ടൊയോട്ടയുമല്ല, മാരുതിയുമല്ല! 10 ലക്ഷം കിലോമീറ്റർ ഓടിയ ഹോണ്ട അക്കോർഡുമായി ചേർത്തലക്കാരൻ
മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗമായി വാഹനങ്ങൾ മാറിക്കഴിഞ്ഞിരിക്കുകയാണ്. അതിനാൽ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നൊരു കാർ വാങ്ങുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലതാനും. ഒട്ടുമിക്ക വീടുകളിലും കാറുകൾ ഇടംപിടിച്ചു കഴിഞ്ഞു. എന്നാൽ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഒരു വാഹനം തന്നെ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. 1 ലക്ഷം കിലോമീറ്ററിനടുത്ത് ഓടുമ്പോഴേക്കും മറ്റൊരു മോഡൽ സ്വന്തമാക്കാറാണ് ഇന്ത്യക്കാരുടെ പതിവ്. എന്നാൽ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഓടിയ കാറുകളുമായി ഇപ്പോഴും സഞ്ചരിക്കുന്നവരും നമുക്കിടയിലുണ്ട്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഓഡോമീറ്ററിൽ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയ ടൊയോട്ട അല്ലെങ്കിൽ മാരുതി കാറുകൾ ഉപയോഗിക്കുന്നവർ ചിലപ്പോൾ നിങ്ങളുടെ പരിചയത്തിലുമുണ്ടാവാം.
ടൊയോട്ടയെയും മാരുതിയെയും വെല്ലാൻ ഇക്കൂട്ടത്തിൽ മറ്റൊരു ജാപ്പനീസ് വാഹന നിർമാതാക്കൾ കൂടിയുണ്ട് കേട്ടോ. മറ്റാരുമല്ല ഹോണ്ടയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. ഹോണ്ട കാറുകൾ എന്നും ഇന്ത്യക്കാർക്ക് പ്രിയങ്കരമാണ്. വിശ്വസനീയമായ എഞ്ചിനുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ഇപ്പോഴിതാ 10 ലക്ഷം കിലോമീറ്റർ താണ്ടിയ ഹോണ്ട അക്കോർഡാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

അതും V6 എഞ്ചിനുള്ള ഈ കാർ ഉപയോഗിക്കുന്നത് ചേർത്തലയിൽ നിന്നുള്ള ഒരു മലയാളി കൂടിയാണെന്നത് അറിയുമ്പോൾ നമുക്ക് ഇരട്ടി സന്തോഷം തരുന്ന കാര്യമാണ്. എന്നാൽ കാനഡയിലാണ് അരുൺ ഘോഷ് എന്നയാൾ തന്റെ ഹോണ്ട അക്കോർഡ് 10 ലക്ഷം കിലോമീറ്ററോളം ഓടിച്ചത്. 999999 ലക്ഷം കി.മീ. ആയപ്പോഴേക്കും ഓഡോമീറ്റർ പ്രവർത്തിക്കാതെയുമായി. ഉന്നത പഠനത്തിനും മെച്ചപ്പെട്ട ജീവിത നിലവാരത്തിനുമായി 2017-ൽ കേരളത്തിലെ ചേർത്തലയിൽ നിന്ന് അരുൺ കാനഡയിലേക്ക് ചേക്കേറുന്നത്.
അതിനുശേഷം നമ്മളിൽ മിക്കവരേയും പോലെ അരുണും തൻ്റെ ഡ്രീം കാർ സ്വന്തമാക്കാനുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഹോണ്ട അക്കോർഡ് V6 തെരഞ്ഞെടുക്കുന്നത്. അക്കോർഡിൻ്റെ V6 വേരിയൻ്റാണ് ഹോണ്ട ഇന്ത്യയിൽ കുറച്ച് കാലം പുറത്തിറക്കിയിരുന്നു. എന്നാൽ ഒരു പെർഫോമൻസ് അധിഷ്ഠിത മോഡലായിരുന്നതിനാൽ ഇവിടയത് കാര്യമായി വിറ്റഴിഞ്ഞിരുന്നില്ല.

എന്തായാലും എല്ലാ ഇന്ത്യക്കാരേയും പോലെ തന്നെ ഹോണ്ട അക്കോർഡിന്റെ 90,000 കിലോമീറ്ററുകളോളം ഓടിയ പ്രീ-ഓൺഡ് കാറായിരുന്നു ഇദ്ദേഹം സ്വന്തമാക്കിയത്. നിലവിൽ ഡെലിവറി, റൈഡ് ഷെയർ ഡ്രൈവറായാണ് ഇദ്ദേഹം കാനഡയിൽ ജോലി ചെയ്യുന്നത്. വൈകാതെ ഓട്ടോമൊബൈൽ രംഗത്തേക്ക് കടക്കാനാകുമെന്നാണ് അരുണിന്റെ പ്രതീക്ഷ. വണ്ടിയെടുത്ത് 5 ലക്ഷം കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വാഹനമൊന്ന് മാറിയാലോയെന്ന് ചിന്തിച്ചെങ്കിലും സുഹൃത്തുക്കളാണ് അക്കോർഡ് തന്നെ തുടർന്നും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചത്.
അന്നുമുതൽ 10 ലക്ഷം എന്ന മാന്ത്രിക സംഖ്യ കൈവരിക്കാനുള്ള ലക്ഷ്യവും അരുണിനൊപ്പം മനസിൽ കൂടി. പത്ത് ലക്ഷത്തിലെത്താൻ 100 കിലോമീറ്ററുകൾ കൂടി മതിയെന്നുള്ള സാഹചര്യത്തിൽ ജൂലൈ 30-ന് അരുൺ ഘോഷ് സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. യുഎസ് അതിർത്തിയിലെ പീസ് ബ്രിഡ്ജിന് സമീപത്തുനിന്നാണ് ഈ യാത്ര ആരംഭിച്ചത്. ഓഡോമീറ്റർ റീഡിംഗ് ഉടൻ 1,000,000 കിലോമീറ്ററിലെത്തുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം കാർ ഓടിച്ചത്.

പക്ഷേ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടന്നില്ല. ഓഡോമീറ്റർ റീഡിംഗ് 1,000,000 കിലോമീറ്റർ മാർക്ക് കാണിക്കുന്നതിന് പകരം 999,999 മാത്രമേ കാണിക്കുന്നുള്ളൂ. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഈ സംഖ്യയിൽ വെച്ച് നിന്നുപോവുകയായിരുന്നു. നിരാശനായ അരുൺ ഘോഷ് തൻ്റെ 10 ലക്ഷം കിലോമീറ്റർ നേട്ടം എളുപ്പത്തിൽ രേഖപ്പെടുത്താൻ കഴിയുന്ന ഒരു കസ്റ്റമൈസ്‌ഡ് ഏഴക്ക ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ നൽകാൻ അരുൺ ഇപ്പോൾ ഹോണ്ടയോട് അഭ്യർഥിച്ചിട്ടുണ്ട്.
കാനഡയിലെ ഒരു പ്രാദേശിക ഹോണ്ട ഡീലർഷിപ്പ് നിലവിൽ അരുൺ ഘോഷിനെ സഹായിക്കുന്നതിനുള്ള ഓപ്ഷനുകളും സാധ്യതകളും പരിശോധിച്ചുവരികയാണ്. ഒരു ശരാശരി കനേഡിയനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇദ്ദേഹം ആറിരട്ടിയിൽ കൂടുതൽ വാഹനം ഡ്രൈവ് ചെയ്യുന്നുണ്ട്. ഒരു കനേഡിയൻ പ്രതിവർഷം ശരാശരി 20,000 കിലോമീറ്റർ വാഹനം ഓടിക്കുന്നുവെന്നാണ് കാർഫാക്സ് കാനഡ അവരുടെ വെബ്‌സൈറ്റിൽ പറയുന്നത്. അവിടെയാണ് എല്ലാ വർഷവും അരുൺ ശരാശരി 130,000 കിലോമീറ്ററോളം കാറോടിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








