ഡിഫൻഡർ വരെ ടാക്‌സിയാക്കി, മണിക്കൂറിന് 3000 രൂപ വാടക; ഓണറെ തിരഞ്ഞവർ എത്തിയത് ബാർബറിന്റെ വീട്ടിൽ
വളരെ സാധാരണ ഗതിയിലെ ജീവിതം നയിച്ച് കഠിനാധ്വാനം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന കുറച്ചുപേരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. സ്വന്തം അദ്ധ്വാനം കൊണ്ട് കോടികൾ സമ്പാദിച്ച് പണക്കാരനായെങ്കിലും ഇന്നും തൊഴിൽ വിട്ടൊരു കളിയില്ലാത്ത മനുഷ്യന്റെ കാര്യം അടുത്തിടെ ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിരുന്നു. കോടികളുടെ ആഡംബര കാറുകൾ സ്വന്തമായുള്ള, സൂപ്പർ താരങ്ങൾക്കു വരെ കാറുകൾ വാടകക്ക് നൽകുന്ന രമേശ് ബാബു എന്ന ബാർബറിന്റെ കാര്യമാണ് പറയുന്നത്. മലയാളി അല്ലെങ്കിലും ഇദ്ദേഹം മലയാളികൾക്ക് ഏറ്റവും അടുപ്പമുള്ള നാടുകളിൽ ഒന്നായ ബെംഗളൂരുവിൽ നിന്നുള്ളയാളാണ്.
ഒറ്റമുറി കടയിലെ തലമുടി വെട്ടുകാരനിൽ നിന്നും 400-ൽ അധികം ആഡംബര കാറുകൾ സ്വന്തമായുള്ള രമേശ് കുമാറിന്റെ ഗരാജ് കണ്ടാൽ നമ്മളിൽ പലരുടേയും കണ്ണുവരെ തള്ളിയേക്കാം. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങി സൂപ്പർ താരങ്ങളും സെലിബ്രിറ്റികളുമൊക്കെയാണ് ഇദ്ദേഹത്തിന്റെ പ്രധാന കസ്റ്റമേഴ്സ്. അപ്പോൾ തന്നെ ഈ ബാർബറിന്റെ റേഞ്ച് മനസിലാക്കാമല്ലോ. പിന്നെ, മുടിവെട്ടലല്ല രമേശുമായുള്ള ഡീലിംഗ്‌സ്.

വണ്ടികൾ വാടകയ്ക്ക് എടുക്കാനാണ് കോടീശ്വരനായ ഈ ബാർബറിന്റെ അടുത്തേക്ക് സെലിബ്രിറ്റകൾ എത്തുന്നത്. മെർസിഡീസ് ബെൻസ് മെയ്ബാക്ക് സെഡാൻ മുതൽ റോൾസ് റോയ്‌സ് ഗോസ്റ്റ് വരെ സ്വന്തമായുള്ള ഇദ്ദേഹം വേറെ ലെവലാണ്. ടാക്‌സി കാറിൽ യാത്ര ചെയ്യാത്തവരായി ആരും തന്നെയുണ്ടാവില്ലല്ലോ. അംബാസിഡർ മുതൽ ഇങ്ങ് ഇന്നോവ വരെയുള്ള ടാക്‌സിയിൽ മിക്കവരും കയറിയിട്ടും യാത്ര ചെയ്‌തിട്ടുമുണ്ടാവുമല്ലോ.
എന്നാൽ ഇപ്പോഴിതാ ലാൻഡ് റോവർ ഡിഫൻഡർ ടാക്സിയായ സംഭവമാണ് ഇന്റർനെറ്റിൽ വണ്ടിഭ്രാന്തൻമാർ ചർച്ചയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ടാക്‌സി ഡിഫൻഡറിന്റെ ഇതിന്റെ ഉടമയാരെന്ന് ചോദിച്ചാൽ രമേശ് ബാബു എന്ന ബാർബർ എന്നാണ് ഉത്തരം. ഈയിടെ ഒരു ഹൈവേയിൽ ചീറിപ്പായുന്ന മഞ്ഞ നമ്പർപ്ലേറ്റുള്ള ഡിഫൻഡറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടു കഴിഞ്ഞിട്ടുണ്ട്.

വെള്ളനിറത്തിലുള്ള ലാൻഡ് റോവർ ഡിഫൻഡർ 130 മോഡൽ ചെളിയിൽ പുതഞ്ഞ ദേശീയ പാതയിലൂടെ ഓടിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാർ ക്രേസി ഗൈ എന്ന ഇൻസ്റ്റഗ്രാം പേജിലാണ്. ഇതിന്റെ ഉടമയാരെന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ ഈ പ്രത്യേക ലാൻഡ് റോവർ ഡിഫൻഡർ 130 ടാക്സി രമേശ് ടൂർസ് ആൻഡ് ട്രാവൽസിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. അച്ഛൻ്റെ മരണശേഷം രമേഷ് ബാബു തുടങ്ങിയ സ്ഥാപനമാണിത്.
1993-ലാണ് ഈ കാര്‍ റെന്റല്‍ കാര്‍ കമ്പനി രമേശ് ബാബു ആരംഭിക്കുന്നത്. മുടി വെട്ടുന്ന ജോലിക്കൊപ്പം സ്വന്തമായി ഒരു ഓമ്‌നി വാങ്ങി വാടകയ്‌ക്ക് കൊടുക്കാൻ തുടങ്ങിയാണ് രമേശ് ടൂർസ് ആൻഡ് ട്രാവൽസിലായി സംരംഭം വളർന്നത്. മാരുതി വാനിൽ നിന്നും പിന്നീട് ഉപരിവര്‍ഗത്തിന്റെ യാത്രാ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കി തുടങ്ങിയതോടെയാണ് രമേശ് കോടീശ്വരനായി വളർന്നത്.

പുതുതായി വാങ്ങിയ ഈ ലാൻഡ് റോവർ ഡിഫൻഡർ 130 ഉൾപ്പെടെ ഏകദേശം 400-ൽ അധികം ആഡംബര വാഹനങ്ങളാണ് രമേശ് ടൂർ ആന്റ് ട്രാവൽസിലുള്ളത്. ഇതൊക്കെയാണെങ്കിലും ഇന്നും സാധാരണക്കാർക്ക് പോലും അദ്ദേഹത്തിന്റെ അടുത്ത് മുടി വെട്ടാൻ പോകാം. ഹെയർ കട്ടിംഗിന് ഇന്നും 100 രൂപയാണ് രമേശ് ബാബു ഈടാക്കുന്നത്. ഇത്രയും വലിയ കോടീശ്വനായിട്ടും പഠിച്ച് തൊഴിൽ നിർത്താൻ തയാറാവാത്തത് പ്രശംസ അർഹിക്കുന്ന കാര്യമാണ്.
ഇനി ടാക്‌സിയായി ഓടുന്ന ലാൻഡ് റോവർ ഡിഫൻഡറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ ഫ്യൂജി വൈറ്റ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ ഒരുക്കിയിരിക്കുന്ന ഈ പ്രത്യേക എസ്‌യുവിക്ക് "0006" എന്ന വിഐപി രജിസ്ട്രേഷൻ നമ്പറുള്ള മഞ്ഞ നമ്പർ പ്ലേറ്റാണ് ലഭിക്കുന്നത് എന്നതും രസകരമായ കാര്യമാണ്. രമേഷ് ടൂർസ് ആൻഡ് ട്രാവൽസ് പറയുന്നതനുസരിച്ച് ഈ ഡിഫൻഡർ 130 ഇന്ത്യയിലെ ആദ്യത്തെ ടാക്‌സി ഡിഫൻഡറാണ്.
നിങ്ങൾക്കും ഈ കാർ വാടകയ്ക്ക് എടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ രമേഷ് ടൂർസ് ആൻഡ് ട്രാവൽസിനെ സമീപിച്ചാൽ മതിയാവും. എന്നാൽ കിലോമീറ്ററിനല്ല പൈസ ഈടാക്കുന്നതെന്ന് മാത്രം. മണിക്കൂറിന് 3,000 രൂപ നിരക്കിലാണ് ഈ ആഡംബര ടാക്‌സി കമ്പനി വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റർ ഡീസൽ എഞ്ചിൻ (D300) സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനത്തിന് 296 bhp കരുത്തിൽ 600 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ജോടിയാക്കിയതാണ് ആഡംബര എസ്‌യുവി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








