മലയാളി പോലും ഈ കാറിനെ ഇങ്ങനെ ഉപയോഗിച്ചിട്ടില്ല, ഒന്നും രണ്ടുമല്ല 24 വീപ്പകൾ കയറ്റിയുള്ള പോക്ക് കണ്ടോ
സാധാരണക്കാരുടേയും കാർ എന്ന സ്വപ്‌നത്തിന് ചിറകുകൾ സമ്മാനിച്ചവരാണ് മാരുതി സുസുക്കി. ഹിന്ദുസ്ഥാൻ അംബാസിഡറും പ്രീമിയർ പദ്‌മിനിയും പോലുള്ള കാറുകൾ മാത്രം അരങ്ങുവാണിരുന്ന കാലത്താണ് 1983-ൽ മാരുതി 800 എന്ന ഹാച്ച്ബാക്ക് മോഡലിന് ജന്മം കൊടുക്കുന്നത്. അങ്ങനെ രാജ്യത്തെ ഇടത്തരം കുടുംബങ്ങളിൽ കാർ പോർച്ചുകൾ വരെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അക്കാലത്തെ കേമൻമാരായ അംബാസിഡറിനെയും പ്രീമിയർ പദ്മിനിയെയും എല്ലാം അപേക്ഷിച്ച് സാങ്കേതികമായി ഏറെ മുന്നിലായിരുന്നു മാരുതി 800 (Maruti 800). ചെറുതും ഭാരം കുറഞ്ഞതും ആയതിനാൽ ഡ്രൈവ് ചെയ്യാനും വളരെ സുഖമായിരുന്നു.
ഇന്നും സാധാരണക്കാരന് വണ്ടി വാങ്ങണേൽ ആദ്യ ചോയ്സ് മാരുതി സുസുക്കിയായിരിക്കും. ഡ്രൈവിംഗിൽ തുടക്കകാരനാണെങ്കിൽ സെക്കൻഡ് ഹാൻഡ് 800 വാങ്ങുന്ന ശീലവും ഇന്ത്യക്കാർക്കുണ്ടായിരുന്നു മെയിന്റനെൻസിന്റെ കാര്യത്തിൽ പോലും പോക്കറ്റ് കീറില്ലെന്നതാണ് ഈ കാറിന്റെ പ്രത്യേകത. മാത്രമല്ല, കാർ എന്ന രീതിയിൽ ചെയ്യാത്ത പണികളും ചെയ്യിപ്പിക്കാത്ത ജോലികളുമില്ല താനും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

സാധാരണ മുകളിൽ ചെറിയ ലഗേജ് കാരിയറൊക്കെ വെച്ച് കാറിൽ യാത്ര ചെയ്യുന്നവർ നമുക്കിടയിലുണ്ടാവുമല്ലോ. എന്നാൽ മാരുതി 800 ഹാച്ച്ബാക്കിന്റെ റൂഫിൽ വീപ്പ കയറ്റിക്കൊണ്ട് പോയതാണ് ഇവിടുത്തെ ചർച്ചാ വിഷയം. അതും ഒന്നും രണ്ടും ഒന്നുമല്ല കേട്ടോ രണ്ട് ഡസൻ പ്ലാസ്റ്റിക് ഡ്രമ്മുകളാണ് മാരുതി 800 കാറിൻ്റെ മുകളിൽ കെട്ടി കൊണ്ടുപോകുന്നത്. സ്വന്തം കണ്ണുകളെ പോലും വിശ്വസിപ്പിക്കാൻ പ്രയാസപ്പെടുന്ന തരത്തിലാണ് ഈ ദൃശ്യം.
ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. മാരുതി 800 എന്നത് ചെറിയൊരപ ഫാമിലി കാർ ആണെങ്കിലും അത്യാവിശ്യം സാധനങ്ങൾ കയറ്റിക്കൊണ്ടുപോവാൻ പറ്റുന്ന തരത്തിലാണ് ഇതിന്റെ ബൂട്ട് സ്പേസ് എല്ലാം കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ വീഡിയോയിലെ കാറിന്റെ ഉടമ അടിക്കുന്ന പെട്രോളിന് അഞ്ചിരട്ടി പണിയാണ് വാഹനത്തെ എടുപ്പിക്കുന്നത്.

മാരുതി കാറിൻ്റെ റൂഫിൽ ഇത്രയും വലിയ പ്ലാസ്റ്റിക് വീപ്പകൾ കയറ്റാനാകുമെന്ന് നമ്മളിൽ ആരും സങ്കൽപ്പിച്ചിട്ട് പോലുമുണ്ടാവില്ല. 24 വീപ്പകളാണ് 800 ഹാച്ച്ബാക്കിന്റെ മുകളിൽ ഉടമ കെട്ടിവെച്ചിരിക്കുന്നത്. ഇത് എങ്ങനെയെങ്കിലും ക്ഷമിക്കാമെന്ന് വെച്ചാലോ കാറിന്റെ പോക്ക് കണ്ട് ചിലപ്പോൾ അന്തംവിട്ടേക്കാം. ഇത്രയും സാധനങ്ങൾ കെട്ടിവെച്ച വാഹനം റോഡിൽ കുതിച്ചു പായുകയാണ്. ഈ രംഗം കണ്ടവരെല്ലാം സ്തംഭിച്ചുപോയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.
ഈ വീഡിയോയുടെ താഴെ വരുന്ന കമൻ്റുകളും വളരെ രസകരമാണ് കേട്ടോ. മാരുതി 800-ൻ്റെ പേര് മാരുതി 8000 എന്നാക്കി മാറ്റണമെന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് കാറാണോ ലോറിയാണോയെന്നും ആരോ ചോദിച്ചിട്ടുണ്ട്. ട്രാഫിക് പൊലീസ് പിടിച്ചാൽ കാറിൻ്റെ വിലയേക്കാൾ കൂടുതൽ പിഴ നൽകേണ്ടിവരുമെന്ന് മറ്റൊരാള് എഴുതിയിട്ടുണ്ട്. ഇതുമായിട്ട് കേരളത്തിലോട്ട് ഒന്ന് വാ ഇപ്പൊ കാണിച്ചു തരാമെന്ന് മലയാളിയും കമന്റിട്ടിട്ടുണ്ട്.

എങ്കിലും ഈ വീഡിയോ കണ്ട് ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് അത്യന്തം അപകടകരമാണെന്നും പൊലീസ് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ പറയുന്നു. റോഡിൽ ഇത്തരത്തിൽ വാഹനമോടിക്കുന്നത് ഡ്രൈവറുടെ ജീവന് മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാരുടേയും ജീവിതത്തിന് ഭീഷണിയാണ്. എന്തായാലും സംഭവം കേരളത്തിലല്ലാത്തതുകൊണ്ട് ഉടമ രക്ഷപ്പെട്ടു. അല്ലെങ്കിൽ നമ്മുടെ എംവിഡി കക്ഷിയെ കൈയോടെ പൊക്കി പണി കൊടുത്താനേ.
അടുത്തിടെ സഞ്ജു ടെക്കിക്ക് കിട്ടയതു പോലെയുള്ള ശിക്ഷകൾ ഈ മാരുതി 800 ഉടമയ്ക്കും കിട്ടുമായിരുന്നുവെന്ന് ഉറപ്പാണ്. ഒരുകാലത്ത് മധ്യവർഗത്തിൻ്റെ യാത്രാ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന ഇതിഹാസ കാറിനോട് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയിലുടനീളം മാരുതി 800 ഹാച്ച്ബാക്കിന്റെ 27 ലക്ഷം യൂണിറ്റുകളോളം വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. കർശനമായ BS4 മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാവുന്നതിന്റെ ഭാഗമായി 2014-ലാണ് 800 കാറിന്റെ ഉത്പാദനം മാരുതി സുസുക്കി ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








