മെഗാസ്റ്റാറിന്റെ പുത്തൻ കാറും ട്രെൻഡിംഗ്, മമ്മൂട്ടി മാസ് എൻട്രി നടത്തിയ കാറിന്റെ വില എത്രയെന്ന് അറിയാമോ?
കണ്ണൂർ സ്ക്വാഡും അതിലെ ടാറ്റ സുമോയും വൻ ട്രെൻഡിംഗാണ് കേരളത്തിൽ ഇപ്പോൾ. ഇതിന്റെ ഓളം കെട്ടടങ്ങുന്നതിനു മുമ്പ് ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച സിനിമയുടെ നായകൻ മമ്മൂട്ടി മറ്റൊരു കാറിനെ കൂടി സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്ററാക്കിയിരിക്കുകയാണ്. മറ്റേതുമല്ല, മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ വാഹനമായ മെർസിഡീസ് ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
പുത്തൻ ആഡംബര കാറിൽ എയർപോർട്ടിലേക്ക് മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ ഇഷ്‌ട നമ്പരിനായി താരം ലക്ഷങ്ങൾ വാരിയെറിഞ്ഞ വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു. അത് ഈ പുത്തൻ കാറിനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥിക്ക് KL 07 DC 0369 എന്ന നമ്പർ സ്വന്തമാക്കിയത് 1.31 ലക്ഷം രൂപ മുടക്കിയാണ്. മലയാളത്തിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തനാണ് മമ്മൂക്ക.

അന്നുമുതല്‍ മമ്മൂട്ടിയുടെ ഗരാജില്‍ എത്തിയ പുത്തൻവണ്ടി ഏതാണെന്ന തിരച്ചിലില്‍ ആയിരുന്ന വാഹനപ്രേമികള്‍ക്ക് അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്. ഡ്രൈവറെ പിന്നിലിരുത്തി തന്‍റെ കാറുകളിൽ പായുന്ന മമ്മൂട്ടിയുടെ കഥകളെല്ലാം നാം പല തവണ കേട്ടിട്ടുണ്ട്. കാർ മാത്രമല്ല അതിന്റെ നമ്പരും വേറിട്ടുനിൽക്കണമെന്ന ചിന്താഗതിയുള്ളയാളാണ് ഇക്ക. തൻ്റെ എല്ലാ വാഹനങ്ങൾക്കും 369 സ്വന്തമാക്കാൻ മെഗാസ്റ്റാർ ശ്രമിക്കാറുണ്ട്. റെഡ് കളറിൽ ഒരുങ്ങിയിരിക്കുന്ന മെർസിഡീസ് ബെൻസ് AMG A45 S 4മാറ്റിക്കാണ് മമ്മൂക്കയുടെ പുത്തൻ കാർ.
രാജ്യത്തെ പെർഫോമൻസ് കാറുകളിലെ രാജവായാണ് ഈ ജർമൻ മോഡൽ അറിയപ്പെടുന്നതു തന്നെ മെയ്ബാക്ക് GLS 600 എസ്‌യുവിക്ക് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെൻസാണ് ഈ പെർഫോമൻസ് ഹാച്ച്ബാക്ക്. 92.50 ലക്ഷം രൂപയാണ് മെർസിഡീസ് ബെൻസ് AMG A45 S ലക്ഷ്വറി കാറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. റോഡ് ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.19 കോടി രൂപയോളമാണ് ഇതിനായി മുടക്കേണ്ടി വരുന്ന കൊച്ചിയിലെ ഓൺ-റോഡ് വില.

ഈ വർഷം മെയ് മാസത്തിലാണ് AMG A45 S പെർഫോമൻസ് കാറിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യൻ വിപണിയിൽ എത്തുന്നത്. AMG A45 S. ബെന്‍സ് A-ക്ലാസ് മോഡലിന്റെ പെര്‍ഫോമെന്‍സ് പതിപ്പായി ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്ന വാഹനമാണിത്. 415 bhp പവറിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ് ഈ കാറിന്റെ ഹൃദയം.
8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, മെർസിഡീസിന്റെ 4മാറ്റിക്പ്ലസ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. A45 ഹാച്ചിന് വെറും 3.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനുമാവും. ഉയർന്ന വേഗം മണിക്കൂറിൽ 270 കിലോമീറ്റർ. കാഴ്ച്ചയിൽ തന്നെ അമ്പരന്നു പോവുന്ന രൂപവും ഭംഗിയുമാണ് കാറിനുള്ളത്. എൽഇഡി ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലും കൂറ്റൻ ടെയിൽ ലൈറ്റുകളും AMG-നിർദ്ദിഷ്ട അലോയ് വീലുകളും റൂഫ് സ്‌പോയിലറും ഉൾക്കൊള്ളുന്ന ഡിസൈൻ ശരിക്കും സ്പോർട്‌സ് കാറുകളെ അനുസ്മരിപ്പിക്കും.
അകത്തേക്ക് കയറിയാലും ആഡംബരത്തിന്റെ അങ്ങേയറ്റമാണ് കാണാനാവുക. ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, അൽകന്റാര ഇന്റീരിയറുകൾ, പവർ സീറ്റുകൾ, പവർ IRVM, ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും എഎംജി ബാഡ്‌ജിംഗ്, ഹെഡ്‌റെസ്റ്റുകളിൽ എംബോസ് ചെയ്‌തിരിക്കുന്ന AMG എന്നിവ ക്യാബിനിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. സ്റ്റിയറിങ്ങിനുള്ള കപ്പാസിറ്റീവ് ടച്ച് കൺട്രോളുകളാണ് കാറിലെ മറ്റൊരു ഹൈലൈറ്റായ കാര്യം.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയ്ക്ക് അനുയോജ്യമാണ്. ഇത് ബെൻസിന്റെ ഏറ്റവും പുതിയ MBUX സിസ്റ്റമാണെന്നതും ശ്രദ്ധേയമാണ്. മെർസിഡീസ് ബെൻസ് AMG A45 S പെർഫോമൻസ് കാറിന് പുറമെ മെർസിഡീസ് G-വാഗണ്‍, ബെന്‍സ് V-ക്ലാസ്, S-ക്ലാസ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്‌വാഗൺ പോളോ GTI പോലുള്ള വമ്പൻ കാർ കളക്ഷനാണ് മെഗാസ്റ്റാറിന്റെ ഗരാജിലുള്ളത്.

ഇപ്പോൾ തീയറ്ററിൽ നിറഞ്ഞ സദസോടെ പ്രദർശനം തുടരുന്ന കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലെ ടാറ്റ സുമോയും കഴിഞ്ഞ ദിവസം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. നമ്മൾ മാത്രമല്ല പൊലീസ്, നമ്മുടെ വണ്ടിയും പൊലീസാണ് എന്ന ഡയലോഗ് വരെ കേരളത്തിൽ ഇപ്പോൾ ട്രെൻഡിംഗാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ സുമോയിലാണ് ഇക്കയുടെ സഞ്ചാരം. ഈ കണക്ഷൻ വിട്ടുകളയാതെയാണ് താരം ഇതിഹാസ വാഹനമാണ് സുമോയെ പടത്തിന് ശേഷവും കൂടെക്കൂട്ടിയിരിക്കുന്നത്.


Click it and Unblock the Notifications








