ഇവരുടെ വരവ് അടുത്ത വർഷം; ഇന്ത്യയിൽ വെന്നിക്കൊടി പാറിക്കാൻ എത്തുന്ന 4x4 എസ്‌യുവികൾ
കാർ ഓടിക്കാൻ അറിയാവുന്ന പലരുടേയും വലിയ മോഹങ്ങളിൽ ഒന്നായിരിക്കും ഒരു വലിയ ഓഫ് റോഡ് കഴിവുകളുള്ള സ്പോർട്‌സ് യൂട്ടിലിറ്റ് വാഹനം സ്വന്തമാക്കുക എന്നത്. ഇന്ത്യയിൽ 4x4 എസ്‌യുവികളുടെയും ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികളുടെയും ജനപ്രീതി അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതിനും പിന്നിലുള്ള ഒരു പ്രധാന കാരണവും ഇതുതന്നെയാവും അല്ലേ....
അടുത്ത കാലത്ത് കൂടുതൽ ട്രെൻഡായി മാറിയ ഒന്നാണ് ഫോർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് വാഹനങ്ങൾ. നേരത്തെ ഹാർഡ് കോർ ഓഫ്-റോഡ് മോഡലുകളിൽ മാത്രം കിട്ടിയിരുന്ന ഈ സവിശേഷതകളൊക്കെ ഇന്ന് ലൈഫ് സ്റ്റൈൽ എസ്‌യുവി സെഗ്മെന്റിലേക്ക് കൂടി കടന്നുവന്നിരിക്കുകയാണെന്നു വേണം പറയാൻ. ഈ വർധിച്ചു വരുന്ന ഡിമാൻഡിനൊപ്പം മൂന്ന് ബ്രാൻഡുകൾ പുതുവർഷത്തിൽ (2023) അവരുടെ പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. അവ ഏതെല്ലാമെന്ന് നമുക്ക് ഒന്നു നേരത്തെ അറിഞ്ഞിരുന്നാലോ?

2023 ടൊയോട്ട ഫോർച്യൂണർ
നവീകരിച്ച ഇന്നോവയെ അടുത്തിടെ ടൊയോട്ട പുറത്തിറക്കി. ഇപ്പോൾ കമ്പനി ഇന്ത്യൻ വിപണിയിൽ പുതുതലമുറ ഫോർച്യൂണർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പുത്തൻ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ജാപ്പനീസ് ബ്രാൻഡിന്റെ TNGA-F മോഡുലാർ ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പെട്രോൾ എഞ്ചിനോടുകൂടിയ ഹൈബ്രിഡ് ഓപ്ഷൻ കമ്പനി അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2023 ടൊയോട്ട ഫോർച്യൂണറിന് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള കിടിലൻ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുമെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
ഫീച്ചറുകളെ കുറിച്ച് പറയുമ്പോൾ പുതിയ ഫോർച്യൂണർ എസ്‌യുവിക്ക് പുതുക്കിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, മൾട്ടികളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ADAS, വയർലെസ് ഫോൺ പ്രൊജക്ഷൻ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ സെറ്റപ്പ് എന്നിവയും ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം 2023-ൽ പുതിയ ഫോർച്യൂണർ പുറത്തിറക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്. എന്നിരുന്നാലും ആദ്യം ഈ മോഡൽ തായ്‌ലൻഡിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
മാരുതി ജിംനി 5-ഡോർ
അഞ്ച് ഡേറുകളുള്ള ജിംനിയെ കമ്പനി ഇതിനകം തന്നെ നിരവധി തവണ പരീക്ഷണത്തിന് വിധേമായി കഴിഞ്ഞു. പുറത്തിറക്കുമ്പോൾ മാരുതി സുസുക്കി ജിംനി മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയുമായാണ് മത്സരിക്കുക. ത്രീ-ഡോർ പതിപ്പിൽ നിന്നുള്ള മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും ജിംനി 5-ഡോർ നിലനിർത്തും. വിപുലീകൃത വേരിയന്റിന് 5 ട്വിൻ സ്പോക്ക് അലോയ് വീൽ ഡിസൈൻ, ഹണികോമ്പ് മെഷ് പാറ്റേണുള്ള വലിയ ബമ്പർ, രണ്ടറ്റത്തും ഫോഗ് ലാമ്പുകൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയെല്ലാം ലഭിക്കും.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതുതായി ലോഞ്ച് ചെയ്ത ഗ്രാൻഡ് വിറ്റാര, ബ്രെസ എന്നിവയെ ശക്തിപ്പെടുത്തുന്ന അതേ 1.5 ലിറ്റർ, 4-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെ മാരുതി ജിംനി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 100 bhp കരുത്തിൽ പരമാവധി 130 Nm torque വരെ ഉത്പാദിപ്പിക്കും. ആഗോളതലത്തിൽ ജിംനിക്ക് 4X4 സിസ്റ്റം വാഗ്ദാനം ചെയ്യുന്നുണ്ട്. അത് ലോ-റേഞ്ച് ട്രാൻസ്ഫർ കേസും നൽകുന്നു. ഇന്ത്യയിൽ, 5-ഡോർ പതിപ്പിനൊപ്പം അതേ 4x4 സിസ്റ്റം വാഗ്ദാനം ചെയ്യുമെന്നാണ് വിലയിരുത്തൽ.
മഹീന്ദ്ര ഥാർ 5-ഡോർ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിലവിൽ തങ്ങളുടെ എസ്‌യുവി നിര ഇന്ത്യയിൽ ശക്തിപ്പെടുത്തുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ കമ്പനി പുറത്തിറക്കിയ മൂന്ന് എസ്‌യുവികളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ്. പുതിയ സ്കോർപിയോ N അവതരിപ്പിച്ചതിന് ശേഷം 2023 ജനുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഥാറിന്റെ 5-ഡോർ പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മോഡൽ പുത്തൻ സ്കോർപിയോയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
ഥാറിന് മഹീന്ദ്രയുടെ പെന്റലിങ്ക് സസ്‌പെൻഷൻ സിസ്റ്റവും പിന്നിൽ വാട്ടിന്റെ ലിങ്കേജും ലഭിക്കും, ഇത് മികച്ച ഹാൻഡ്‌ലിങ്ങും സൗകര്യവും നൽകുന്നു.
എഞ്ചിൻ ഡിപ്പാർട്ട്മെന്റിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ നിലവിലെ പതിപ്പിന്റെ അതേ യൂണിറ്റുകൾ തന്നെ നിലനിർത്തും. EBD ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാവും സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നത്. ലോഞ്ച് ചെയ്യുമ്പോൾ മഹീന്ദ്ര ഥാർ 5-ഡോർ വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ 5-ഡോർ, മാരുതി സുസുക്കി ജിംനി 5-ഡോർ എന്നിവയുമായി മത്സരിക്കും.
ഫോഴ്‌സ് ഗൂർഖ 5-ഡോർ
എതിരാളികൾക്ക് മുമ്പേ വിപണിയിൽ ഇടംപിടിക്കാനുള്ള ഓട്ടത്തിലാണ് ഫോഴ്‌സ് ഗൂർഖ 5-ഡോർ. മൂന്നു ഡോർ വേരിയന്റിന് സമാനമായിരിക്കും വരാനിരിക്കുന്ന 5-ഡോർ പതിപ്പ്. ഇതിന് ഒരേ മുൻവശം ലഭിക്കുമ്പോൾ ഹെഡ്‌ലൈറ്റുകൾ, സ്‌നോർക്കൽ, ബമ്പറുകൾ, ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം സമാനമായിരിക്കും. ഈ മോഡലിന് രണ്ടാം നിരയ്ക്കുള്ള ക്യാപ്റ്റൻ സീറ്റുകളും മൂന്നാമത്തേതിന് എതിർ അഭിമുഖമായ സീറ്റുകളും ഉൾപ്പെടെ വ്യത്യസ്ത സീറ്റിംഗ് ഓപ്ഷനുകൾ ഫോഴ്‌സ് നൽകുമെന്നും പ്രതീക്ഷിക്കുന്നു. 90 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന അതേ മെർസിഡീസ് 2.6 ലിറ്റർ കോമൺ റെയിൽ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും 5-ഡോർ വേരിയന്റിനും തുടിപ്പേകുക.


Click it and Unblock the Notifications








