ഇതിഹാസ എസ്‌യുവിയുടെ എണ്ണപ്പെട്ട മോഡൽ, 3 ലക്ഷത്തിന് സഫാരി സ്റ്റോം എക്സ്പ്ലോറർ എഡിഷൻ വാങ്ങി 'ഇ ബുൾ ജെറ്റ്'
ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്ന പേരാണ് ഇ ബുൾ ജെറ്റ് എന്ന യൂട്യൂബേഴ്‌സിന്റേത്. വ്ലോഗർമാരുടെ അറസ്റ്റും ഇതിന് പിന്നാലെ ഇവരുടെ ഫാൻസുകാരെന്ന് പറയപ്പെടുന്നവരുടെ നിയമലംഘന ആഹ്വാനവുമെല്ലാം പ്രധാന വാർത്തകളായത് മലയാളികൾ ഇന്നും മറന്നിട്ടുണ്ടാവില്ല. ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയതും നെപ്പോളിയൻ എന്ന് പേരിട്ടതുമെല്ലാം ഇവരുടെ റീച്ച് കൂട്ടിയ കാര്യങ്ങളായിരുന്നു. പിന്നീട് എംപിവി പിടിച്ചതും അതിനെ തുർന്നുണ്ടായ പൊല്ലാപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചയായിരുന്നു. ഈ വിവിദം മാറ്റി നിർത്തിയാൽ വ്യത്യസ്‌തമായ ട്രാവൽ കണ്ടന്റുകളുമായി യുവാക്കൾക്കിടയിൽ തരംഗമായവരമാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ വ്‌ലോഗര്‍ എബിന്‍ വര്‍ഗീസും ലിബിന്‍ വര്‍ഗീസും.
ഇന്നും വമ്പൻ ഫോളോവേഴ്‌സുള്ള ഇവർക്ക് യൂട്യൂബിൽ മാത്രം 2.17 മില്യൺ സബ്സ്ക്രൈബേഴ്‌സാണുള്ളത്. വാഹനത്തിൽ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ട്രാവൽ വീഡിയോകൾ ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇപ്പോഴിതാ അവരുടെ ഗരജാലിലേക്ക് ഇന്ത്യയിലെ എക്കാലത്തേയും മികച്ച എസ്‌യുവികളിൽ ഒന്ന് എത്തിയിരിക്കുകയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഡൽഹി വണ്ടികൾക്കുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്.

പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഇവിടുത്തെ വാഹനങ്ങൾ വലിയ ട്രെൻഡാണ്. ചുളുവിലയ്ക്ക് ടൊയോട്ട ഇന്നോവയും ഫോർച്യൂണറുമെല്ലാം ഏറ്റവും കൂടുതൽ വാങ്ങുന്നതും കേരളത്തിൽ നിന്നുള്ളവരാണ്. അവിടുത്തെ ഡീസൽ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കുറഞ്ഞ വിലയ്ക്ക് ഇത്തരം മോഡലുകൾ കിട്ടാൻ കാരണം. ഡൽഹി രജിസ്ട്രേഷനിലുള്ള ടാറ്റ സഫാരിയാണ് ഇ ബുൾ ജെറ്റ് സഹോദരൻമാർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
ടാറ്റ സഫാരിയുടെ ഏറ്റവും ഫാൻബേസുള്ള ആവർത്തനങ്ങളിലൊന്നായ സ്റ്റോമിന്റെ പ്രത്യേക പതിപ്പായ എക്സ്പ്ലോറർ എഡിഷനാണ് ഇവർ വാങ്ങിയിരിക്കുന്നത്. 3 ലക്ഷം രൂപ മുടക്കിയാണ് ഈ ഇതിഹാസ വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. അടുത്തിടെ ചെർപ്പുളശ്ശേരി - പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വെച്ച് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ കാർ അപകടത്തിൽ പെട്ടിരുന്നു. അതും ഒരു ടാറ്റ സഫാരിയായിരുന്നു. ഇതിന് പകരമായാണ് ഇവർ എസ്‌യുവി സ്വന്തമാക്കിയത്.

2013-ലാണ് ടാറ്റ മോട്ടോർസ് അവരുടെ ഇതിഹാസ എസ്‌യുവിയായ സഫാരി സ്റ്റോമിന്റെ എക്സ്പ്ലോറർ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതിപ്പിക്കുന്നത്. 10.86 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അന്ന് നൽകിയിരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് സ്റ്റോമിൽ നിന്ന് വ്യത്യസ്‌തമാക്കാനായി ലിമിറ്റഡ് എഡിഷൻ മോഡലിൽ കമ്പനി ഡീക്കലുകളും ഒരു പ്രൊമിനന്റ് ഫ്രണ്ട് നഡ്ജ് ഗാർഡും ഉൾപ്പെടുന്ന നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും അവതരിപ്പിച്ചിരുന്നു.
ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററിയും ഓൺ-സ്‌ക്രീൻ റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റും ഉള്ള 2-DIN ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും ടാറ്റ സഫാരി സ്റ്റോം എക്സ്പ്ലോറർ എഡിഷന്റെ പ്രത്യേകതയായിരുന്നു. എക്സ്റ്റീരിയറിലും നിരവധി നവീകരണങ്ങൾ കാണാമായിരുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കുമായി ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, സൈക്കിൾ കാരിയർ, കാർഗോ ബാസ്‌ക്കറ്റ്, റൂഫ് ഫിറ്റഡ് കനോപ്പി തുടങ്ങിയ ഓപ്‌ഷണൽ കൂട്ടിച്ചേർക്കലുകൾ എന്നിവയെല്ലാം ഇതിന്റെ പത്യേകതകളായിരുന്നു.

സ്റ്റാൻഡേർഡ് സഫാരി സ്റ്റോമിൻ്റെ EX വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ മോട്ടോർസ് ലിമിറ്റഡ് എഡിഷൻ പതിപ്പിനെ ഒരുക്കിയിത്. അതിനാൽ അധിക കൂട്ടിച്ചേർക്കലുകൾക്കൊപ്പം സമാനമായ ഫീച്ചർ നിരയായിരുന്നു എസ്‌യുവിക്കുണ്ടായിരുന്നത്. 150 bhp പവറിൽ പരമാവധി 320 Nm torque ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ വാരികോർ ടർബോചാർജ്ഡ് എഞ്ചിനായിരുന്നു ഇതിന്റെ ഹൃദയം.
അക്കാലത്ത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അത്ര ജനകീയമല്ലാതിരുന്നതിനാൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരുന്നു ടാറ്റ സഫാരി സ്റ്റോമിൽ ഉണ്ടായിരുന്നത്. 4x2, 4x4 സെറ്റപ്പിലും എക്സ്പ്ലോറർ എഡിഷൻ ലഭ്യമായിരുന്നുവെന്നാണ് വിവരം. പാർക്ക് അസിസ്റ്റ്, നാവിഗേഷൻ, ടച്ച് സ്‌ക്രീൻ എന്നിവ പോലുള്ള അധിക ഫീച്ചറുകൾ എതിരാളികളിൽ നിന്നും വേറിട്ടുനിൽക്കാൻ എസ്‌യുവിയെ സഹായിച്ചിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








