ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരൻ, രണ്ട് പോർഷ കാറുകൾ വാങ്ങി സക്കർ ബർഗും ഭാര്യയും
ലോകത്തിലെ ഏറ്റവും ധനികൻമാരുടെ പട്ടികയിലെ രണ്ടാമനാണ് മെറ്റയുടെ സ്ഥാപകനായ മാർക്ക് സക്കർബർഗ്. ഇദ്ദേഹത്തെ അറിയാത്തവരായി ഇപ്പോൾ ലോകത്തിൽ തന്നെ ആരുമില്ലെന്ന് വേണം പറയാൻ. എന്താണ് സോഷ്യൽ മീഡിയ അല്ലെങ്കിൽ എങ്ങനെയായിരിക്കണം എന്ന മനുഷ്യവരെ പഠിപ്പിച്ച വ്യക്തിയാണ് സർക്കർബർഗ്. ഫെയ്‌സ്‌ബുക്കിലൂടെ പാറിച്ച വെന്നിക്കൊടി പിന്നീട് ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് പോലുള്ള സംരംഭങ്ങളും സ്വന്തമാക്കിയാണ് നിലത്തുവെച്ചത്. മെറ്റയെന്ന കമ്പനിക്ക് കീഴിൽ ഇവയെല്ലാം ഒന്നിച്ച് കൊണ്ടുവന്ന് തരംഗം തീർത്തപ്പോൾ ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് എത്താൻ ഇലോൺ മസ്‌ക് മാത്രമാണ് സക്കർബർഗിൻ്റെ മുന്നിലുള്ളത്.
സക്കർബർഗിൻ്റെ നിലവിലെ ആസ്തി 206.2 ബില്യൺ ഡോളറാണെന്നാണ് കണക്കുകൾ. അതായത് 1,73,14,24 കോടി രൂപ. മാർക്ക് സക്കർബർഗും അദ്ദേഹത്തിൻ്റെ ഹാർവാർഡ് സഹപാഠികളായ എഡ്വേർഡോ സവെറിൻ, ഡസ്റ്റിൻ മോസ്കോവിറ്റ്സ്, ആൻഡ്രൂ മക്കോലം, ക്രിസ് ഹ്യൂസ് എന്നിവർ ചേർന്ന് 2004-ലാണ് ഫെയ്‌സ്‌ബുക്കിന് രൂപംകൊടുക്കുന്നത്. പിന്നീട് ലോകംമുഴുവൻ കീഴടക്കിയതാണ് ചരിത്രം. അതിവേഗം തന്നെ ഫെയ്സ്ബുക്ക് ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി മാറുകയും ചെയ്‌തു.

മെറ്റ എന്ന് പേര് മാറിയ ഫെയ്സ്ബുക്ക് കമ്പനിയുടെ പ്രധാനികളിൽ ഒരാളാണ് സക്കർബർഗിന്റെ പങ്കാളി. മാർക്ക് സക്കർബർഗിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രസില്ല ചാനും ഏവർക്കും പ്രിയപ്പെട്ട മുഖമാണ്. എത്ര വലിയ പദവിയിൽ എത്തിയിട്ടും മറ്റെന്തിനേക്കാളും അധികം പ്രാധാന്യം സക്കർബർഗ് എന്നും കുടുംബത്തിനു നൽകാറുണ്ട്. അദ്ദേഹത്തിനും ഭാര്യയായ പ്രസില്ല ചാനിനും വേണ്ടി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ രണ്ട് വാഹനങ്ങൾ സ്വന്തമാക്കിയ വിവരം ലോകത്തിനെ അറിയിച്ചിരിക്കുകയാണ്.
സക്കര്‍ബര്‍ഗ് തനിക്കായി പോര്‍ഷ 911 ജിടി 3 ടൂറിംഗ് പാക്കേജ് എന്ന സ്പോർട്‌സ് കാറാണ് വാങ്ങിയതെങ്കിൽ പ്രിയ ഭാര്യ സ്വന്തമാക്കിയത് പോര്‍ഷ കയീന്‍ ടര്‍ബോ ജിടിയാണ്. എന്നാൽ എസ്‌യുവിയെ മിനിവാനാക്കി രൂപംമാറ്റം ചെയ്‌താണ് പ്രസില്ല ചാൻ കൂടെക്കൂട്ടിയിരിക്കുന്നത്. പോര്‍ഷയുടെയും സതേണ്‍ കാലിഫോര്‍ണിയയിലെ വെഹിക്കിൾ കസ്റ്റമൈസേഷന്‍ കമ്പനിയായ വെസ്റ്റ് കോസ്റ്റ് കസ്റ്റംസിന്റെ സഹകരണത്തോടെയുമാണ് മോഡലിന്റെ രൂപമാറ്റം നടത്തിയിരിക്കുന്നത്.

പോര്‍ഷയുടെ സിഗ്നേച്ചര്‍ സ്റ്റൈലിംഗിൽ യാതൊരു കേടുപാടുകളും കൂടാതെയുള്ള രൂപകല്‍പ്പനയാണ് കയീനില്‍ കമ്പനി വരുത്തിയിരിക്കുന്നത്. മിനിവാന്‍ വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ തന്നെ വശങ്ങളില്‍ ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്ട്രെച്ചഡ് വീൽബേസും വണ്ടിയുടെ പ്രത്യേകതയാണ്. ഇതുകൂടാതെ മിനിവാനിന്റെ അകത്തും പുറത്തുമായി വേറേയും കസ്റ്റമൈസേഷനുകൾ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
കസ്റ്റമൈസ് ചെയ്‌ത പ്രസില്ലയുടെ കയീൻ ടർബോയുടെ പിൻഭാഗത്ത് ഇപ്പോൾ സുഖകരമായി യാത്ര ചെയ്യാൻ ക്യാപ്റ്റൻ സീറ്റുകളാണ് കൊടുത്തിരിക്കുന്നത്. എസ്‌യുവിയുടെ എഞ്ചിനിൽ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾ നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പോർഷ കയീൻ ടർബോ ജിടിക്ക് 4.0 ലിറ്റർ V8 ബൈ-ടർബോ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

ഈ കൂറ്റൻ എഞ്ചിന് 659 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്. വിദേശികൾക്ക് ഏറെയിഷ്‌ടപ്പെട്ട ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ ഡ്രൈവ് സംവിധാനവുമായാണ് ബൈ-ടർബോ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. പോർഷയുടെ ഈ ആഡംബര എസ്‌യുവിയുടെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനുമാവും. കയീനിന് പരമാവധി 305 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനുമാവുക.
ഇനി സക്കർബർഗിന്റെ പോര്‍ഷ 911 ജിടി 3 ടൂറിംഗ് പാക്കേജിലേക്ക് നോക്കിയാൽ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുപറയാനാവുന്നത് ഈ സ്പോർട്‌സ് കാർ മാനുവൽ ഗിയർബോക്‌സോടു കൂടിയാണ് വരുന്നത് എന്നത് തന്നെയാണ്. 4.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 911 മോഡലിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്നത്. ഇത് 502 bhp പവറിൽ പരമാവധി 470 Nm torque വരെ നിർമിക്കാൻ കഴിവുള്ളതാണ്.
മാനുവല്‍ ട്രാന്‍സ്മിഷന്‍ കാറായ ഈ പോര്‍ഷ 911 ജിടി 3 ടൂറിംഗ് പാക്കേജിന് 6-സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്. കേവലം 3.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ സ്പോർട്‌സ് കാറിന്ഫെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററായാണ് പോർഷ നിജപ്പെടുത്തിയിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയകളുടെ ഉടമയുടെ പുതിയ വാഹനങ്ങൾ എല്ലായിടത്തും വൈറലായിട്ടുണ്ടുമുണ്ട്.


Click it and Unblock the Notifications








