യൂസഫലിയുമല്ല, അംബാനിയുമല്ല! ഏറ്റവും പുതിയ കലിനൻ സീരിസ് 2 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഈ കണ്ണൂർക്കാരൻ
ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാറുകളുടെ മുഴുവൻ ലിസ്റ്റും അറിയാവുന്നവരാവും മലയാളികളായ വണ്ടിഭ്രാന്തൻമാർ. ഇന്ത്യയിലെ ടോക്കിയോ എന്ന് കേരളം അറിയപ്പെടുന്നതിനും പ്രധാന കാരണം വാഹനങ്ങളോട് നമുക്കുള്ള വല്ലാത്ത അടുപ്പമാണ്. ലംബോർഗിനി, ബെന്റ്ലി, റോൾസ് റോയ്‌സ്, മക്ലാരൻ, ഫെറാറി അങ്ങനെ സൂപ്പർകാർ നിർമാതാക്കൾക്കെല്ലാം ഏറ്റവും കൂടുതൽ ഫാൻസുള്ളതും നമ്മുടെ ഈ മണ്ണിലാണ്. ഇതുവരെ ഒന്ന് കയറാനോ ഓടിക്കാനോ അവസരമൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരം കാറുകളെയെല്ലാം സ്നേഹിക്കാൻ സാധാരണക്കാരന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. എംഎ യൂസഫിലി പോലുള്ള പ്രമുഖ വ്യവസായികളും സിനിമ നടൻമാരുമെല്ലാം ആഡംബര കാറുകൾ വാങ്ങുന്ന വാർത്തകളെല്ലാം മലയാളികൾ ആഘോഷിക്കാറുണ്ട്.
അത്തരത്തിൽ മലയാളികൾക്ക് അഭിമാനിക്കാവുന്നൊരു വാർത്തയാണ് ഇനി പറയാൻ പോവുന്നത്. നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊട്ടിപാളീസായ പ്രവാസി മലയാളി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സിന്‍റെ 2025 മോഡലായ കലിനൻ സീരിസ് 2 സ്വന്തമാക്കിയതാണ് ആ സന്തോഷവാർത്ത. യുഎഇയിലെ യുവ സംരംഭകൻ കണ്ണൂർ സ്വദേശി നിഷാദ് ഹുസൈനാണ് ലോകത്തെ തന്നെ ഏറ്റവും വിലകൂടിയ കാറുകളിൽ ഒന്ന് വാങ്ങിയിരിക്കുന്നത്.

മുമ്പ് മുകേഷ് അംബാനി കലിനൻ സീരീസ് 2 സ്വന്തമാക്കിയിരുന്നുവെങ്കിലും റോൾസ് റോയ്സിന്‍റെ ഏറ്റവും പുതിയ മോഡൽ കലിനൻ സീരിസ് 2 ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയാണ് നിഷാദിന്റെ പേരിലായിരിക്കുന്നത്. ബുക്ക് ചെയ്ത് രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് നിഷാദിന് കാർ ലഭിച്ചതെന്നാണ് വിവരം. ദുബായ് ഷോറൂമിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്‌സ് എജിഎംസി ഡയറക്ടർ മംമ്ദു ഖൈറുല്ല നിഷാദിന് ചലിക്കുന്ന കൊട്ടരത്തിന്റെ താക്കോൽ കൈമാറി.
ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുമുണ്ട്. യുഎയിലെ പ്രമുഖ ഹോൾഡിംഗ് കമ്പനിയായ വേൾഡ് സ്റ്റാറിന്റെ ചെയർമാനാണ് നിഷാദ് ഹുസൈൻ. നിസാൻ സണ്ണിയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ വാഹനമെങ്കിലും പിന്നീട് സംരംഭം വിജയിച്ചതോടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കൊപ്പം വിലക്കൂടി കാറുകളും നിഷാദ് സ്വന്തമാക്കിയിട്ടുണ്ട്. തികഞ്ഞൊരു വണ്ടിഭ്രാന്തനാണെന്ന് കക്ഷിയുടെ ഗരാജ് കണ്ടാൽ തന്നെ പിടികിട്ടും.

മെർസിഡീസ് ബെൻസ് ജി വാഗൺ, ലാൻഡ് റോവർ ഡിഫെൻഡർ, ബെന്റ്ലി, ടൊയോട്ട ലാൻഡ് ക്രൂയിസർ VX, ലെക്സസ് LX എന്നിവയെല്ലാമാണ് നിഷാദ് ഹുസൈനിന്റെ യുഎഇയിലെ വാഹനങ്ങൾ. കഴിഞ്ഞവർഷം നാട്ടിൽ ഭാര്യയും പ്രവാസി സംരഭകയുമായ ഹസീന നിഷാദ് വാങ്ങിയ ഡിഫെൻഡർ ചില പ്രത്യേക കാരണങ്ങളാൽ 6 മാസത്തിലേറെ രജിസ്ട്രേഷൻ വൈകിയപ്പോൾ മന്ത്രി ഗണേഷ്‌കുമാർ ഇടപെട്ട് നടപടികൾ പൂർത്തീകരിച്ചത്.
എന്തായാലും പുതിയ മുഖത്തോടെയെത്തിയ റോള്‍സ് റോയ്‌സ് കലിനൻ സീരീസ് 2 ഗരാജിലെത്തിച്ചതിന്റെ ത്രില്ലിലാണ് യുവസംരംഭകരായ ഭാര്യയും ഭർത്താവും. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന മോഡൽ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 12 കോടി രൂപയിലേറെയാണ് ഇതിന്‍റെ വില വരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അത്യാഡംബര എസ്‌യുവി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

പുതിയ സ്റ്റൈലിംഗും പരിഷ്ക്കരിച്ച മോഡൺ ഇൻ്റീരിയറും നവീകരിച്ച സാങ്കേതികവിദ്യയുമായാണ് മുഖംമിനുക്കിയ റോൾസ് റോയ്‌സ് എസ്‌യുവി ഇന്ത്യൻ നിരത്തുകളിലേക്ക് കടന്നുവന്നിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് വാഹനത്തിന് മൊത്തത്തിലുള്ളതെന്ന് പറയേണ്ടതില്ലല്ലോ. L-ആകൃതിയിലുള്ള എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞ ഹെഡ്‌ലാമ്പുകളാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
പുതുക്കിയ ബമ്പറിലേക്ക് നീളുന്ന വിധത്തിലായതിനാൽ പ്രീമിയം ഫീൽ വർധിക്കുന്നുമുണ്ട്. റോള്‍സ് റോയ്‌സ് കലിനൻ സീരീസ് II എസ്‌യുവിയുടെ ഗ്രിൽ ചെറുതായി റീഡിസൈൻ ചെയ്യാനും കമ്പനി തയാറായിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റിനൊപ്പം റിയർ ബമ്പറിലും മാറ്റങ്ങൾ കാണാം. കലിനൻ്റെ അലോയ് വീൽ ഡിസൈനും നോക്കിനിന്നു പോവുന്ന അഴകിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
എക്സ്റ്റീരിയറിനേക്കാൾ ആഡംബരമാണ് റോള്‍സ് റോയ്‌സ് കലിനൻ സീരീസ് II പതിപ്പിനെ കൂടുതൽ മികവുറ്റതാക്കുന്നത്. ഡാഷ്‌ബോർഡിന് കുറുകെ മുഴുവൻ വീതിയുള്ള ഗ്ലാസ് പാനലാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഒപ്പം പുത്തൻ ഡിസ്പ്ലേ ക്യാബിനറ്റും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. അനലോഗ് ക്ലോക്കും അതിനടിയിൽ ഒരു മിനിയേച്ചറൈസ്ഡ്, ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കട്ടും ഇതിന് താഴെയായി കാണാം. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പുമായാണ് കലിനൻ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.
ഇത് പുതിയ ഗ്രാഫിക്സും ഡിസ്‌പ്ലേകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒപ്പം ഉടമകൾക്ക് അവരുടെ ഇൻസ്ട്രുമെന്റ്സിന്റെ നിറങ്ങൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുമായോ അപ്‌ഹോൾസ്റ്ററിയുമായോ പൊരുത്തപ്പെടുത്താൻ കഴിയുന്നിടത്തോളം കസ്റ്റമൈസേഷൻ ചെയ്യാനും കഴിയും. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഈ അത്യാഡംബര എസ്‌യുവിയിൽ പ്രവർത്തിക്കുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ റോള്‍സ് റോയ്‌സ് കലിനൻ സീരീസ് II സ്റ്റാൻഡേർഡ് വേരിയൻ്റിൽ എഞ്ചിന് 571 bhp പവറിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. അതേസമയം കൂടുതൽ പ്രീമിയമായ ബ്ലാക്ക് ബാഡ്ജ് എഡിഷനിൽ 600 bhp കരുത്തിൽ 900 Nm torque ആണ് വാഹനം നിർമിക്കുന്നത്. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് സ്റ്റാൻഡർഡായി ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








