ഇപ്പോ ലുക്ക് ആകെയൊന്നു മാറി... ഡ്യുവൽ ടോണിൽ അണിഞ്ഞൊരുങ്ങി Scorpio N എസ്‌യുവി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2022 ജൂൺ അവസാനത്തോടെ ആഭ്യന്തര വിപണിയിൽ പുതിയ തലമുറ സ്കോർപിയോ N അവതരിപ്പിച്ചതിൽ പിന്നെ കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടിയെ വന്നിട്ടില്ല. അത്രയധികം സ്വീകാര്യതയാണ് പുത്തൻ സ്കോർപിയോ നേടിയെടുത്തിരിക്കുന്നത്.
Z2, Z4, Z6, Z8, Z8 L എന്നിങ്ങനെ മൊത്തം അഞ്ച് വേരിയന്റുകളിലാണ് സ്കോർപിയോ N വിപണിയിൽ എത്തുന്നതും. ഔദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ച് വെറും അരമണിക്കൂറിനുള്ളിൽ ഒരു ലക്ഷം ആളുകളാണ് പുത്തൻ എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തതും.

2002 മുതൽ മഹീന്ദ്രയുടെ നിരയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നായി സ്കോർപിയോ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ ക്വാളിറ്റിയും കഴിവുകളും കൊണ്ടാണ്. മോഡിഫൈ ചെയ്‌ത് കൊണ്ടുനടക്കാനും കിടിലനാണ് സ്കോർപിയോ എന്നതും ആളുകളെ ഇതിലേക്ക് കൂടുതൽ അടുപ്പിക്കുന്നുമുണ്ട്. പഞ്ചാബിലൊക്കെ വലിയ കൂറ്റൻ അലോയ് വീലുകളുമായി കറങ്ങി നടക്കുന്ന സ്കോർപിയോ എസ്‌യുവിയുടെ ചിത്രങ്ങളും ഇന്റർനെറ്റിലെ താരങ്ങളാണ്.
ദേ ഇപ്പോൾ അത്തരത്തിലൊരു സ്കോർപിയോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ എല്ലാം ഹിറ്റായിരിക്കുന്നത്. ലുക്ക് ആകെയൊന്നു മാറി, ഡ്യുവൽ ടോണിൽ അണിഞ്ഞൊരുങ്ങിയ സ്കോർപിയോ N എസ്‌യുവിയുടെ ടോപ്പ് എൻഡ് Z8 L ഓട്ടോമാറ്റിക് വേരിയന്റിനെയാണ് റെഡ്-ബ്ലാക്ക് കോമ്പിനേഷനിൽ ഒരുക്കിയെടുത്തിരിക്കുന്നത്. സാറ്റിൻ റാപ്പിൽ തീർത്ത റൂഫാണ് ഇതിൽ വാഹനത്തിന്റെ മനോഹാരിത എടുത്തുകാണിക്കുന്നത്.

അതേസമയം ബോണറ്റ്, ഫ്രണ്ട് ബമ്പർ, ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ, സ്കഫ് ബോർഡുകൾ, ഡോർ ഹാൻഡിൽ കപ്പുകൾ എന്നിവ പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമിലാണ് (PPF) പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഗ്രാഫീൻ കോട്ടിംഗ് ബോഡി പ്രതലത്തിന്റെ ബാക്കി ഭാഗങ്ങളിൽ കാണാം. അലോയ് വീലുകൾ ടു-ടോൺ എക്സ്റ്റീരിയർ ഫിനിഷുമായി നന്നായി ചേരുന്നുണ്ടെന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.
സ്റ്റാൻഡേർഡായി മഹീന്ദ്ര സ്കോർപിയോ N പതിപ്പിലുള്ള ക്രോം വിൻഡോ ലൈനുകൾ എസ്‌യുവിയുടെ പ്രീമിയം ഭാവം ഉയർത്തുന്നുമുണ്ട്. പുതിയ മഹീന്ദ്ര സ്കോർപിയോ മോഡലിന് 4,662 mm നീളവും 1,917 mm വീതിയും 1,857 സെന്റീമീറ്റർ ഉയരവും 2,750 mm വീൽബേസ് നീളവുമാണുള്ളത്. പഴയ തലമുറ ആവർത്തനത്തിനെ അപേക്ഷിച്ച് പുതിയ ലാഡർ ഫ്രെയിം ഷാസിയാണ് പുതുതലമുറ മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

57 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയാണ് സ്കോർപിയോ N എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. ഡാസ്‌ലിംഗ് സിൽവർ, ഡീപ് ഫോറസ്റ്റ്, ഗ്രാൻഡ് കാന്യോൺ, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, റോയൽ ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് നിലവിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതായത് വാഹനത്തിൽ ഡ്യുവൽ-ടോൺ നിറങ്ങളൊന്നും സ്റ്റാൻഡേർഡായി ലഭിക്കുന്നില്ലെന്ന് സാരം.
11.99 ലക്ഷം രൂപ മുതൽ 23.90 ലക്ഷം രൂപ വരെയാണ് സ്കോർപിയോ N എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. ആറ്, ഏഴ് സീറ്റർ ഓപ്ഷനിലും വാഹനം സ്വന്തമാക്കാനാവും. എന്നാൽ ആറ് സീറ്റർ ലേഔട്ട് ടോപ്പ് എൻഡ് Z8 L വേരിയന്റിൽ മാത്രമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 2.2 ലിറ്റർ എംഹോക്ക് ഫോർ സിലിണ്ടർ ഡീസൽ, 2.0 ലിറ്റർ എംസ്റ്റാലിയൻ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും പുത്തൻ മോഡൽ വാങ്ങാനാവും.
ആദ്യത്തെ 2.2 ലിറ്റർ എംഹോക്ക് ഡീസൽ പരമാവധി 175 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 203 bhp കരുത്തിൽ 380 Nm Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് രണ്ട് എഞ്ചിൻ ഓപ്ഷനുകളും വരുന്നത്.


Click it and Unblock the Notifications








