പൻ ഡിമാന്റുള്ള എസ്‌യുവിയുടെ സെക്കൻഡ് ഹാൻഡ് മോഡലാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ തൊപ്പി കൂടെക്കൂട്ടിയിരിക്കുന്നത്. ഈസിവേ കാർ എന്ന യൂസ്‌ഡ് കാർ ബ്രാൻഡിൽ നിന്നും തൊപ്പി വണ്ടിയുടെ ഡെലിവറിയെടുക്കുന്ന വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
യൂസ്‌ഡ് വാഹനമായതിനാൽ തന്നെ ഇതിന്റെ വിലയൊന്നും ഇപ്പോൾ അറിവല്ല. നിലവിൽ ഇന്ത്യയിലെ സെക്കൻഡ് കാർ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഡിമാന്റുള്ളതുമായ എസ്‌യുവിയാണിത്. മുമ്പ് ടാറ്റ നാനോ സ്വന്തമാക്കിയതിനു പിന്നാലെ തൊപ്പിയുടെ ഗരാജിലേക്ക് എത്തുന്ന രണ്ടാമത്തെ കാറാണ് ടൊയോട്ട ഫോർച്യൂണർ. ഇൻസ്റ്റ റീലിൽ കാണുന്നത് പ്രകാരം ഫുൾ-സൈസ് എസ്‌യുവിയുടെ 2009-2012 മോഡലാണ് യൂട്യൂബർ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
അക്കാലത്തെ ടൊയോട്ട ഫോർച്യൂണർ എസ്‌യുവിക്ക് 3.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻ്റർകൂൾഡ്, 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. ഇത് 168 bhp കരുത്തിൽ പരമാവധി 343 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓൺ-റോഡിലും ഓഫ്-റോഡിലും ഒരേ പോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും ഈ വാഹനത്തിനാവും.
അന്ന് വിപണിയിലെത്തിയപ്പോൾ പുത്തൻ ഫോർച്യൂണറിന് 20 ലക്ഷത്തിന് മുകളിലായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വിലയുണ്ടായിരുന്നത്. അന്ന് ഫോർഡ് എൻഡവർ പോലുള്ള വമ്പൻ എതിരാളികളുണ്ടായിരുന്നുവെങ്കിലും അന്നും ഇന്നും എന്നും ടൊയോട്ടയുടെ എസ്‌യുവിയുടെ ഡിമാന്റ് വേറെ ലെവലായിരുന്നു. നല്ല ഡീസൽ എഞ്ചിനും പെർഫോമൻസും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രൻ റീസെയിൽ വാല്യുവും ഫോർച്യൂണറിന് മാത്രമുള്ള പ്രത്യേകതയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








