ഇവിടെ ജോലി കിട്ടാൻ ആളുകൾ അടികൂടും, ജീവനക്കാർക്ക് 15 എസ്‌യുവികൾ സമ്മാനിച്ച് കമ്പനി; അടുത്ത വർഷവും കൊടുക്കും
തൊഴിൽ മേഖലയിൽ നിന്നും അഭിനന്ദനം കിട്ടുന്നതും അംഗീകരിക്കപ്പെടുന്നതുമെല്ലാം ഏതൊരു ജീവനക്കാരേയും സംബന്ധിച്ച് വലിയ കാര്യമാണ്. കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്ന ഇക്കാലത്ത് അർഹതക്കുള്ള അംഗീകാരം തൊഴിലടങ്ങളൽ നിന്നും ലഭിക്കുന്നത് ഇരട്ടിമധുരം കൂടിയാണ്. ഇത്തരമൊരു സന്ദർഭം സ്വപ്‌നം കാണാത്ത ആരും തന്നെ നമുക്കിടയിലുമുണ്ടാവില്ല. എല്ലുമുറിയെ പണിയെടുത്താലും അംഗീകാരം പോയിട്ട് നല്ലവാക്ക് പോലും കിട്ടാത്ത മുതലാളിമാരുള്ള നാട്ടിൽ ഇത്തരം സംഭവങ്ങൾ അപൂർവമായെങ്കിലും ഉണ്ടാവാറുണ്ട്. തൊഴിലാളികളെ സ്വന്തം കുടുംബമായി കണക്കാക്കുന്ന എത്രയോ മുതലാളിമാരുണ്ട്. വിശേഷ അവസരങ്ങളില്‍ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതെല്ലാം പലതവണ നാം വാർത്തകളിൽ വായിച്ചിട്ടുമുണ്ടാവും.
ദീര്‍ഘകാലം തങ്ങളുടെ കമ്പനിക്കായി സേവനം ചെയ്ത ജീവനക്കാര്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഓഹരികള്‍ കൈമാറിയ സന്ദര്‍ഭങ്ങള്‍ പോലും ഇവിടെയുണ്ടായിട്ടുണ്ട്. ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത് അവരുടെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നുകൂടിയാണ്. ഇക്കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നവരാത്രി, ദസറ ഉത്സവ ആഘോഷങ്ങൾ നടന്നത്.

ആയുധപൂജയുടെ സമയത്ത് ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനി ഉടമ തന്റെ ജീവനക്കാര്‍ക്ക് സമ്മാനമായി കാറുകളും ബൈക്കുകളും നല്‍കിയതെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ഹരിയാനയിലെ പഞ്ച്കുളയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ദീപാവലിക്ക് മുന്നോടിയായി 15 ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
പഞ്ച്കുല വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന മിറ്റ്‌സ്‌കൈൻഡ് ഹെൽത്ത്‌കെയറാണ് തങ്ങളുടെ ജീവനക്കാർക്ക് 13 ടാറ്റ പഞ്ച് എസ്‌യുവിയുടെ രണ്ട് മാരുതി ഗ്രാൻഡ് വിറ്റാര മോഡലുകളും സമ്മാനിച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച ജീവനക്കാർക്കാണ് കാറുകൾ കൊടുത്തിരിക്കുന്നത്. മിറ്റ്‌സ്‌കൈൻഡ് ഹെൽത്ത്‌കെയറിന്റെ കമ്പനി ഉടമ എംകെ ഭാട്ടിയ നേരിട്ട് കാറുകളുടെ താക്കോലും കൈമാറി.

ജീവനക്കാരുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. "അവർ എനിക്ക് സെലിബ്രിറ്റികളെപ്പോലെയാണ്," കമ്പനിയുടെ വിജയത്തിന് അവർ നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ടാണ് ഇത്തരമൊരു സമ്മാനം കൊടുക്കാൻ തീരുമാനിച്ചതെന്നും ഭാട്ടിയ പറഞ്ഞു. ആയതിനാൽ അഭിനന്ദനവും അംഗീകാരവും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമായി ഇത് തോന്നിയെന്നും ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേകമായി ആസൂത്രണം ചെയ്‌തല്ല വാഹനങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനങ്ങൾ കണ്ട് അമ്പരന്ന ജീവനക്കാർ കമ്പിയോടും ഉടമയോടും നന്ദി അറിയിച്ചു. "മൂന്ന് വർഷം മുമ്പ്, താൻ ജോലിക്ക് ചേരുമ്പോൾ, തൻ്റെ എല്ലാ ജീവനക്കാർക്കും ഒരു കാർ നൽകാനുള്ള തൻ്റെ സ്വപ്നത്തെ കുറിച്ച് ഭാട്ടിയ സർ പറഞ്ഞിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നു, "മിറ്റ്സ്കിൻഡ് ഹെൽത്ത് കെയറിലെ മുതിർന്ന എച്ച്ആർ ജീവനക്കാരിയായ വീനസ് പറഞ്ഞു.

കഴിഞ്ഞ വർഷവും തനിക്ക് സമ്മാനം ലഭിച്ചിരുന്നുവെന്നും കമ്പനി ഇപ്പോഴും എൻ്റെ ഇന്ധനച്ചെലവ് വഹിക്കുന്നുണ്ടെന്നും മറ്റൊരു ജീവനക്കാരിയായ രേഖ പറഞ്ഞു. ഇതാദ്യമായല്ല കമ്പനി ജീവനക്കാർക്ക് കാർ സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വര്ഷം 12 ജീവനക്കാർക്ക് പഞ്ച്കുളയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി വാഹനങ്ങൾ കൈമാറിയിരുന്നു. അങ്ങനെ ആകെ 27 കാറുകളാണ് ജോലിയിൽ സാമർഥ്യം തെളിയിച്ച ജീവനക്കാർക്ക് മിറ്റ്‌സ്‌കൈൻഡ് ഹെൽത്ത്‌കെയർ സമ്മാനിക്കുന്നത്.
മിറ്റ്‌സ്‌കൈൻഡ് ഹെൽത്ത്‌കെയർ ഭാവിയിലും ഈ രീതി തുടരാൻ പദ്ധതിയിടുന്നതായാണ് ഉടമ എംകെ ഭാട്ടിയ വ്യക്തമാക്കുന്നത്. രാജ്യത്തെ വലിയ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിക്കുന്നത് അടുത്ത കാലത്തായി ഇന്ത്യയിൽ കണ്ടുവരുന്ന സ്ഥിരം കാഴ്ച്ചയാണിപ്പോൾ. 2021-ൽ പുറത്തിറക്കിയ എൻട്രി ലെവൽ മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിൻ്റെ പ്രാരംഭ വില 6 ലക്ഷം രൂപയാണ്. അതേസമയം ഗ്രാൻഡ് വിറ്റാരയ്ക്ക് 10.87 ലക്ഷം മുതൽ 20.09 ലക്ഷം വരെയും മുടക്കേണ്ടി വരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








