ദ്രൗപദി മുര്‍മുവിന്റെ യാത്രയിനീ മെർസിഡീസ് മെയ്ബാക്ക് S600 പുൾമാനിൽ, അറിയാം പ്രത്യേകതകൾ
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റെടുത്തിരിക്കുകയാണ്. പ്രതിഭാ പാട്ടീലിനുശേഷം രാഷ്ട്രപതി കസേരയിലെത്തുന്ന രണ്ടാമത്തെ വനിത എന്നിങ്ങനെ നിരവധി വിശേഷങ്ങളാണ് ദ്രൗപദിയ്ക്കുള്ളത്.

ഇവിടംകൊണ്ട് തീരുന്നില്ല ദ്രൗപദി മുര്‍മുവിന്റെ വിശേഷണങ്ങള്‍. 1958-ല്‍ ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ മയൂര്‍ഭഞ്ചില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതി കസേരവരെയെത്താന്‍ ദ്രൗപദി മുര്‍മുവിന് താണ്ടേണ്ടിവന്ന ദൂരം ചെറുതൊന്നുമല്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുള്ള രാജ്യത്തിന്റെ പ്രഥമപൗരനായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് കാത്തിരിക്കുന്നതും.

കഴിഞ്ഞ വർഷം വാങ്ങിയ മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ ഗാർഡാണ് പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ യാത്രകളിൽ ഔദ്യോഗിക വാഹനമായി കൂട്ടിനെത്തുന്നത്. ഏറ്റവും കൂടുതൽ സുരക്ഷ, ശക്തി, അതുല്യമായ സവിശേഷതകൾ എന്നിവയുടെ കാര്യത്തിൽ കാർ വളരെയധികം കസ്റ്റമൈസ് ചെയ്തിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

രാഷ്ട്രപതിയുടെ ഈ പ്രത്യേക കാർ എന്തെല്ലാം പ്രത്യേകതകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഒന്നുകൂടി പരിചയപ്പെട്ടാലോ? 2011 ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച വാഹനത്തിന്റെ പരിഷ്ക്കരിച്ച പതിപ്പാണിത്. VR9 ലെവൽ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ഉള്ള പുൾമാൻ ഗാർഡ്, ടാങ്ക് പോലുള്ള യുദ്ധോപകരണങ്ങളിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിൽ ഒരു കൂട്ടം ബുള്ളറ്റ് പ്രൂഫ് കാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് അടിയന്തര ഘട്ടങ്ങളിൽ സ്പെയർ കാറായും ഉപയോഗിക്കാനാവുമെന്നതും ഒരു പ്രത്യേകതയാണ്. ഇനി മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ ഗാർഡിന്റെ പ്രത്യേകതകളിലേക്ക് നോക്കിയാൽ ഈ വാഹനത്തിന് VR9-ലെവൽ ബാലിസ്റ്റിക് സംരക്ഷണം, 44 കാലിബർ സംരക്ഷണം, മിലിട്ടറി റൈഫിൾസ് ഷോട്ടുകളുടെ സംരക്ഷണം, ബോംബുകൾ, സ്‌ഫോടകവസ്തുക്കൾ, ഗ്യാസ് ആക്രമണം എന്നിവയിൽ നിന്നും സംരക്ഷണം നൽകാനും പ്രാപ്‌തമാണ്.

ബുള്ളറ്റ് പ്രൂഫ് അലോയ് വീലുകളിലും ടയറുകളിലുമാണ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിന്റെ വാഹനം സഞ്ചരിക്കുക. ഗ്യാസ് ആക്രമണം ഉണ്ടായാൽ യാത്രക്കാർക്ക് താങ്ങാവുന്ന ഓക്‌സിജൻ സപ്ലൈ ഉണ്ടെന്നതും കൂടുതൽ ശ്രദ്ധേയമാണ്.

വലിപ്പത്തിലേക്ക് നോക്കിയാൽ 5453 മില്ലീമീറ്റർ നീളവും 1899 മില്ലീമീറ്റർ വീതിയും 1498 മില്ലീമീറ്റർ ഉയരവും 3365 മില്ലീമീറ്റർ വീൽബേസുമാണ് മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ ഗാർഡിനുള്ളത്. ഇതൊരു സ്ട്രെച്ച്ഡ് ലിമോസിൻ ആയതിനാൽ S600 പതിപ്പിന്റെ അളവുകൾ ഗംഭീരമായിരിക്കും.

ഏകദേശം 5.5 മീറ്റർ നീളത്തിലും 3.4 മീറ്റർ വീൽബേസിലും ഇത് പ്രകടവുമാണ്. ഇത് പ്രസിഡന്റിന് പരമാവധി സൗകര്യം നൽകുന്നതിനായി ക്യാബിനിനുള്ളിൽ മികച്ച സ്പേസാണ് വാഗ്‌ദാനം ചെയ്യുന്നതെന്നും മനസിലാക്കാം. പ്രസിഡൻഷ്യൽ മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ ഗാർഡിന് 6.0 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇത് പരമാവധി 530 bhp കരുത്തിൽ 830 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌യുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ എയർ സസ്പെൻഷനും റൺ-ഫ്ലാറ്റ് ടയറുകളും രാഷ്ട്രപതിയുടെ സ്വന്തം വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണ്.

8 സെക്കൻഡിൽ താഴെ മാത്രം സമയമാണ് പതിനഞ്ചാമത് രാഷ്ട്രപതി ഉപയോഗിക്കുന്ന മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ ഗാർഡിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത്. അതേസമയം പരമാവധി വേഗത 160 കിലോമീറ്ററാണെന്നും പറയപ്പെടുന്നു. 4 പേർക്ക് ഇരിക്കാവുന്ന കാറിൽ 530 ലിറ്റർ ബൂട്ട് സ്പേസും 80 ലിറ്റർ ഫ്യുവൽ ടാങ്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രഥമ പൗരനെ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്ത രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാർ ഇതായിരിക്കുമെന്ന് കരുതുമ്പോൾ ഈ കാറിന്റെ വില ഏകദേശം 10 കോടി രൂപയാണ്. എല്ലാ സവിശേഷതകളും കവച സംരക്ഷണവുമുള്ള കാറിന് അഞ്ച് ടണ്ണിലധികം ഭാരം ഉണ്ടെന്നാണ് പറയപ്പെടുന്നത്.

2007- 2012 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ കാലം മുതൽ ഔദ്യോഗിക സ്റ്റേറ്റ് കാറാണ് മെർസിഡീസ് മെയ്ബാക്ക് S600 പുൾമാൻ എന്നതും ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications








