ടാറ്റക്കൊരു സർപ്രൈസ്, ഇഗ്നിസ് ഇലക്‌ട്രിക്കിന്റെ പരീക്ഷണം വിജയം; പറന്നത് 200 കി.മീ. വേഗതയിൽ
കുറഞ്ഞ വിലയിൽ കുറച്ച് സ്റ്റൈലുള്ള ഹാച്ച്ബാക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കാറാണ് മാരുതി ഇഗ്നിസ്. തുടക്കകാലത്ത് കാര്യമായ പരിഗണന ലഭിച്ചില്ലെങ്കിലും പതിയെ വിപണിയിൽ ക്ലച്ചുപിടിച്ച് സൂപ്പർസ്റ്റാറാവാൻ ഇഗ്നിസിനായി. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലെ എൻട്രി ലെവൽ മോഡലായി കടന്നവരുമ്പോൾ റിറ്റ്സിന്റെ പിൻമാഗിയായാണ് കമ്പനി വാഹനത്തിനെ കണ്ടിരുന്നത്.
എങ്കിലും പ്രതീക്ഷിച്ച വിജയം കാണാനാതിരുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ നിരാശയായിരുന്നു. പതിയെ എല്ലാവരും തിരിച്ചറിഞ്ഞതോടെ ആളുടെ ലെവൽ തന്നെ മാറിയെന്ന് വേണം പറയാൻ. ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മനോഹരമായ ചെറിയ വാഹനങ്ങളിലൊന്നായി ഇഗ്നിസ് പേരെടുത്തു കഴിഞ്ഞു. ടിയാഗോ പോലെ ഇഗ്നിസും ഇവിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വലിയൊരു കൂട്ടവും ഇന്ത്യയിലുണ്ട്. വൈദ്യുത കാറായി ഇന്ത്യയിൽ തരംഗം തീർക്കാനാവുന്ന മോഡലുകളിൽ ഒന്നാണിത്.

എന്നാൽ മാരുതിക്ക് ഈ ഐഡിയ ഇല്ലെങ്കിലും ഇവി കൺവേർഷൻ ഗരാജ് എന്ന നിലയിൽ പേരെടുത്ത നോർത്ത്‌വേ ഇഗ്നിസിനെ വർഷങ്ങൾക്ക് മുമ്പേ തന്നെ വൈദ്യുതക്കരുത്തിലേക്ക് പരിവർത്തനം ചെയ്‌തിട്ടുണ്ട്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത്‌വേ 2022-ൽ തന്നെ ഇഗ്നിസ് ഇവി പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ 200 കിലോമീറ്റർ വരെ വേഗതയിൽ പറക്കാൻ കഴിയുന്ന തരത്തിൽ ഇഗ്നിസ് ഇലക്ട്രിക്കിനെ മാറ്റിയെടുത്തിരിക്കുകയാണിവർ.
ടാറ്റ എയ്‌സ്, ഇവി ഉൽപ്പന്നങ്ങളും വിൽപ്പനയും, കസ്റ്റമൈസ്‌ഡ് ഒഇഎം ഉൽപ്പന്നങ്ങൾ, എനർജി സ്റ്റോറേജ് സൊല്യൂഷനുകൾ എന്നിവയ്‌ക്കായുള്ള റിട്രോഫിറ്റ് ഇവി കൺവേർഷൻ കിറ്റുകൾ പുറത്തിറക്കുന്നതിൽ അഗ്രകണ്യരാണ് നോർത്ത്‌വേ. അപ്പോൾ പിന്നെ ഈ പുതിയ ഇഗ്നിസ് ഇവിയുടെ പണി എങ്ങനെയുണ്ടാവുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടല്ലോ അല്ലേ. പക്ഷേ ഇതൊരു റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് ആണെന്ന സത്യം ഇപ്പോഴെ പറയാം.

200 കിലോമീറ്റർ വരെ വേഗതയിലുള്ള പരീക്ഷണമൊക്കെ നടക്കുന്നത് പൊതുനിരത്തുകളിൽ അല്ലെന്നതും പ്രത്യേകം എടുത്തു പറയുന്നുണ്ട് നോർത്ത്‌വേ. ഇഗ്നിസിന്റെ ടോപ്പ് എൻഡ് ആൽഫ വേരിയന്റിനെയാണ് ഇലക്ട്രിക്കിലേക്ക് കൺവേർട്ട് ചെയ്‌തിരിക്കുന്നത്. കൂടാതെ കാറിന് പച്ച നിറത്തിലുള്ള അലോയ് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്. ഗ്രീൻ നമ്പർപ്ലേറ്റിന് അനുയോജ്യമാവുന്ന വിധമായിരിക്കാം ഇത് നൽകിയിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് പോലെ നോർത്ത്‌വേ മോട്ടോർസിന്റെ മാരുതി ഇഗ്‌നിസ് ഇലക്ട്രിക് പതിപ്പ് ബാറ്ററിയും മോട്ടോറും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മിക്കവാറും എല്ലാ ഇലക്ട്രിക് കാറുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. എന്നാൽ ഇവിടെ ടോർക്ക് ഒപ്റ്റിമൈസേഷനായി ഇഗ്നിസിൻ്റെ 5-സ്പീഡ് ഗിയർബോക്‌സ് നിലനിർത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. കാർ ക്ലച്ചും മാനുവൽ ട്രാൻസ്മിഷനും അതേപടി നിലനിർത്തിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത് വലിയൊരു നേട്ടമാണ്.

പ്രത്യേകിച്ച് ഗിയർമാറി വാഹനമോടിക്കാൻ താത്പര്യമുള്ളവരെല്ലാം ഇഗ്നിസ് ഇവിയിലേക്ക് ആകൃഷ്ടരാവാൻ സാധ്യതയുണ്ട്. ഒരുപക്ഷേ ഇന്ത്യയിലെ മൾട്ടി-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള ഏക ഇലക്ട്രിക് കാറായി വിശേഷിപ്പിക്കാനുമാവും ഈ ഇഗ്നിസിനെ. കൺവേർഡ് ഇഗ്‌നിസിൻ്റെ ഡൈനോ റൺ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അഞ്ച് ഗിയർ അനുപാതങ്ങളിലും മികച്ച പ്രകടനം കാണിക്കുന്നുണ്ട്.
കാറിന് മണിക്കൂറിൽ 200 കി.മീ ടോപ് സ്പീഡാണ് കൈവരിക്കാനാവുന്നത്. ഇതിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽപ്പോലും ഇവികൾക്കൊപ്പം പരമ്പരാഗത ഗിയർബോക്‌സ് പ്രവർത്തിപ്പിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഉടമയ്ക്ക് ലഭിക്കുകയും ചെയ്യുമെന്നുമാണ് നോർത്ത്‌വേ പറയുന്നത്. എന്നിരുന്നാലും വൈദ്യുത കാറിൽ ഒരു പരമ്പരാഗത ഗിയർബോക്‌സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ചെലവേറിയതും സങ്കീർണവും ഭാരമുള്ളതുമാണ്.

ഗിയർബോക്‌സുള്ളതിനാൽ കാർ ക്ലച്ചും അതേപടി നിലനിർത്തിയാണ് നോർത്ത്‌വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇവികൾക്ക് ചെലവ് കുറക്കാൻ ഇത്തരം സംഗതികൾ ഉപകരിക്കുമെന്നതിനാൽ മറ്റ് നിർമാതാക്കൾക്ക് ഇതൊരു മാതൃകയാക്കാവുന്നതാണ്. ഒരു സാധാരണ ചാർജർ വഴി ബാറ്ററി ചാർജ് ചെയ്യാൻ 4 മുതൽ 9 മണിക്കൂർ വരെ എടുത്തേക്കാമെന്നാണ് വിവരം. ഈ ഇഗ്‌നിസ് ഇവി ബാറ്ററി റീജനറേഷൻ സിസ്റ്റത്തോടൊപ്പമാണ് കൺവേർട്ട് ചെയ്‌തിരിക്കുന്നത്.


Click it and Unblock the Notifications








