ഇന്ത്യയിൽ ബെൻസ് നിർമിച്ചിരുന്നത് നമ്മുടെ സ്വന്തം ടാറ്റ! വണ്ടിഭ്രാന്തൻമാർക്ക് പോലും അറിയില്ലായിരുന്ന രഹസ്യം
കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന പേരാണ് ബെൻസിന്റേത്. അടുത്തിടെ മോഹൻലാൽ അഭിനയിച്ച തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ലാലേട്ടനെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബെൻസ് എന്നത്. ഒരു വണ്ടിഭ്രാന്തന് ഇതിലും നല്ലൊരു പേര് കിട്ടാനേയില്ല. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ നിർമാതാക്കളാണ് മെർസിഡീസ് ബെൻസ്. വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായ ബ്രാൻഡ് നിര ആരേയും മോഹിപ്പിക്കുന്ന ഒന്നുകൂടിയാണ്. ശരിക്കും പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പനക്കാരനും നിർമാതാവുമായ മാരുതി സുസുക്കിയേക്കാൾ കൂടുതൽ മോഡലുകൾ ബെൻസിനുണ്ടെന്നതാണ് വാസ്‌തവം.
എന്നാൽ ഈ മെർസിഡീസ് ബെൻസിന്റെ കാറുകൾ പണ്ട് നിർമിച്ചിരുന്നത് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് ആയിരുന്നുവെന്ന് ആർക്കെങ്കിലും അറിയാമായിരുന്നോ? സത്യത്തിൽ അങ്ങനൊരു സത്യം കൂടി ചരിത്രത്താളുകളിൽ മറഞ്ഞിരിപ്പുണ്ട് കേട്ടോ. ടാറ്റ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മെർസിഡീസ് മോഡലുകളിൽ ഒന്നായിരുന്നു W124 ഇ-ക്ലാസ്. അതിന്റൊരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരുന്നു.

വൈൽഡ്ഫിലിംസ്ഇന്ത്യ അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ രണ്ട് W124 ഇ-ക്ലാസ് സെഡാനുകൾ രാജ്പഥിൽ, ഇപ്പോൾ കർതവ്യ പാത എന്നറിയപ്പെടുന്ന നിരത്തുകളിലൂടെ ഓടിക്കുന്നത് കാണാം. വീഡിയോ ആറ് വർഷം മുമ്പ് പോസ്റ്റ് ചെയ്തതാണെങ്കിലും ആഡംബര സെഡാന്റെ ലോഞ്ച് സമയത്തുള്ള ഒറിജിനൽ റെക്കോർഡ് വീഡിയോയാണിത്.
സംഭവം എന്തായാലും പുതുതലമുറയിലേക്ക് എത്തിയത് നന്നായി. അതാണല്ലോ പണ്ടത്തെ മെർസിഡീസ് ബെൻസ് ഇ-ക്ലാസ് നിർമിച്ചിരുന്നത് ടാറ്റ മോട്ടോർസ് ആണെന്ന സത്യം പലർക്കും മനസിലാക്കാൻ സാധിച്ചത്. 1995 ലാണ് ഈ കാർ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് കേട്ടോ. അന്ന് ടെൽകോ എന്നറിയപ്പെട്ടിരുന്ന ടാറ്റ മോട്ടോർസുമായി 50:50 സംയുക്ത പങ്കാളിത്തത്തോടെയാണ് മെർസിഡീസ് ബെൻസ് രാജ്യത്തേക്ക് എത്തുന്നത്.

ഇന്ത്യയിൽ ഔദ്യോഗികമായി വിറ്റഴിക്കപ്പെട്ട ആദ്യത്തെ മെർസിഡീസ് മാത്രമല്ല, ആദ്യത്തെ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (CKD) മോഡലും കൂടിയായിരുന്നു W124. ബെൻസും ടാറ്റയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യയിൽ വിറ്റഴിച്ച എല്ലാ മെർസിഡീസ് ബെൻസ് കാറുകളും യഥാർഥത്തിൽ പൂനെയിലെ ടാറ്റയുടെ പ്ലാന്റിലാണ് അസംബിൾ ചെയ്തിരുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ സികെഡി പ്രക്രിയയിൽ, കാറുകൾ ഭാഗങ്ങളായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഒരു നിർമാണ കേന്ദ്രത്തിൽ പ്രാദേശികമായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്.
ഈ രീതിയിൽ കാറുകൾ കൂട്ടിച്ചേർക്കുന്നതോടെ ബ്രാൻഡിന് അവരുടെ ഉൽപ്പന്നത്തിന്റെ വില നിയന്ത്രിക്കാൻ കഴിയും. ഇന്ത്യ പോലൊരു പുതിയൊരു വിപണിയിലേക്ക് പ്രവേശിക്കുമ്പോൾ മെർസിഡീസ് ബെൻസിന് ഇത് ഒരു നിർണായക ചുവടുവയ്പ്പായിരുന്നുവെന്ന് വേണം മനസിലാക്കാൻ. മെർസിഡീസ് ടെൽകോയുമായി സഹകരിക്കുന്നത് ഇതാദ്യമായിരുന്നില്ല. അവരുടെ പ്രാരംഭ പങ്കാളിത്തം 1954 മുതൽ 1969 വരെ നീണ്ടുനിന്നിരുന്നു.

എന്നാൽ ഈ കാലഘട്ടത്തിലെ കൂട്ടുകെട്ട് ട്രക്കുകളും വാണിജ്യ വാഹനങ്ങളും നിർമിക്കുന്നതിന് മാത്രമായിരുന്നു. രണ്ട് ബ്രാൻഡുകളും തമ്മിലുള്ള രണ്ടാമത്തെ സംയുക്ത സംരംഭം 1994 ൽ ആരംഭിച്ച് 2000-2001 വരെ നീണ്ടുനിന്നു. ഇക്കാലയളവിലാണ് ഇ-ക്ലാസിന്റെ അസംബ്ലിംഗും നടക്കുന്നത്. അക്കാലത്ത് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റ കാറുകൾക്ക് നല്ല പെയിന്റ് ഗുണനിലവാരം ഉണ്ടായിരുന്നതിന്റെ ഒരു കാരണം ഇതാണ്.
ഈ കാറുകളിൽ ഭൂരിഭാഗവും മെർസിഡീസ് ബെൻസ് കാറുകളുടെ അതേ പ്ലാന്റിലാണ് പെയിന്റ് ചെയ്തത്. ഇന്നും അതേ സൗകര്യം നിലവിലുണ്ടെന്നത് പലർക്കും ഓർമയില്ലാത്ത കാര്യമാണ്. ടാറ്റ ഇപ്പോഴും അവരുടെ ആധുനിക കാറുകൾ പെയിന്റ് ചെയ്യാൻ ഈ സൌകര്യമാണ് ഉപയോഗിക്കുന്നത്. മെർസിീഡസ് കാറുകൾ തുടക്കത്തിൽ അസംബിൾ ചെയ്തിരുന്ന പൂനെയിലെ പ്ലാന്റ് ഇപ്പോൾ ലാൻഡ് റോവറുകൾക്കും ജാഗവാറുകൾക്കുമുള്ള അസംബ്ലി സൗകര്യമാക്കി മാറ്റിയിരിക്കുകയാണ്.

അക്കാലത്ത് W124 ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലായിരുന്നു വിപണനത്തിന് എത്തിയിരുന്നു. W124 ഇപ്പോഴും കാർ കളക്ടർമാർക്കിടയിൽ ഒരു ജനപ്രിയ കാറാണ്. 1984 മുതൽ 1997 വരെ ഡൈംലർ-ബെൻസ് നിർമിച്ച എക്സിക്യൂട്ടീവ് കാറായിരുന്നു മെർസിഡീസ് ബെൻസ് W124. 1995 ൽ ഇന്ത്യയിലെത്തിയ മോഡൽ 140 bhp കരുത്തിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി ലഭ്യമായിരുന്നു.


Click it and Unblock the Notifications








