Powerful Cars ചീറിപായാൻ 100 bhp പവറിൽ കൂടുതലുള്ള കാറുകളിതാ...
മൈലേജ് (Mileage) നോക്കി വാഹനം വാങ്ങുന്ന ഒരു വിഭാഗം നമുക്കിടയിൽ ഉണ്ടെങ്കിൽ മറുവശത്ത് പെർഫോമൻസും പവറും നോക്കി കാർ വാങ്ങുന്ന മറ്റൊരു വിഭാഗവും ഇവിടുണ്ട്. ഇന്ധനക്ഷമതയല്ല എല്ലാം എന്ന് വാചാലരാവുന്നവരാണ് ഇത്തരക്കാർ. എന്നാൽ അധികം പൈസ മുടക്കാതെ ഇത്തരമൊരു മോഡൽ കിട്ടുമോ എന്നതാണ് അടുത്ത ചോദ്യം.
ബജറ്റ് സെഗ്മെന്റുകളിലൊന്നും പെർഫോമൻസ് (Performance) അധിഷ്ഠിത കാറുകൾ ഇല്ലെങ്കിലും ഒരു 15 ലക്ഷം രൂപയൊക്കെ ഓൺറോഡ് വില നൽകിയാൽ പവർഫുൾ വണ്ടികളൊക്കെ വീട്ടിലെത്തിക്കാനാവും. ഇവിടെയാണ് കാലത്തിന് മുന്നേ സഞ്ചരിച്ച ടിയാഗോ ജെടിപി, ബലേനോ RS പോലുള്ളവയെ തള്ളിക്കളഞ്ഞതിന്റെ വില മനസിലാകുന്നത്. ആയതിനാൽ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന 100 bhp പവറിൽ കൂടുതലുള്ള അത്യാവിശ്യം മികച്ച കരുത്തുള്ള കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മാരുതി ബ്രെസ: പെർഫോമൻസ് അധിഷ്ഠിത വാഹനമല്ലെങ്കിലും ഇന്ത്യയിൽ ലഭിക്കുന്ന 100 bhp പവറിൽ കൂടുതൽ ഉത്പാദിപ്പിക്കാനാവുന്ന വിശ്വസ്‌തൻ ആണ് മാരുതി സുസുക്കി ബ്രെസ. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഈ സബ്-4 മീറ്റർ എസ്‌യുവിയുടെ ഹൃദയം. 103 bhp കരുത്ത് വരെ നൽകാൻ ഇതിനാവും. 8.29 ലക്ഷം രൂപയാണ് ബ്രെസക്കായി മുടക്കേണ്ടി വരുന്ന പ്രാരംഭ എക്സ്ഷോറൂം വില.
മാരുതി എർട്ടിഗ: ബ്രെസയുടെ അതേ എഞ്ചിനുമായി വിപണിയിലെത്തുന്ന എംപിവി മോഡലാണ് എർട്ടിഗ. മാരുതി സുസുക്കിയുടെ 1.5 ലിറ്റർ K15C എഞ്ചിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അധിക സൗകര്യവും കിട്ടും. 8.35 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ബ്രെസയെ പോലെ തന്നെ 103 bhp കരുത്തോളം നൽകാൻ ഈ മൾട്ടി പർപ്പസ് വാഹനത്തിനാവും.

ടാറ്റ ആൾട്രോസ്: പ്രീമിയം ഹാച്ച്ബാക്കിന്റെ ഐ-ടർബോ വേരിയന്റാണ് പെർഫോമൻസ് അധിഷ്‌ഠിതമായി വിപണിയിൽ എത്തിയിട്ടുള്ളത്. നെക്സോണിലുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനെ ചെറുതായി ഡീട്യൂൺ ചെയ്‌ത് എടുത്ത് പരമാവധി 108 bhp പവറോളം നൽകാൻ പ്രാപ്‌തമാക്കുകയായിരുന്നു ടാറ്റ മോട്ടോർസ്. 8.35 ലക്ഷം രൂപ മുതലാണ് മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
സിട്രൺ C3: ഈ പട്ടികയിൽ സിട്രൺ ക്രോസ്ഓവറിന്റെ പേര് കേൾക്കുമ്പോൾ ചിലരുടെ നെറ്റിയെങ്കിലും ചുളുങ്ങിയേക്കാം. പക്ഷേ എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കിന്റെ 1.2 ലിറ്റർ ടർബോ എഞ്ചിന് 108 bhp കരുത്ത് വരെ നൽകാനാവും. ടോപ്പ് എൻഡ് വേരിയന്റിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ഈ എഞ്ചിനുള്ള സിട്രൺ C3-ക്ക് 8.43 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്നത്.

മഹീന്ദ്ര XUV300: സേഫ്റ്റിക്കൊപ്പം കിടിലൻ പെർഫോമൻസ് നൽകുന്ന വാഹനമാണ് മഹീന്ദ്ര XUV300. 1.2 ലിറ്റർ ത്രീ-പോട്ട് ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനുള്ള കോംപാക്‌ട് എസ്‌യുവിക്ക് 108 bhp കരുത്തോളം വികസിപ്പിക്കാൻ ശേഷിയുണ്ട്. മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില വരുന്നത് 8.41 ലക്ഷം മുതലാണ്. ഇതിലും പെർഫോമൻസ് നൽകുന്ന XUV300 ടർബോ സ്പോർട്ട് വേരിയന്റും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്.
കിയ സോനെറ്റ്: പെട്രോൾ മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനുള്ള കിയ സോനെറ്റാണ് 100 bhp പവറിൽ കൂടുതൽ നൽകുന്ന താങ്ങാനാവുന്ന മോഡലുകളുടെ പട്ടികയിലെ മറ്റൊരു അതിഥി. 9.95 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ മോഡലിന് 113 bhp കരുത്തോളും ഉത്പാദിപ്പിക്കാനാവും.

ഹ്യുണ്ടായി വെന്യു: കിയ സോനെറ്റിന്റെ അതേ ഡീസൽ എഞ്ചിനുള്ള വെന്യു വിപണിയിലുണ്ടെങ്കിലും ഇവിടെ പരിചയപ്പെടുത്തുന്നത് വെന്യുവിന്റെ N-ലൈൻ പതിപ്പിനെയാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള സബ്-4 മീറ്റർ എസ്‌യുവിക്ക് 118 bhp കരുത്തോളം നിർമിക്കാനാവും. 10.44 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മുടക്കുന്ന വിലയ്ക്കുള്ള കിടിലൻ ഫീച്ചറുകളും ഹ്യുണ്ടായി വാഹനത്തിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.
ടാറ്റ നെക്സോൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലുകളിൽ ഒന്നായ ടാറ്റ നെക്സോണും രാജ്യത്തെ പവർഫുൾ കാറുകളിൽ ഒന്നാണ്. 1.2 ലിറ്റർ ടർബോ ചാർജ്‌ഡ്സ പെട്രോൾ എഞ്ചിൻ തുടിക്കുന്ന വേരിയന്റുകൾക്ക് 118 bhp പവറോളം നൽകാനാവും. 100 bhp പവറിൽ കൂടുതൽ നൽകുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലും ഇതുതന്നെയാണെന്ന് വേണമെങ്കിൽ പറയാം. 7.80 ലക്ഷം രൂപയാണ് നെക്സോണിന്റെ ബേസ് വേരിയന്റിനായി മുടക്കേണ്ടി വരുന്ന വില.


Click it and Unblock the Notifications








