ഇനി കാല് കൊടുത്താൽ പറപറക്കും... ജിംനിക്ക് പുതിയ സൂപ്പർചാർജ് കിറ്റ് വാങ്ങാം
ഒതുക്കമുള്ളതും വിശ്വസനീയവും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങൾക്ക് പേരുകേട്ട രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. 800 കാറിൽ ആരംഭിച്ച ഇന്ത്യൻ ട്രിപ്പ് ഇന്ന് ജിംനി എന്ന ഓഫ് റോഡ് എസ്‌യുവി വരെ വന്നു നിൽക്കുകയാണ്. ഇതിൽ ഹിറ്റാവാത്ത മോഡലുകളുടെ എണ്ണമെടുത്താൽ വളരെ ചുരുക്കം മാത്രമാവും മാരുതിക്കുള്ളത്. ജനങ്ങളുടെ പൾസറിഞ്ഞ് കാർ പുറത്തിറക്കാൻ ഇത്രയും മിടുക്കുള്ള ബ്രാൻഡ് വേറെയില്ലെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
അല്ലെങ്കിൽ ജിംനിയുടെ വരവ് തന്നെ നോക്കിയാൽ മതിയാവും. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ നിർമാണം ആരംഭിച്ചിരുന്നുവെങ്കിലും നമുക്ക് കിട്ടാകനിയായി വിധിക്കപ്പെട്ടിരുന്ന ഓഫ്-റോഡറായിരുന്നു ഇത്. എന്നാൽ ഇന്ത്യക്ക് 3-ഡോർ വാഹനങ്ങൾ അത്ര പ്രായോഗികമല്ലെന്ന് മനസിലാക്കിയ മാരുതി ജിംനിയെ 5-ഡോർ വേഷത്തിലാണ് രാജ്യത്ത് അവതരിപ്പിച്ചത്. മഹീന്ദ്ര ഥാറിന്റെ ഏറ്റവും വലിയ വീക്ക്‌നെസാണ് ഇവിടെ മാരുതി സുസുക്കി മുതലെടുത്തത്. പ്രായോഗികമായ ഈ തീരുമാനത്തിന് ഏറെ കൈയടി ലഭിക്കുകയും ചെയ്‌തു.

എന്നാൽ പെർഫോമൻസിന്റെ കാര്യം വരുമ്പോൾ പലരും മാരുതി കാറുകളെ കളിയാക്കാറുണ്ട്. ജിംനിയുടെ പവർ കണക്കുകളും അത്ര പോരെന്ന കമന്റ് പലതവണ വിമർശകർ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനൊരു പരിഹാരവുമായി ഒരു ആഫ്റ്റർ മാർക്കറ്റ് കിറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പെർഫോമൻസ് പാർട്‌സ് ഷോപ്പായ കെഎസ് മോട്ടോർസ്‌പോർട്‌സ്. ജിംനിയുടെ പെർഫോമൻസിൽ വൻകുതിപ്പുണ്ടാക്കുന്ന സൂപ്പർചാർജർ സിസ്റ്റമാണിത്.
ജിംനിയുടെ പവർ ഔട്ട്‌പുട്ടിൽ ഏതാണ്ട് 50 bhp കരുത്തോളം ഉയർത്താൻ കഴിയുന്ന ജിംനിയുടെ സൂപ്പർചാർജർ സിസ്റ്റം ഇന്ത്യയിലും ഇപ്പോൾ ലഭ്യമാണ്. ഏറ്റവും പ്രശസ്തമായ ആഫ്റ്റർ മാർക്കറ്റ് JDM പാർട്‌സ് നിർമാതാക്കളിൽ ഒരാളായ HKS ജപ്പാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെൽറ്റ്-ഡ്രൈവൺ സൂപ്പർചാർജർ കിറ്റ് നിലവിൽ സ്റ്റോക്കിലുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ ആഫ്റ്റർ മാർക്കറ്റ് പെർഫോമൻസ് സൂപ്പർചാർജർ സിസ്റ്റത്തിന്റെ വിലയൊന്നും പുറത്തുവിട്ടിട്ടില്ല. KS മോട്ടോർസ്‌പോർട്ടിന്റെ പോസ്റ്റ് അനുസരിച്ച് കിറ്റിൽ HKS GTIl-7040 S/C യൂണിറ്റ് ഉൾപ്പെടുന്നുണ്ട്. അത് കിറ്റിന്റെ ഹൃദയമായി വർത്തിക്കുകയും ആവശ്യമുള്ള പവർ നൽകുകയും ചെയ്യും. HKS S/C ഫ്ലൂയിഡ്, ഒരു റിസർവോയർ, കൂളർ കോർ, ഹോസുകൾ, ഒരു HKS S/C പുള്ളി തുടങ്ങിയ അവശ്യ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ കിറ്റിൽ ഒരു HKS ബ്ലോ-ഓഫ് വാൽവ്, ഒരു ഇൻടേക്ക് എയർ ക്ലീനർ ഫിൽട്ടർ (മഷ്റൂം ഫിൽറ്റർ), ഒരു ഇന്റർകൂളർ S/C ബ്രാക്കറ്റ്, ഒരു S/C ക്രാങ്ക് പുള്ളി, ഒരു ടെൻഷനർ അഡ്ജസ്റ്റ് സെറ്റ്, 8pk S/C ബെൽറ്റ്, പോളിഷ് എന്നിവയും ചേർത്തിട്ടുണ്ട്. അലുമിനിയം കളർ ഇൻടേക്ക് പൈപ്പിംഗ്. പാക്കേജിൽ സിലിക്കൺ ഹോസുകളും ഇൻസ്റ്റാളേഷന് ആവശ്യമായ ബോൾട്ടുകളും നട്ടുകളും വരെ കിറ്റിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ സൂപ്പർചാർജർ കിറ്റ് സ്ഥാപിക്കുന്നതോടെ മാരുതി സുസുക്കി ജിംനിക്ക് അധികമായി 55 bhp പവറിൽ 67 Nm torque വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നവീകരണങ്ങൾ തീർച്ചയായും എസ്‌യുവിയുടെ ഡ്രൈവിംഗ് അനുഭവത്തെ മാറ്റിമറിക്കും. ഓൺ റോഡിലും ഓഫ് റോഡിലും മാരുതി എസ്‌യുവിയുടെ പെർഫോമൻസിൽ വൻ കുതിപ്പുണ്ടാവുന്നത് വാഹന പ്രേമികളെയും ഉടമകളെയും സംബന്ധിച്ച് വലിയ കാര്യമാണ്.
എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങളുള്ളതു പോലെ തന്നെ ജിംനിയുടെ ഈ ആഫ്റ്റർ മാർക്കറ്റ് പെർഫോമൻസ് കിറ്റിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അധികമായി ലഭിക്കുന്ന പവറും ടോർക്കും എന്തായാലും ഡ്രൈവിംഗ് പ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകൾ കയറ്റുന്നത് നിയമപരമല്ല. മാത്രമല്ല ഒരു ആഫ്റ്റർ മാർക്കറ്റ് സൂപ്പർചാർജർ കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നത് വാഹനത്തിന്റെ വാറണ്ടിയെ വരെ ബാധിച്ചേക്കും.
ഇനി പെർഫോമൻസ് കിറ്റ് വാങ്ങി ഉപയോഗിക്കാൻ താത്പര്യമുള്ള ജിംനി ഉടമകൾക്ക് അവരുടെ വാറണ്ടി നിബന്ധനകൾ സമഗ്രമായി അവലോകനം ചെയ്യുകയും വാറണ്ടി കവറേജിനെ ഇത്തരം എക്സ്ട്രാ ഫിറ്റിംഗുകൾ ബാധിക്കുമോ എന്നും അംഗീകൃത സർവീസ് സെന്ററുകളുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കണം. ഉയർന്ന പവർ കണക്കുകൾ എസ്‌യുവിയുടെ മൈലേജിനെയും കാര്യമായി ബാധിക്കുമെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.


Click it and Unblock the Notifications








