മാരുതി 'മൈലേജ് കാ ബാപ്പ്' ആയത് ചുമ്മാതെയല്ല! സ്വിഫ്റ്റിന്റെ ഇളമുറക്കാരന് ലഭിക്കുന്നത് ഇരട്ടിയിലധികം
വിപണിയിൽ എത്തിയ കാലം മുതൽ തന്നെ രാജ്യത്തെ ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല. വർഷങ്ങളായി വിൽപ്പന പട്ടികയിൽ ആദ്യ പകുതിയിൽ തന്നെ തുടരുന്ന കാർ മോഡൽ കൂടിയാണിത്. ഏറെ കാലങ്ങളാണ് ഇന്ത്യൻ വിപണി കാത്തിരുന്ന നാലാം തലമുറ സ്വിഫ്റ്റ് അടുത്തിടെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു. ഇന്തോ ജാപ്പനീസ് ബ്രാൻഡ് പുതിയ സ്വിഫ്റ്റിനെ കൂടുതൽ പ്രീമിയവും സുരക്ഷിതവുമാക്കിയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. വാഹനത്തിന്റെ അടിസ്ഥാന മോഡലിന് ആറ് എയർബാഗുകളും ലഭിക്കുന്നുണ്ട്. 2005 -ലാണ് ഇന്ത്യൻ നിരത്തുകളിൽ മാരുതി സ്വിഫ്റ്റ് എത്തിയത്.
അതിനുശേഷം ഇങ്ങോട്ട് നോക്കിയാൽ ഹാച്ച്ബാക്കിന്റെ ഭാരത്തിലും മൈലേജിലും വിലയിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്, അതെല്ലാം എത്രമാത്രം എന്നും അവയിലെ വ്യത്യാസങ്ങളും നമുക്ക് അറിയാം. 2005 -ൽ പുറത്തിറങ്ങി 2010 വരെ വിപണിയിൽ ഉണ്ടായിരുന്ന ഒന്നാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഭാരം/ കർബ് വെയിറ്റ് എന്നത് 1,010 കിലോഗ്രാം ആയിരുന്നു.

2010 -ൽ പുറത്തിറങ്ങിയ രണ്ടാതലമുറയുടെ കാലയളവ് 2018 വരെ നീണ്ടുനിന്നിരുന്നു. 965 കിലോഗ്രാം ആയിരുന്നു ഈ സെക്കൻഡ് ജെൻ മോഡലിന്റെ ഭാരം. അതായത് ഒന്നാം തലമുറ മോഡലിനെ അപേക്ഷിച്ച് ഇതിന്റെ ഭാരം 45 കിലോഗ്രാം വരെ കുറഞ്ഞു എന്നു നമുക്ക് കാണാം.
അതിനു ശേഷം മൂന്നാം തലമുറ സ്വിഫ്റ്റ് 2018 -ലാണ് പുറത്തിറങ്ങുന്നത്. 905 കിലോഗ്രാമാണ് ഇതിന്റെ ആകെ ഭാരം. സെക്കൻഡ് ജനറേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ, വാണ്ടും ഭാരം 60 കിലോഗ്രാം കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിൽ കമ്പനി 2024 -ൽ പുറത്തിറക്കിയ നാലാം തലമുറ സ്വിഫ്റ്റിന് 925 കിലോഗ്രാമാണ് ഭാരം വരുന്നത്.

മൂന്നാം തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭാരത്തിന്റെ കാര്യത്തിൽ 20 കിലോഗ്രാം വർധനവാണ് രേഖപ്പെടുത്തുന്നത്. അടുത്തതായി മൈലേജ് കാര്യം നമുക്ക് എടുക്കാം. ഇന്ത്യൻ വിപണിയിൽ അന്നും ഇന്നും, ഇനി അങ്ങോട്ടും മൈലേജ് എന്നത് വാഹനത്തിന്റെ കാര്യത്തിൽ ഒരു പ്രധാന ഘടകം തന്നെ ആയിരിക്കും.
2005-2010 കാലയളവിൽ എത്തിയ ഒന്നാം തലമുറയിൽ കമ്പനി അവകാശപ്പെടുന്ന മൈലേജ് എന്നത് ലിറ്ററിന് 12.36 കിലോമീറ്റർ ആയിരുന്നു. അതേസമയം, 2010-2018 രണ്ടാം തലമുറയിൽ മൈലേജ് എന്നത് ലിറ്ററിന് 20.4 കിലോമീറ്റർ ആയി ഉയർന്നു. അതായത് ഒന്നാമത്തെ തലമുറയെ അപേക്ഷിച്ച് ഹാച്ച്ബാക്കിന്റെ മൈലേജ് എന്നത് 8.04 കിലോമീറ്ററായി കൂടി.

അതിനു ശേഷം 2018-2024 കാലയളവ് വരെ ഉണ്ടായിരുന്ന മൂന്നാം തലമുറയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 22.56 കിലോമീറ്ററോളം ആയിരുന്നു. ഇത് രണ്ടാം തലമുറയെ അപേക്ഷിച്ച് 2.16 കിലോമീറ്റർ കൂടി. 2024 -ൽ ദേ അടുത്തിടെ അവതരിപ്പിച്ച നാലാംതലമുറ മോഡലിന് കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 25.75 കിലോമീറ്ററായി ആയി വർധിച്ചു എന്നത് ശ്രദ്ധേയമാണ്. മൂന്നാംതലമുറ മോഡലിനെ അപേക്ഷിച്ച് മൈലേജിൽ 3.19 കിലോമീറ്ററിന്റെ വർധനവാണ് ഫോർത്ത് ജെനറേഷന്റെ ഹൈലൈറ്റ് എന്നത്.
വിലയുടെ കാര്യത്തിലും കാര്യമായ മാറ്റങ്ങളും വർധനവും ഉണ്ടായിട്ടുണ്ട്. 2005 -ൽ ആദ്യ മോഡലിന്റെ ബേസ് സ്പെക്ക് പതിപ്പിന് വെറും 3.87 ലക്ഷം രൂപയായിരുന്നു വില എങ്കിൽ ഇപ്പോൾ നാലാം തലമുറ മോഡലിന്റെ ബേസ് മോഡലിന് 6.49 ലക്ഷം രൂപയോളം ചെലവ് വരും. സ്വിഫ്റ്റിന്റെ വിലകളെ കുറിച്ചുള്ള ഒരു വിശദ്ധമായ റിപ്പോർട്ട് നമ്മുടെ വെബ്സൈറ്റിൽ ലഭ്യമാണ്.


Click it and Unblock the Notifications








