സിനിമ കഴിഞ്ഞാൽ പോവുന്നത് ഈ ആഗ്രഹം തീർക്കാൻ... ചെളിയിൽ വീണ ആഡംബര ബൈക്കിനൊപ്പം മഞ്ജു
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി കരുതുന്ന നടിയാണ് മഞ്ജു വാര്യർ (Manju Warrier). ഒരുകാലത്ത് ശക്തമായ നിരവധി സ്ത്രീകഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് ക്യാമറയ്ക്ക് മുന്നിൽ നിന്നും മാറിനിൽക്കുന്നത്. അക്കാലത്തെല്ലാം മലയാളികൾക്ക് ചോദിക്കാനുണ്ടായിരുന്നത് താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു. പിന്നീട് ദിലീപുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുകയായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പണ്ടേ വിളിപ്പേരായി കിട്ടിയിട്ടുണ്ട്. തിരിച്ചുവരവിൽ മലയാളത്തിന് പുറമെ തമിഴിലും വിലപിടിപ്പുള്ള താരമായി മാറാൻ മഞ്ജു വാര്യർക്ക് സാധിച്ചിട്ടുണ്ട്.
തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം തുനിവിൽ അഭിനയിച്ചതോടെ സിനിമകൾക്ക് പുറമെ യാത്രകളോടും ബൈക്കുകളോടും പ്രത്യേക താത്പര്യവും മഞ്ജു വാര്യർക്കുണ്ടായി. അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ലഡാക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനു ശേഷമാണ് എന്തുകൊണ്ട് ഒരു ബൈക്ക് വാങ്ങിക്കൂടാ എന്ന ചോദ്യം മഞ്ജു സ്വയം ചോദിച്ചുതുടങ്ങിയത്. പക്ഷേ ഓടിക്കാൻ അറിഞ്ഞുകൂടാത്തത് വലിയൊരു പോരായ്‌മയായിരുന്നു.

ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം ഒപ്പം കൂടിയത്. അങ്ങനെ ലൈസൻസ് എടുത്തതും ബൈക്ക് സ്വന്തമാക്കിയതും എല്ലാം വളരെ വേഗത്തിലായിരുന്നു. കഴിഞ്ഞ വർഷമാണ് മഞ്ജു ബൈക്കുകളിലെ അത്യാഡംബര മോഡലായ ബിഎംഡബ്ല്യു R 1250 GS സ്വന്തമാക്കിയത്. അഭിനയത്തിൻ്റെ ഇടവേളകളിൽ നടി ഇപ്പോൾ ഈ പാഷൻ്റെ പിന്നാലെയാണ്. ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ജർമൻ മോട്ടോർസൈക്കിൾ വണ്ടിഭ്രാന്തൻമാരുടെ ഇഷ്ട വാഹനമാണ്.
ബൈക്കിൽ യാത്ര നടത്തുന്ന ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. ചെളി പറ്റിയ ബെെക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഒപ്പം റൈഡ് ചെയ്ത സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് താരം നന്ദിയും അറിയിക്കുന്നുണ്ട്.

സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധിപ്പേർ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നുണ്ട്. അന്ന ബെൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തി. എന്തായാലും താരത്തിന്റെ പുതിയ ഹോബി പലർക്കും പ്രോത്സാഹനമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. പ്രീമിയം അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന മഞ്ജു വാര്യരുടെ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയോളം വരും.
സൂപ്പർതാരം അജിത് തന്നെയാവാം മഞ്ജുവിനോട് ഈ മോഡൽ എടുക്കാൻ നിർദേശിച്ചതും. ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റയാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. കാഴ്ച്ചയിൽ തന്നെ ഭീമാകാരമായ ലുക്കാണ് ഈ ആഡംബര മോട്ടോർസൈക്കിളിനുള്ളത്. വലിപ്പത്തിന്റെ കാര്യത്തിൽ നമ്മുടെ നാട്ടിലെ ചില കാറുകളേക്കാൾ സൈസാണിവൻ.

X-ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളുമാണ് ബിഎംഡബ്ല്യു ആഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഹെഡ്‌ലാമ്പുകൾക്ക് ക്രൂയിസിംഗ് ലൈറ്റുകളും ഫംഗ്‌ഷൻ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്റർ ബൾബുകളും ഉള്ള ഫീച്ചറുകളും വരെ ലഭിക്കുന്നുണ്ട്. ഹീറ്റഡ് ഗ്രിപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ സോക്കറ്റുകൾ, 12 വോൾട്ട് ഓൺ ബോർഡ് സോക്കറ്റ്, 5 വോൾട്ട് പവർ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് TFT സ്‌ക്രീൻ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
ഇതുകൂടാതെ റൈഡറുടെ സുരക്ഷക്കും സൌകര്യങ്ങൾക്കുമായി ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നീ സംഗതികളും ബിഎംഡബ്ല്യു R 1250 GS മോഡലിൽ സ്റ്റാൻഡേർഡായി ഒരുക്കിയിരിക്കിയിട്ടുണ്ട്. 1254 സിസി ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് പ്രീമിയം അഡ്വഞ്ചർ ടൂററിന്റെ ഹൃദയം.
6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ വലിയ എഞ്ചിൻ 136 bhp കരുത്തിൽ പരമാവധി 143 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബിഎംഡബ്ല്യു ബൈക്കിന് പുറമെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യരിന്റെ ഗരാജിൽ മിനി കൂപ്പർ SE ഇലക്ട്രിക്, റേഞ്ച് റോവർ പോലുള്ള മറ്റ് ആഡംബര കാറുകളുമുണ്ട്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന വേട്ടയ്യനിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








