ടൈറ്റനിൽ കയറാൻ മുടക്കിയ കാശുണ്ടേൽ 20 സ്വിഫ്റ്റ് വാങ്ങാം, സമുദ്രപേടകം ഇപ്പോഴും കാണാമറയത്ത്
ടൈറ്റാനിക് അറിയാത്ത മനുഷ്യരുണ്ടാവില്ല. അറ്റ്ലാൻഡിക് സമുദ്രത്തിൽ മുങ്ങിത്താണ യഥാർഥ ടൈറ്റാനിക് കപ്പലിന്റെ കഥയറിയില്ലെങ്കിലും ജയിംസ് കാമറോൺ സംവിധാനം ചെയ്‌ത ടൈറ്റാനിക് സിനിമയുടെ കഥയും സന്ദർഭങ്ങളും പലർക്കും കാണാപാഠമായിരിക്കും. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഢംബരക്കപ്പൽ എന്നു വിളിപ്പേരുണ്ടായിരുന്ന ടൈറ്റാനിക്ക് ഒരിക്കലും തകരില്ലെന്ന പ്രഖ്യാപനത്തോടെയാണ് കന്നിയാത്രക്ക് ഇറങ്ങിയത്.
എന്നാൽ 1912 ഏപ്രിൽ പത്തിനു ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് 2240 യാത്രക്കാരുമായി ടൈറ്റാനിക് അമേരിക്കൻ നഗരമായ ന്യൂയോർക്ക് യാത്ര ആരംഭിച്ചു. ഭീമൻ മഞ്ഞുമലയിൽ ഇടിച്ച് വടക്കൻ അറ്റ്‌ലാന്റിക്കിൽ മുങ്ങിത്താണ കപ്പലിൽ 1500-ലധികം ജീവനുകളാണ് നഷ്‌ടമായത്. ലോക ചരിത്രത്തിന്റെ തന്നെ വലിയ ഭാഗമായ ടൈറ്റാനിക് തകർന്നുകിടക്കുന്നതു കാണാനാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ടൈറ്റന്‍ എന്ന ജലപേടകം സർവീസ് നടത്തുന്നത്.

5 പേരുമായി യാത്ര ചെയ്യുന്ന ഈ സമുദ്രപേടകം കാണാതായ വാർത്തയാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കടലിലിറങ്ങിയ ഓഷൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ സമുദ്രപേടകം കാണാതായത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. നാല് ദിവസത്തോളമായിട്ടും ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനാകാത്തത് ആശങ്കയ ഉയർത്തുകയാണ്. ഇനി ടൈറ്റൻ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാൽ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളതെന്നാണ് വിവരം.

ഇതില്‍ സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിക്കുന്നത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റന്‍ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇന്ത്യൻ സമയം ഞായറാഴ്ച്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോൾ 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്. അതായത് ഇനി പേടകത്തിലെ ഓക്‌സിജൻ തീരാൻ മണിക്കൂറുകൾ മാത്രമാണുള്ളതെന്ന് സാരം.
ഇത് കൂടുതല്‍ ആശങ്കകൾക്കാണ് വഴിവെക്കുന്നത്. കാനഡ, യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുന്നതിനാൽ ശ്രമം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ലോകം. ടൈറ്റനു വേണ്ടിയുള്ള തിരച്ചിലിന് യുഎസ് കോസ്റ്റ് ഗാർഡാണ് നിലവിൽ നേതൃത്വം നൽകുന്നത്. ഇനി എന്താണ് ടൈറ്റൻ സമുദ്രപേടകമെന്നും അതിന്റെ കൂടുതൽ വിശദാംശങ്ങൾ എന്തെല്ലാമെന്നും ഒന്നു ചുരുക്കി പറായാം.

ടൈറ്റാനിയം, ഫിലമെന്റ്-വുൺഡ് കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ടൈറ്റന് 20,000 പൗണ്ട് (9,072 കിലോഗ്രാം) ഭാരമുണ്ടെന്നാണ് കണക്കുകൾ. എന്നാൽ കടൽത്തീരത്ത് എത്തിയാൽ അത് നിഷ്പക്ഷമായി പൊങ്ങിക്കിടക്കുമെന്നാണ് കമ്പനി പറയുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്ററോളം താഴ്ച്ചയിലെത്താൻ ഇതിനാവും. 13,120 അടി താഴ്ചയിലേക്ക് പോകുന്ന തരത്തിലാണ് ഈ കപ്പൽ നിർമിച്ചിരിക്കുന്നത്. അതേസമയം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ 12,500 അടി താഴ്ച്ചയിലാണുള്ളത്.
ടൈറ്റന്റെ പ്രവർത്തനം ശരിയാണെന്ന് അറിയിക്കാൻ ഓരോ പതിനഞ്ച് മിനിറ്റിലും മദർ ഷിപ്പിലേക്ക് ബീപ്പ് അയക്കുന്ന തരത്തിലാണ് വാഹനം പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഗെയിംപാഡുകൾ ഉപയോഗിച്ചാണ് ഈ സമുദ്രക്കപ്പൽ പ്രവർത്തിപ്പിക്കുന്നതെന്നും രസകരമായ കാര്യമാണ്. പക്ഷേ ഇതിൽ ആസാധാരണമായതൊന്നുമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ സമുദ്രപേടകത്തിൽ സഞ്ചരിച്ച് ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ 2 കോടി രൂപയാണു ടിക്കറ്റ് നിരക്കായി ഒരാൾ ചെലവഴിക്കേണ്ടി വരിക.
അതായത് ഏകദേശം രണ്ടര ലക്ഷം ഡോളർ. ടൈറ്റനിൽ 5 പേർക്കാണ് യാത്ര ചെയ്യാനാവുന്നത്. ഇതിൽ ഒരു ഡ്രൈവറും ഒരു ഇൻസ്ട്രക്റ്ററും മൂന്ന് യാത്രക്കാരുമാണ് ഉൾപ്പെടുക. സമുദ്രപേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണ്. അതിനാൽ അകത്ത് നിന്നും പുറത്തുകടക്കാൻ ഒരു മാർഗവുമില്ലെന്നു വേണം പറയാൻ. പുറത്തുനിന്നു തുറക്കാതെ യാത്രക്കാർക്ക് ഇറങ്ങാനാവില്ലാത്തതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. പക്ഷേ ടൈറ്റനിൽ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് പിന്തുടരേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളിലെ ചില വിഴ്ചകൾ ഉണ്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications








