മക്ലാരൻ സ്റ്റൈലിൽ വിറ്റാര ബ്രെസ, മാരുതിക്ക് തോന്നാത്ത ഐഡിയ ഇന്റർനെറ്റിൽ വൈറൽ
ഇന്ത്യൻ വിപണിയിൽ കോംപാക്‌ട് എസ്‌യുവികൾക്ക് സാധ്യത തുറന്നുകൊടുത്ത മോഡലാണ് മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ. ഡീസൽ വാഹനമായി വിപണിയിലെത്തി പെട്രോൾ കാറായി മാറിയ ചരിത്രവും ബ്രെസക്ക് മാത്രമുള്ളതാണ്. ഈ വലിയ മാറ്റങ്ങൾക്കിടയിലും വിൽപ്പനയിൽ കാര്യമായ ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാരുതിയുടെ വണ്ടിയാണെങ്കിൽ പതിവ് അതാണല്ലോ...
ആദ്യ തലമുറയിൽ വിറ്റാര ബ്രെസ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിൽ രണ്ടാംതലമുറയിലേക്ക് ചേക്കേറിയപ്പോൾ വിറ്റാര ഒഴിവാക്കി ആള് ബ്രെസ എന്ന പേരും സ്വീകരിച്ചു. വിറ്റാര ബ്രെസയുടെ ഏറ്റവും വലിയ നേട്ടം ഫിയറ്റിൽ നിന്നുണ്ടായിരുന്ന ഡീസൽ എഞ്ചിന്റെ സാന്നിധ്യമായിരുന്നു. കാഴ്ച്ചയിൽ ഇന്നത്തെ ബ്രെസയാണ് പലർക്കുമിഷ്‌ടമെങ്കിലും ആദ്യ തലമുറ വിറ്റാര ബ്രെസയും മിടുക്കനായിരുന്നു. പലരും ജീപ്പ് കോമ്പസിന്റെ രൂപത്തിലേക്കെല്ലാം ഗ്രിൽ മോഡിഫൈ ചെയ്‌ത് കൊണ്ടുനടക്കാറുണ്ട്.

ഇപ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി മക്ലാരൻ സ്റ്റൈലിൽ ഒരുങ്ങിയ വിറ്റാര ബ്രെസയാണ് ഇന്റർനെറ്റ് ലോകത്തെ ചർച്ച. മക്ലാരൻ 720S സ്പോർട്‌സ് കാറിന് സമാനമായ കളർ ഓപ്ഷനിൽ ഒരുങ്ങിയതാണ് ഈ വിറ്റാര ബ്രെസയുടെ ഹൈലൈറ്റ്. വോൾക്കാനോ യെല്ലോയ്ക്ക് ഒപ്പം ഡ്യുവൽ ടോൺ ബ്ലാക്ക് കൂടിയായതോടെ മാരുതി എസ്‌യുവി കൂടുതൽ സ്പോർട്ടി ഭാവം കൈവരിച്ചുവെന്നു വേണം പറയാൻ. നേരത്തെ വിറ്റാര ബ്രെസയിലുണ്ടായിരുന്ന ബ്ലൂ-വൈറ്റ് മോഡലാണ് ഇപ്പോൾ ബ്രിട്ടീഷ് ബ്രാൻഡിന്റെ കളർ ഓപ്ഷനിലേക്ക് ചേക്കേറിയിരിക്കുന്നത്.
വാഹനം മുഴുവൻ റീപെയിന്റ് ചെയ്യുന്ന വീഡിയോയെല്ലാം വിശദമായി ബ്രോട്ടോമോട്ടീവ് (BROTOMOTIV) എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. വശത്തെ ബോഡി ക്ലാഡിംഗ്, റൂഫ്, വീൽ ആർച്ചുകൾ എന്നിവ ഗ്ലോസി ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയപ്പോൾ ബോഡിക്ക് വോൾക്കാനോ യെല്ലോയാണ് സമ്മാനിച്ചിരിക്കുന്നത്. മുൻവശത്തെ ഗ്രിൽ ഏരിയയും ബമ്പറിന്റെ ഭാഗങ്ങളും ഔട്ട്സൈഡ് റിയർവ്യൂ മിററുകളും സൈഡ് പില്ലറുകളും ഇതേ കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ അലോയ് വീലുകൾക്ക് കറുപ്പ് നിറവും ബ്രേക്ക് കാലിപ്പറുകൾക്ക് യെല്ലോ കോമ്പിനേഷൻ നൽകിയിരിക്കുന്നതും ശ്രദ്ധനേടാൻ സഹായിക്കുന്നുണ്ട്. പിൻഭാഗത്ത് റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും ടെയിൽഗേറ്റ് ഹാൻഡിലും ഗ്ലോസി ബ്ലാക്ക് കളർ ഓപ്ഷനിലാണ് തീർത്തിരിക്കുന്നത്. ഈ നിറം ബമ്പറിന്റെ താഴത്തെ ഭാഗത്തേക്ക് വ്യാപിക്കുന്നുമുണ്ട്. മൊത്തത്തിൽ ഇതൊരു സമഗ്രമായ പ്രോജക്‌ടാണ്. നിങ്ങളുടെ കാർ ഒറിജിനൽ അല്ലാതെ മറ്റേതെങ്കിലും നിറത്തിൽ പെയിന്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ആർടിഒയെ അറിയിക്കേണ്ടതുണ്ടെന്ന് അറിയണം.
അല്ലാത്തപക്ഷം നിങ്ങൾക്ക് ചലാൻ നൽകുകയും പെയിന്റ് നീക്കംചെയ്യാൻ ആവശ്യപ്പെടുകയും വരെ ചെയ്തേക്കാം. പ്രത്യേകിച്ച് കേരളത്തിലാണെങ്കിൽ. ഇന്ത്യയിൽ വാഹന മോഡിഫിക്കേഷനുകൾക്ക് വിലക്കുണ്ടെങ്കിലും പലരും ഇന്നും അവരുടെ അഭിരുചികൾക്കനുസരിച്ച് തങ്ങളുടെ കാറുകളെ ഒരുക്കിയെടുക്കാറുണ്ട്. പ്രത്യേകിച്ച് നിറമൊക്കെ മാറ്റുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. എന്നാൽ ഇത്തരത്തിൽ മികച്ച രീതിയിൽ വാഹനത്തിന് അനുയോജ്യമായ രീതിയിൽ കളർ തെരഞ്ഞെടുക്കുന്നതൊക്കെ വളരെ അപൂർവമായേ കാണാനാവൂ.

അടുത്തിടെ ഇത്തരത്തിൽ ലംബോർഗിനിയുടെ വെർഡെ എർമെസ് ഗ്രീൻ കളർ ഓപ്ഷനിൽ ആൾട്ടോ പെയിന്റടിച്ച് പുറത്തിറക്കിയ വാർത്തയും ട്രെൻഡായിരുന്നു. ലംബോ സ്റ്റൈലിൽ ആൾട്ടോ ഒരുക്കിയ അതേ കസ്റ്റമൈസ് ഗരാജാണ് കോംപാക്‌ട് എസ്‌യുവിയെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. കുറഞ്ഞത് പെയിന്റടിച്ചോ അലോയ് വീലുകളിട്ടോ നമ്മുടെ വണ്ടികളെ കിടുക്കനാക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ വണ്ടിഭ്രാന്തൻമാരും. സ്റ്റോക്ക് കണ്ടീഷനിൽ അത്ര കിടിലമായി തോന്നിയില്ലെങ്കിലും അലോയ് ഇട്ടാലോ അല്ലെങ്കിൽ ചെറിയ മോഡിഫിക്കേഷനുകൾ വരുത്തിയാലോ മാരുതി കാറുകൾ വേറെ ലെവലാവുമെന്നത് യാഥാർഥ്യമാണ്.
ഈ മക്ലാരൻ സ്റ്റൈലിൽ ഒരുങ്ങിയ വിറ്റാര ബ്രെസ ഗുജറാത്ത് രജിസ്ട്രേഷൻ വാഹനമാണ്. ബോഡി കളർ മാറ്റിയെങ്കിലും ഇന്റീരിയർ സ്റ്റോക്ക് കണ്ടീഷനിലാണ് നിലനിർത്തിയിരിക്കുന്നത്. അതോടൊപ്പം എഞ്ചിനിലോ മറ്റ് മെക്കാനിക്കൽ വശങ്ങളിലോ കാര്യമായ ഒരു പരിഷ്ക്കാരവും ഉടമ വരുത്തിയിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ വിൽപ്പനയുടെ കാര്യത്തിൽ വർഷങ്ങളായി മുൻപന്തിയിലുള്ള വാഹനമാണ് ബ്രെസ.
ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ മാരുതി കാർ എന്ന വിശേഷണവും ബ്രെസയ്ക്ക് സ്വന്തമാണ്. 1248 സിസി 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകിയിരുന്നത്. ഇത് 88.5 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 22 കിലോമീറ്ററോളം മൈലേജ് നൽകാനാവുമായിരുന്നു. ബിഎസ്-VI ഘട്ടത്തിന് ശേഷമാണ് വിറ്റാര ബ്രെസ പെട്രോൾ എഞ്ചിനിലേക്ക് പൂർണമായും മാറിയത്.


Click it and Unblock the Notifications








