കണ്ണുവെക്കല്ലേ... ഓഫ്-റോഡ് ലുക്കിൽ മാരുതി എസ്-പ്രെസോയുടെ വേഷപ്പകർച്ച
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് എസ്-പ്രെസോ. സോപ്പുപെട്ടിയുടെ രൂപവും ഡിസൈനിലെ പാളിച്ചകളും സേഫ്റ്റിയുടെ പോരായ്‌മകളും ഇന്റീരിയറിലെ വിചിത്രയും കാട്ടി ആദ്യകാലത്ത് നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയൊരു എൻട്രി ലെവൽ വാഹനമാണിത്. എസ്‍യുവികൾ ട്രെൻഡായപ്പോൾ അൽപം ഉയർന്ന സീറ്റിംഗ് പൊസിഷനും ബോക്‌സി ഡിസൈനുമായി സാധാരണക്കാരെ മുന്നിൽ കണ്ട് പുറത്തിറക്കിയ എസ്-പ്രെസോ പതിയെ നിരത്തുകൾ കീഴടക്കി.
നഗര യാത്രകൾക്കൊക്കെ പറ്റിയ വണ്ടിയെന്ന ഖ്യാതിയാണ് ഇപ്പോൾ എസ്-പ്രെസോയ്ക്കുള്ളത്. ഒരു ചെറിയ കാർ വാങ്ങണമെന്നുള്ളവരും വീട്ടിലേക്ക് രണ്ടാമതൊരു സെക്കൻഡറി മോഡൽ വാങ്ങണമെന്നും പ്ലാനുള്ളവർ ഓടിയെത്തുന്നതും എസ്-പ്രെസോയിലേക്കാണ്. മൈക്രോ എസ്‌യുവിയെന്ന കളിയാക്കലുകൾ ഉണ്ടെങ്കിലും ആളൊരു ടോൾബോയ് ഹാച്ചാണെന്നു വേണം പറയാൻ. മാരുതിയുടെ K10 സീരീസ് എഞ്ചിനും ഭാരം കുറഞ്ഞ പ്ലാറ്റ്ഫോമുമെല്ലാം കൂടിച്ചേരുന്നതോടെ സിറ്റി യാത്രകളിലും മറ്റ് ചെറിയ ട്രിപ്പുകൾക്കുമെല്ലാം ആളൊരു പുലിയാണ്.

കാഴ്ച്ചയിൽ ആളൊരു ബോറനായി തോന്നുമെങ്കിലും ഒരു അലോയ് വീലൊക്കെയിട്ടാൽ ആളൊരു മിടുക്കനാവും എന്നതാണ് യാഥാർഥ്യം. മാരുതിയുടെ കാറുകൾ ചെറുതായൊന്ന് മോഡിഫൈ ചെയ്‌താൽ വേറെ ലെവലാവുന്ന കാഴ്ച്ചയെല്ലാം നാം പലതവണ ഇതിനോടകം കണ്ടിട്ടും കേട്ടിട്ടുമുണ്ടാവും. ഇപ്പോഴത്തെ താരം ഫിലിപ്പീൻസിൽ മോഡിഫൈ ചെയ്‌തൊരു മാരുതി സുസുക്കി എസ്-പ്രെസോയാണ്. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിന്റെ രൂപഭാവം ആവാഹിക്കാനുള്ള മോഡിഫിക്കേഷനുകളാണ് ഉടമ നൽകിയിരിക്കുന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.
ഈ പ്രത്യേക ഓഫ്-റോഡ് റെഡി മാരുതി എസ്-പ്രെസോയുടെ വീഡിയോ സ്കിന്നി ഫിൽ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ചെറിയ കുന്നിന് മുന്നിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സിൽവർ നിറത്തിൽ ഒരുങ്ങിയ എസ്-പ്രെസോയാണ് അടിപൊളിയായി മിനുക്കിയെടുത്തിരിക്കുന്നത്. ചിലപ്പോൾ ഇത്തരത്തിലുള്ള ഒരു സാധ്യത നമ്മുടെ ഇന്ത്യയിലെ ഉടമകൾ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ലായിരിക്കും. വീഡിയോയിൽ പറയുന്നത് അനുസരിച്ച് കാറിൽ 13 ഇഞ്ച് KNM ഓഫ്-റോഡ് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

സിൽവർ ബീഡ് ലോക്ക് സ്റ്റൈൽ ഡിസൈനിൽ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ സ്റ്റോക്ക് ടയറുകൾക്ക് പകരം ഫോഴ്‌സിയത്തിൽ നിന്നുള്ള ചങ്കി ഓൾ-ടെറൈൻ ടയറുകളാണ് സമ്മാനിച്ചിരിക്കുന്നത്. ഇത് ഫിലിപ്പീൻസിലെ ഒരു പ്രാദേശിക ബ്രാൻഡായിരിക്കാം. മൊത്തത്തിലുള്ള വീൽ, ടയർ സജ്ജീകരണം കാറിന്റെ സിൽവർ നിറവുമായി ഇഴുകിച്ചേരുന്നുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാനായി റബർ പക്‌സ് സ്പ്രിംഗുകൾ ഉപയോഗിച്ച് എസ്-പ്രെസോയുടെ പിൻ സസ്പെൻഷനും ഉയർത്തിയതായും വീഡിയോയിൽ പറയുന്നുണ്ട്.
ഇതുവഴി കാറിന്റെ ഉയരം കൂട്ടാനാവുമെങ്കിലും ഈ രീതി അത്ര മികച്ചൊരു തീരുമാനമായിരിക്കില്ലെന്നത് പ്രത്യേകം ഓർമിക്കേണേ. ഈ രീതി പിന്തുടർന്നാൽ കമ്പനി സസ്‌പെൻഷൻ തകരാറിലാവാനും റൈഡിംഗ് ക്വാളിറ്റിയെ ഇത് ബാധിക്കുകയും വരെ ചെയ്‌തേക്കാം. മൈക്രോ-എസ്‌യുവിയുടെ മുൻവശത്ത് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ടോ ഹുക്ക് ചേർത്തിരിക്കുന്നതും മനോഹരമായിട്ടുണ്ട്. എസ്-പ്രെസോയുടെ മുകളിൽ റൂഫ് റെയിലുകളും 38×38 ഇഞ്ച് റൂഫ് റാക്കും ഉടമ ചേർത്തതും പരുക്കൻ രൂപം കൈവരിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്.

കൂടാതെ കാറിൽ മഡ് ഫ്ലാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പുറംമോടിയിലെ ഇത്തരം പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ ബാക്കിയുള്ള എല്ലാ ഭാഗങ്ങളെല്ലാം സ്റ്റോക്ക് കണ്ടീഷനിൽ തന്നെ നിലനിർത്തിയിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. വീഡിയോയുടെ അവസാനത്തിൽ ഇന്റീരിയറിന്റെ ഒരു ഹ്രസ്വ ദൃശ്യം കാണിക്കുന്നുണ്ട്. ഇതിൽ അധികമായി സ്റ്റിയറിംഗ് വീലിന് മുന്നിൽ എഞ്ചിൻ ടെംപ്രേച്ചറും വോൾട്ടേജും പ്രദർശിപ്പിക്കുന്ന ഒരു ചെറിയ സ്‌ക്രീൻ നൽകിയിരിക്കുന്നതും കാണാം.
മാരുതി സുസുക്കി എസ്-പ്രെസോയ്ക്ക് സ്റ്റിയറിംഗ് വീലിന് മുന്നിൽ പരമ്പരാഗത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇല്ല എന്നത് എടുത്തുപറയേണ്ടതാണ്. പകരം ഡാഷ്ബോർഡിന്റെ മധ്യഭാഗത്തായാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കമ്പനി നൽകിയിരിക്കുന്നത്. കാറിന്റെ എഞ്ചിനിലും മറ്റ് മെക്കാനിക്കൽ ഭാഗങ്ങളിലും പരിഷ്ക്കാരങ്ങളൊന്നും ഉടമ നടത്തിയിട്ടില്ല. എസ്-പ്രെസ്സോയുടെ നിലവിലെ പതിപ്പിൽ 1.0 ലിറ്റർ ത്രീ-സിലിണ്ടർ K10C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് പരമാവധി 66 bhp കരുത്തിൽ 90 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മൈക്രോ എസ്‌യുവി ഒരു സിഎൻജി ഫ്യുവൽ ഓപ്ഷനിലും സ്വന്തമാക്കാനാവും. ഇതിൽ 57 bhp പവറിൽ പരമാവധി 82 Nm torque ആണ് വാഹനം നൽകുന്നത്. സിഎൻജി പതിപ്പ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ലഭ്യമാണ്. സിറ്റി യാത്രകളിൽ മികച്ച പെർഫോമൻസിനൊപ്പം കിടിലൻ മൈലേജും വാഹനം നൽകും.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെയുള്ള അടിസ്ഥാന സേഫ്റ്റി ഫീച്ചറുകളെല്ലാം മാരുതി സുസുക്കി എസ്-പ്രെസോയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, നാല് പവർ വിൻഡോകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്-പ്രെസോ വരുന്നത്.


Click it and Unblock the Notifications








