മീശമാധവനിലെ ഹിറ്റ് ഡയലോഗ് മാത്രം മതി ഇങ്ങേരെ അറിയാൻ, ഫോക്‌സ്‌വാഗൺ എസ്‌യുവി വാങ്ങി മറിമായത്തിലെ സത്യശീലൻ
ടെലിവിഷൻ ആക്ഷേപഹാസ്യ പരിപാടികളിലെ കിരീടം വെക്കാത്ത രാജാക്കൻമാരാണ് മറിമായം ടീംസ്. മഴവിൽ മനോരമയിൽ വരുന്ന ഓരോ എപ്പിസോഡുകളും കാണാൻ പ്രേക്ഷകർ എന്നും വലിയ താത്പര്യമാണ് കാണിക്കാറുള്ളത്. ആനുകാലിക വിഷയങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന പരിപാടി സോഷ്യൽ മീഡിയയിലും വലിയ തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഇറങ്ങിയ നവ കുടുംബ യാത്രയും ചട്ടിച്ചോറും സിനിമ റിവ്യൂവും കൊച്ചിയിലെ ബസ് കണ്ടക്ടറുടെ എപ്പിസോഡുകളുമെല്ലാം വലിയ ഹിറ്റായിരുന്നു. മറിമായത്തിലെ അഭിനേതാക്കളുടെ പേരിനേക്കാൾ ആളുകൾക്ക് ഏഫറെ സുപരിചിതം മണ്ഡോദരി, സത്യശീലൻ, മന്മഥൻ, കോയാക്ക തുടങ്ങിയ കഥാപാത്രങ്ങളാണ്.
ഇക്കൂട്ടത്തിൽ ആളുകൾക്ക് ഏറെക്കാലം മുമ്പേ പരിചിതമായ മുഖമാണ് സത്യശീലന്റേത്. ദിലീപിന്റെ എക്കാലത്തേയും ഹിറ്റ് സിനിമകളിൽ ഒന്നായ മീശമാധവനിലെ കൃഷ്ണ വിലാസം ഭഗീരഥൻ പിള്ള ചെറിയ വെടി ഒന്ന്, വലിയ വെടി ഒന്ന് എന്നുള്ള രംഗം മാത്രം മതി മണികണ്ഠൻ പട്ടാമ്പിയെ എന്നും ഓർക്കാൻ. തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടി എന്ന സിനിമയും അടുത്തിടെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഈ വിജയത്തിന് പിന്നാലെ മറിമായം കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്. ഇനിയുള്ള യാത്രകൾക്ക് കൂട്ടായി മണികണ്ഠൻ പട്ടാമ്പി പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയതാണ് സംഭവം. മറ്റേതുമല്ല ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ മോഡലായ ടൈഗൂൺ എസ്‌യുവിയാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ കൊച്ചിയിലെ വിതരണക്കാരായ ഇവിഎമ്മിൽ നിന്നുമാണ് മണികണ്ഠൻ പുത്തൻ കാർ വാങ്ങിയിരിക്കുന്നത്.
കുടുംബത്തോടൊപ്പം താരമെത്തി ഡെലിവറി സ്വീകരിക്കുന്നതിന്റെ വീഡിയോ ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഏത് വേരിയന്റാണ് മണികണ്ഠൻ പട്ടാമ്പി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ടൈഗൂണിന്റെ വൈറ്റ് കളർ ഓപ്ഷനിലുള്ള മോഡലാണ് നടന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയും ഉഗ്രൻ സേഫ്റ്റിയും ഗംഭീര പെർഫോമൻസുമെല്ലാം ഒത്തിണങ്ങിയ വാഹനമാണിത്.

നിലവിൽ 10.90 ലക്ഷം മുതൽ 18.70 ലക്ഷം രൂപ വരെയാണ് ഗൈടൂണിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇയർ എൻഡിനോട് അനുബന്ധിച്ച് ടൈഗൂണിന് ഫോക്‌സ്‌വാഗൺ ഗംഭീര ഓഫറുകളും പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നല്ല വിലക്കുറവിലായിരിക്കണം മറിമായം താരം എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ടാവുക. 1.0 ലിറ്റർ ടിഎസ്ഐ ത്രീ സിലിണ്ടർ ടർബോ പെട്രോൾ അല്ലെങ്കിൽ പവർഫുള്ളായ 1.5 ലിറ്റര്‍ EVO ടിഎസ്ഐ പെട്രോള്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൈഗൂൺ മിഡ്-സൈസ് എസ്‌യുവി വിപണിയിൽ എത്തുന്നത്.
ആദ്യത്തെ 1.0 ലിറ്റർ ടിഎസ്ഐ പെട്രോളിന് 115 bhp പവറിൽ പരമാവധി 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിന് 148 bhp കരുത്തിൽ 250 Nm torque വരെയും നൽകാനാവും. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് DSG ഓട്ടോമാറ്റിക് എന്നിവയാണ് ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, റിയർ ക്യാമറ, ടിപിഎംഎസ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ആക്റ്റീവ് സിലിണ്ടർ മാനേജ്മെന്റ് ടെക്നോളജി (ACT) എന്നീ ഫീച്ചറുകളെല്ലാം ടൈഗൂണിൽ കമ്പനി കോർത്തിണക്കിയിട്ടുണ്ട്.
ഇനി സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ് സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സംഗതികളും എസ്‌യുവിയുടെ ഭാഗമാണ്.
അടുത്തിടെ എസ്‌യുവിയുടെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയും കമ്പനി പൂർത്തിയാക്കിയിരുന്നു. ഒതുക്കമുള്ള രൂപം, വിശാലമായ ഇന്റീരിയർ, ഇന്ധനക്ഷമതയുള്ള ടിഎസ്ഐ എഞ്ചിൻ, സിറ്റിയിലും അതുപോലെ തന്നെ ദീർഘദൂര യാത്രകൾക്കും ഒരേപോലെ അടിപൊളിയായ ഫോക്‌സവാഗൺ ടൈഗൂൺ മണികണ്ഠൻ പട്ടാമ്പിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാകമാണെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications







