മാനുവൽ പ്രിന്റിംഗ് മുതൽ ഓൺലൈൻ ബുക്കിംഗ് വരെ, ട്രെയിൻ ടിക്കറ്റിന്റെ ഞെട്ടിക്കുന്ന മാറ്റം!
രാജ്യത്ത് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര മാര്‍ഗങ്ങളിലൊന്നാണ് ട്രെയിൻ യാത്രകളെന്ന് നമുക്ക് ഏവർക്കും അറിയാം. കുറഞ്ഞ ചെലവിലുള്ള യാത്ര എന്നതിലുപരി തീവണ്ടിയിലുള്ള സഞ്ചാരം പലർക്കും ഏറെയിഷ്‌ടമുള്ള കാര്യമാണ്. ഇടയ്ക്ക് ടോയ്‌ലറ്റിൽ പോവാനായാലും ഒന്ന് കാപ്പി കുടിക്കണമെന്ന് തോന്നിയാലോ എല്ലാം ട്രെയിനിൽ തന്നെ ലഭ്യമാവും. അതിനാൽ കാര്യമായ ആശങ്കകളൊന്നുമില്ലാതെ ഇവിടെ യാത്ര ചെയ്യാം.
പക്ഷേ ടിക്കറ്റെടുക്കാൻ മറക്കരുതെന്ന് മാത്രം. ഇപ്പോൾ യാത്ര ട്രെയിനിലായാലും വിമാനത്തിലായാലും ബസിലായാലും എല്ലാവരും ടിക്കറ്റ് എടുക്കുന്നത് ഓണ്‍ലൈനിലാണ്. അതും വീട്ടിലിരുന്ന് ഏതാനും ക്ലിക്കിലൂടെ സംഭവം നമ്മുടെ മൊബൈലിൽ എത്തുകയും ചെയ്യും. പണ്ടുകാലത്തെപ്പോലെ വരിനിന്ന് ടിക്കറ്റ് എടുക്കുന്ന ആളുകളും കുറവല്ലെന്നു വേണം പറയാൻ. എപ്പോഴും പരമ്പരാഗതമായ കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് ഇവരെല്ലാം. അതുപോട്ടെ, സംഭവം എന്തായാലും ടിക്കറ്റ് കിട്ടുമല്ലോ...

മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രയാണെങ്കില്‍ നമ്മള്‍ ടിക്കറ്റ് നേരത്തെ എടുത്ത് വെക്കാറാണ് പതിവ്. ട്രെയിൻ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് നമ്മുടെയെല്ലാം ജീവിതം എളുപ്പമാക്കി. ശരിക്കും പറഞ്ഞാൽ ഇതൊരു വിപ്ലവകരമായ തുടക്കമായിരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന്റെ കാര്യത്തിൽ യാത്രക്കാർക്ക് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഇന്ത്യൻ റെയിൽവേ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും പ്രീ-കമ്പ്യൂട്ടർ യുഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു.
കാരണം റെയിൽവേ സ്റ്റേഷനിൽ പോയി റിസർവേഷൻ കൗണ്ടറിൽ പോയി വലിയ ക്യൂവെല്ലാം നിന്ന് അപേക്ഷ പൂരിപ്പിച്ച് കൊടുത്ത് അങ്ങനെ വലിയ തൊല്ലയായിരുന്നു അല്ലെങ്കിൽ പൊല്ലാപ്പായിരുന്നു ഈയൊരു കാര്യം. ഇതിനായി പലരും ജോലിയിൽ നിന്നും അവധിയെടുത്ത് ചില ദിവസങ്ങളും കളഞ്ഞിട്ടുണ്ടാവും. എന്നാൽ ടിക്കറ്റ് റിസർവേഷനായി റെയിൽവേ ഓൺലൈൻ സംവിധാനം തുടങ്ങിയതോടെ ഇക്കാര്യത്തിന് വലിയ ആശ്വാസമുണ്ടായി. ശരിക്കും പറഞ്ഞാൽ മാനുവൽ പ്രിന്റിംഗ് മുതൽ ഓൺലൈൻ ബുക്കിംഗ് വരെയുള്ള ട്രെയിൻ ടിക്കറ്റിംഗിന്റെ പരിണാമം വളരെ രസകരമായ ഒന്നാണ്. ആ വഴിയിലേക്ക് നമുക്കൊന്നു തിരിഞ്ഞുനോക്കിയാലോ?

ഏകദേശം 170 വർഷം മുമ്പാണ് ഇന്ത്യൻ റെയിൽവേ പ്രവർത്തനം ആരംഭിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം റെയിൽവേയിലും ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ട്രെയിനുകളിൽ ടോയ്‌ലറ്റുകൾ നിർമിക്കുന്നതും സ്ലീപ്പർ കോച്ചുകൾ സ്ഥാപിക്കുന്നതും ഇപ്പോൾ ബുള്ളറ്റ് ട്രെയിനുകൾ അവതരിപ്പിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. ശരിക്കും പറഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവണ്ടി ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയിലേത്.
നേരത്തെ റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് വിൻഡോകളിൽ ടിക്കറ്റിംഗ് മാനുവലായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരൻ തീവണ്ടികളിലെ ഒഴിവുള്ള സീറ്റുകളുടെ എണ്ണം കാണുകയും അതനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. അതൊരു മടുപ്പിക്കുന്ന പ്രക്രിയയായിരുന്നു. ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ടിക്കറ്റ് വിൻഡോയ്ക്ക് പുറത്ത് നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നാലും കൺഫർമേഷൻ ടിക്കറ്റ് ലഭിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലായിരുന്നു.

കാർഡ്ബോർഡ് പോലുള്ള ചെറിയ കടലാസുകളിലാണ് ടിക്കറ്റുകൾ അച്ചടിച്ചിരുന്നത്. എന്നാൽ രാജധാനി എക്സ്പ്രസ് ട്രെയിനിലെ ടിക്കറ്റുകൾ ഇന്നത്തെ ടിക്കറ്റിന് ഏതാണ്ട് സമാനമായിരുന്നുവെന്ന് പറയാം. പിന്നീട് ഏകദേശം 37 വർഷം മുമ്പാണ് ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്. ഇതിനുശേഷം ടിക്കറ്റ് വിൻഡോയിലെ നീണ്ട ക്യൂ ചെറുതായി തുടങ്ങി. ആളുകൾക്ക് ഇപ്പോൾ ട്രെയിൻ ടിക്കറ്റുകൾ എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നു. 1986 ലാണ് ഈ മാറ്റം സംഭവിച്ചത്.
1985-ൽ കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റുകൾക്കായി ഒരു പൈലറ്റ് പ്രോജക്റ്റ് റെയിൽവേ ആരംഭിച്ചു. 1986-ൽ ഇത് പൂർണമായും നടപ്പിലാക്കുകയും ആ വർഷം ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് ടിക്കറ്റ് ഒരു യാത്രക്കാരന് നൽകുകയും ചെയ്തു. ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലാണ് ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് ടിക്കറ്റ് കൈമാറിയത്. ഇന്ന് ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) ലോകത്തിലെ ഏറ്റവും വലിയ റിസർവേഷൻ ശൃംഖലയാണ്.

നിങ്ങൾക്ക് 8074 വിൻഡോകളിൽ നിന്ന് ഏകദേശം 2022 സ്ഥലങ്ങളിൽ റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പണ്ടുകാലത്തെ അപേക്ഷിച്ച് ഞൊടിവേഗത്തിൽ ടിക്കറ്റ് ബുക്കിംഗ് നടത്താനാവും. സ്‌റ്റേഷൻ വിൻഡോകളിലൂടെ കംപ്യൂട്ടറൈസ്ഡ് ടിക്കറ്റ് നൽകുന്ന പരീക്ഷണം വിജയിച്ചതിന് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ ഐ-ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തിയത്.
ഐ-ടിക്കറ്റ് ബുക്കിംഗ് 2002-ൽ ഐആർസിടിസി വെബ്സൈറ്റ് വഴി ആരംഭിച്ചു. യാത്രക്കാർക്ക് വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും തുടർന്ന് ഐആർസിടിസി ആ ടിക്കറ്റ് കൊറിയർ വഴി അവരുടെ വീടുകളിലേക്ക് അയയ്ക്കുകയും ചെയ്തു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം 2005-ൽ, ഇ-ടിക്കറ്റ് ബുക്കിംഗിനും തുടക്കം കുറിച്ചു. അത് നാളിതുവരെ തുടർന്നും പോവുകയാണ്. കൂടാതെ ഫിസിക്കൽ ടിക്കറ്റുകളും ഇപ്പോൾ യാത്ര ചെയ്യാൻ വേണ്ട. പകരം മൊബൈലിലെത്തുന്ന പിഡിഎഫ് രൂപത്തിലുള്ള ടിക്കറ്റുകൾ യാത്രകളിൽ ഉപയോഗിക്കാനുമാവും.


Click it and Unblock the Notifications








