48 ലക്ഷത്തിന്റെ ഇലക്‌ട്രിക് കാർ വാങ്ങി കേന്ദ്ര മന്ത്രി, പഴയ ഹൈഡ്രജൻ കാർ മറ്റൊരു മന്ത്രിക്ക്; കൈയടിച്ച് ഫാൻസ്
നിലവിൽ കേന്ദ്ര മന്ത്രിമാരിൽ ഹേറ്റേഴ്‌സില്ലാത്ത ഒരാളാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്‌കരിയെന്ന് നിസംശയം പറയാം. വാഹനങ്ങളില്‍ മികച്ച സുരക്ഷ ഉറപ്പാക്കുക, ഹരിത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഏറ്റവുമധികം പ്രയത്‌നിക്കുന്ന മന്ത്രിക്ക് മികച്ച കൈയടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ വാഹന വിപണിയുടെ ഇന്നു കാണുന്ന വളർച്ചയുടെ പിന്നിലും നിതിന്‍ ഗഡ്‌കരിയുടെ പ്രവർത്തനങ്ങളാണ്. രാജ്യത്ത് ബദൽ ഇന്ധന വാഹനങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും മന്ത്രി കഠിന പ്രയത്നങ്ങളാണ് നടത്തിവരുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്‌ട്രിക്, ഹൈഡ്രജൻ കാറുകളിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ ഗഡ്‌കരിയുടെ യാത്രയും. ഇടക്കിടെ തന്റെ ഔദ്യോഗിക വാഹനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും മന്ത്രി ശ്രമിക്കാറുണ്ട്.

ടൊയോട്ട ആദ്യമായി ഇന്ത്യയില്‍ എത്തിച്ച ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ കാറായ മിറായ് ഉപയോഗിച്ചിരുന്ന നിതിൻ ഗഡ്‌കരി ഇപ്പോഴിതാ ഔദ്യോഗിക വാഹനമായി ഹ്യുണ്ടായി ഇന്ത്യയുടെ ഏറ്റവും വില കൂടിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇലക്‌ട്രിക് എസ്‌യുവിയായ അയോണിക് 5 ആയിരിക്കും ഇനി കേന്ദ്ര മന്ത്രിയുടെ ഔദ്യോഗിക യാത്രകൾക്ക് കൂട്ടായുണ്ടാവുക. പുതിയ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) ലോഞ്ചിംഗിനായി മന്ത്രി തന്റെ പുത്തൻ കാറിൽ എത്തിയിരുന്നു.
ഇതോടെയാണ് കാർ മാറിയ വിവരം വ്യക്തമായത്. എന്നാൽ പഴയ വാഹനം ഉപേക്ഷിക്കുന്നതിനു പകരം നിതിന്‍ ഗഡ്കരിയുടെ യാത്രകള്‍ക്കായി ഇതുവരെ ഉപയോഗിച്ച് കൊണ്ടിരുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറായ ടൊയോട്ട മിറായ് ബീഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന് നല്‍കിയെന്നാണ് സൂചന. പുതിയ വാഹനം എത്തിയതിനു പിന്നാലെയാണ് ഈ അഭിനന്ദനം അർഹിക്കുന്ന തീരുമാനം കൈക്കൊണ്ടത്.

തേജസ്വി ഈ ടൊയോട്ട മിറായിയില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണയോട്ടത്തിനായി ഈ വാഹനം നിതിന്‍ ഗഡ്കരി തനിക്ക് നല്‍കിയെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ വർഷം ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പുതിയ അയോണിക് 5 ഇവി ക്രോസ്ഓവർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
44.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പണ്ടത്തെ പോണി കാറുകളുടെ റെട്രോ ടച്ചിനൊപ്പം ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് ഹ്യുണ്ടായി അയോണിക് 5 പണികഴിപ്പിച്ചിരിക്കുന്നത്. വ്യത്യസ്‌തമായി കാണപ്പെടുന്ന ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളിലെ പിക്‌സലേറ്റഡ് തീമും വളരെ മനോഹരമാണ്. ടർബൈൻ രൂപകല്പനയുള്ള 20 ഇഞ്ച് എയറോ ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളും വാഹനത്തിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്.
ഇന്റീരിയറിലേക്ക് കയറിയാലും ഫീച്ചറുകളാൽ സമ്പന്നമാണ് ഈ ഇലക്‌ട്രിക് എസ്‌യുവി. വെന്റിലേറ്റഡ് സീറ്റുകൾ, കൂറ്റൻ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം ഇവിയുടെ ഭാഗമാണ്. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS ഫംഗ്‌ഷനുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ അയോണിക്കിൽ സ്റ്റാൻഡേർഡായി കിട്ടും.
ആദ്യ വാഹനമായ കോനയില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ e-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ അയോണിക് 5 72.6kWh h ബാറ്ററി പായ്ക്കിലാണ് വരുന്നത്. ഇത് RWD കോൺഫിഗറേഷനിൽ ഒരൊറ്റ മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. മോട്ടോറിന് 214 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

വെറും 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അയോണിക് 5 ഇവി കഴിയുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 631 കിലോമീറ്ററാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ചാർജ് ചെയ്യുന്നതിനായി ബ്രാൻഡ് രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. വെറും 21 മിനിറ്റിനുള്ളിൽ വാഹനങ്ങൾ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 150kW ചാർജറും ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാനാവുന്ന 50kW ചാർജറുമാണ് വാഹനത്തിനൊപ്പം വരുന്നത്.


Click it and Unblock the Notifications








