ഒരു അലോയ് ഇട്ടതേയുള്ളൂ, ചുള്ളനായി ജിംനിയുടെ മേക്ക്ഓവർ കണ്ടോ...

ജിംനി ജിംനി ജിംനിയുടെ വാർത്തകൾ, ഇതാണല്ലോ ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചർച്ചാ വിഷയവും ട്രെൻഡും. ഏറെക്കാലമായി ഇന്ത്യയിലെ വാഹന പ്രേമികൾ കാത്തിരിക്കുന്ന മാരുതിയുടെ ഓഫ്-റോഡ് വാഹനമായതിനാലാണ് ജിംനിക്ക് ഇത്രയും ഹൈപ്പ് ലഭിക്കാൻ കാരണം. പോരാത്തതിന് ഇതിഹാസമായിരുന്ന ജിപ്‌സിയുടെ പിൻഗാമിയെന്ന ടാഗും എസ്‌യുവിയുടെ വരവിന് മാറ്റേകി.

2023 ഓട്ടോ എക്സ്പോയിൽ സർപ്രൈസ് എൻട്രിയായി എത്തിയതു മുതൽ ജിംനിയുമായി സംബന്ധിച്ച എല്ലാ വാർത്തകളും വൻഹിറ്റായിരുന്നു. ബുക്കിംഗ്, വില പ്രഖ്യാപനം, ലോഞ്ച് അങ്ങനെ നീളുന്ന എല്ലാം വൈറലായി മാറി. 2020-ൽ ഥാർ പിറവിയെടുത്തതിന് ശേഷം ഇതാദ്യമായാണ് ഒരു എസ്‌യുവിക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നീ ഓഫ്-റോഡ് കിംഗുകളെയാണ് ജിംനി എതിരിടുന്നത്.

Maruti Jimny SUV

എസ്‌യുവി വിപണി വെട്ടിപ്പിടിക്കാനുള്ള മാരുതിയുടെ ശ്രമങ്ങളെ മുന്നിൽ നിന്നു നയിക്കുക ജിംനിയായിരിക്കും. വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചതോടെ ആളുകൾ പതിയെ മോഡിഫിക്കേഷനുകളും തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു മാരുതി ജിംനിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വേറെ ഒന്നുമല്ല ഒരു ആഫ്റ്റർ മാർക്കറ്റ് അലോയ് വീൽ ഇട്ടതോടെ ഭാവമാകെ മാറിയതാണ് ഇതിലെ രസകരമായ കാര്യം. ഒന്നിലധികം കളർ ഓപ്ഷനുകളിൽ എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ആളുകൾക്ക് പ്രിയങ്കരം കൈനറ്റിക് യെല്ലോയാണ്.

എന്നാൽ ഇപ്പോഴത്തെ താരം വൈറ്റ് നിറത്തിലുള്ള ജിംനിയാണ്. അതുല്യവും മനോഹരവുമായ അലോയ് വീലുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഓട്ടോമോട്ടീവ് ഷോപ്പായ എഎം റേസിംഗാണ് ബ്രോൺസ് നിറത്തിൽ ഒരുങ്ങിയ എൻകെയ് ജപ്പാൻ ഓൾ റോഡ് RPT1 വീലുകളിൽ ജിംനിയെ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ വൈറ്റ് നിറത്തിനൊപ്പം അലോയ് വീൽ ഡിസൈനും കളറും അതിമനോഹരമായാണ് യോജിക്കുന്നത്. അല്ലെങ്കിലും അലോയ് കയറ്റിയാൽ ഏതുകാറിന്റെയും ലുക്ക് അതൊന്ന് വേറെ തന്നെയാവും.

Maruti Jimny With Alloy Wheel

പ്രത്യേകിച്ച് മോഡിഫൈ ചെയ്‌താൽ മാരുതി സുസുക്കി കാറുകളെല്ലാം വേറെ ലെവലാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എൻകെയ് ജപ്പാൻ ഓൾ റോഡ് RPT1 വീലുകളിൽ കോണ്ടിനെന്റൽ ക്രോസ് കോൺടാക്റ്റ് എടി ഓൾ-ടെറൈൻ ടയറുകളാണ് എഎം റേസിംഗ് ഉപയോഗിച്ചിരിക്കുന്നത്. ജിംനിക്കായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. ഈ ആഫ്റ്റർമാർക്കറ്റ് വീൽ ഷോപ്പ് മാരുതി ജിംനിക്ക് 16 ഇഞ്ച് വീൽ തന്നെയാണ് കയറ്റിയിരിക്കുന്നത് എന്നതും സ്വീകാര്യമായ കാര്യമാണ്.

കാരണം മോട്ടോർ വെഹിക്കിൾ നിയമം അനുശാസിക്കുന്നതിനനുസരിച്ച് വീൽ പുറത്തേക്ക് തള്ളിനിൽക്കാൻ പാടില്ല. ഒരിക്കലും അപ്‌സൈസിംഗുമായി പോവാത്തതാണ് നല്ലത്. കാരണം കമ്പനി പറയുന്ന സൈസിലുള്ള വീലുകളിട്ടാൽ ലുക്ക് കൂടുന്നതിനൊപ്പം പൊലീസിന്റെ നോട്ടപ്പുള്ളിയാവാതിരിക്കാനും സഹായിക്കും. വളരെ വലിയ അലോയ് വീലുകൾ ഭാരമുള്ളവയായതിനാൽ തന്നെ ഇത് മൈലേജിനെ പ്രതികൂലമായി ബാധിക്കും.

Maruti Jimny With Alloy Wheel

മാത്രമല്ല പുതിയ അലോയ് വീലുകൾ വളരെ വലുതാണെങ്കിൽ ബ്രേക്കിംഗ്, സസ്പെൻഷൻ, മറ്റ് മെക്കാനിക്കലുകൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ലോകത്തിലെ ഏറ്റവും പ്രമുഖവും വിജയകരവുമായ ഭാരം കുറഞ്ഞ ഓഫ്-റോഡിംഗ് എസ്‌യുവികളിൽ ഒന്നാണ് ജിംനി. പണ്ടുമുതലേ ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ ഹിറ്റടിച്ച മോഡൽ കൂടിയാണ് ജിംനി. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിന്നും വ്യത്യസ്‌തമായി ഇന്ത്യയിൽ കൂടുതൽ പ്രായോഗികമായ 5-ഡോർ പതിപ്പിലാണ് ജിംനി രൂപമെടുത്തിരിക്കുന്നത്.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രായോഗിക കാറുകൾ വേണമെന്ന ആവശ്യം മനസിലാക്കിയാണ് കമ്പനി ഈ നീക്കത്തിലേക്ക് എത്തിയത്. വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ ജിംനിയുടെ 5-ഡോർ പതിപ്പിന് 30,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചിരുന്നു. ഇന്ന് ഓരോ ദിവസവും 150 യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനത്തെ തേടിയെത്തുന്നത്. 103 bhp പവറിൽ പരമാവധി 134 Nm torque നൽകുന്ന 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എസ്‌യുവി ജോടിയാക്കാം. ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്‌സും ലോക്കിംഗ് ഡിഫറൻഷ്യൽ ലെൻഡിംഗ് ഹാർഡ്‌കോർ ഓഫ്-റോഡിംഗ് കഴിവുകളുമുള്ള ALLGRIP PRO 4×4 സാങ്കേതികവിദ്യയാണ് ജിംനിയുടെ പ്രധാന ഹൈലൈറ്റ്. ഇതോടൊപ്പം 210 mm ഗ്രൗണ്ട് ക്ലിയറൻസ്, യഥാക്രമം 36°, 24°, 50° എന്നിങ്ങനെ അപ്രോച്ച്, ബ്രേക്ക് ഓവർ, ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവ വാഹനത്തിന്റെ ഓഫ്-റോഡ് കഴിവുകളെ ഉയർത്തുന്ന കാര്യങ്ങളാണ്. 12.74 ലക്ഷം മുതൽ 15.05 ലക്ഷം വരെയാണ് മാരുതി ജിംനിയുടെ എക്‌സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Thursday, June 15, 2023, 11:58 [IST]
English summary
Maruti jimny suv with new 16 inch enkei alloy wheels images viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X