മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് സമ്മാനം ഇതാവുമോ? പ്രതീക്ഷയോടെ വാഹന ലോകം
വാഹന വിപണിയുടെ ഭാവിയായി ഇലക്‌ട്രിക്കുകൾ മാറിയെന്നു വേണം പറയാൻ. ഇപ്പോൾ പലരും ഇവികളിലേക്ക് ചേക്കാറാൻ യാതൊരു മടിയും കാണിക്കുന്നില്ലെങ്കിലും മൂന്ന് വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. പലരും വൈദ്യുത വാഹനങ്ങൾക്ക് മുന്നിൽ മുഖംതിരിച്ചു നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇന്ധന വിലയിൽ റെക്കോർഡ് വർധനവുണ്ടായപ്പോൾ പലരും ബദൽ മാർഗങ്ങൾ തേടി ഇവികളിലേക്ക് എത്തുകയായിരുന്നു.
കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ഫെയിം സബ്‌സിഡി പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം കൊടുക്കുകയുണ്ടായി. നിലവിൽ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉത്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്ന ഫെയിം പദ്ധതി അവതരിപ്പിക്കുന്നത്.

ഫെയിമിന്റെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നിനാണ് സമാരംഭം കുറിച്ചത്. തുടക്കത്തില്‍ 2022 മാര്‍ച്ച് വരെ മാത്രമായിരുന്നു ഇതിന് സാധുത ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് 2024 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്‌തിരുന്നു. ഇലക്ട്രിക് ടൂവീലറുകളുടെ ഡിമാന്‍ഡ് ഉയർത്തുന്നതിനായി 2021 ജൂണില്‍ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഒരു kWh-ന് ഇന്‍സെന്റീവ് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തുകയും ചെയ്‌തിരുന്നു.
വരുന്ന മാർച്ചോടെ സബ്‌സിഡി അടുത്തഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണെന്ന വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. പക്ഷേ പുതിയ ഘട്ടം (FAME III) ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും നിലവിലെ പദ്ധതി ഒരു വർഷത്തേക്ക് നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിലുള്ള ഫെയിം II സ്കീമിൽ ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങളാണ് ഉൾക്കൊള്ളുന്നത്.

ഇതിനായ 10,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നതും. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായി അടുത്ത ബജറ്റിൽ അധിക തുക വകയിരുത്തിയേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അടുത്തിടെ ഫെഡറേഷൻ ഓഫ് ഇന്ത്യ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) ഫെയിം III സ്‌കീം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഘനവ്യവസായ മന്ത്രാലയത്തിന് (MHI) ഒരു നിർദ്ദേശം സമർപ്പിച്ചു.
ഇതിനായി അടുത്ത 5 വർഷത്തിനുള്ളിൽ 30,000 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം മറുവശത്ത് ഇതുവരെയുള്ള പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്ക് കൂടുതൽ സർക്കാർ പിന്തുണ ആവശ്യമില്ലെന്ന് ചില ഉദ്യോഗസ്ഥർ വാദിക്കുന്നുണ്ട്. എക്കാലവും സബ്സിഡി നൽകിയല്ല വിപണി നിലനിർത്തേണ്ടതെന്ന അഭിപ്രായമാണ് ശക്തമാവുന്നത്.

വിപണി സ്വയം, വിലനിർണയ ക്രമീകരണം നടത്താവുന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടതെന്നാണ് അവരുടെ വാദം. കഴിഞ്ഞ വർഷം മേയിലാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി kWh-ന് 15,000 രൂപ ആയിരുന്നതിൽ നിന്നും 10,000 ആയി കുറച്ചത്. ഇ-മൊബിലിറ്റി വർധിപ്പിക്കുന്നതിന് ഇത്തരം നീക്കങ്ങളിലേക്ക് നിക്ഷേപിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായം.
2023 ഡിസംബർ 1 വരെ സർക്കാർ സബ്‌സിഡിയായി 5,228 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. എന്തായാലും എട്ട് വർഷത്തിന് ശേഷം ഫെയിം സബ്‌സിഡിയുടെ കാലാവധി കഴിയുമ്പോൾ ആനുകൂല്യങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നിർബന്ധിതരാവുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിക്കാൻ ഫെയിം സബ്‌സിഡി എന്തായാലും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം അവഗണിക്കാനാവില്ല.

നിലവിലുള്ള ഫെയിം II സബ്‌സിഡികൾ 2025 സാമ്പത്തിക വർഷം വരെ നീട്ടാനുള്ള ആശയം വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നതും തർക്കമില്ലാത്ത കാര്യമാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെയിം II പദ്ധതി വിപുലീകരിക്കാൻ നരേന്ദ്ര മോദി സർക്കാർ ആലോചിക്കുന്നുണ്ടെന്നത് സ്വാഗതാർഹമായ തീരുമാനമാണ്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ സബ്സിഡി എടുത്തു കളഞ്ഞാലും ഇവി വിൽപ്പന ഗണ്യമായി ഉയരാൻ തന്നെയാണ് സാധ്യത.


Click it and Unblock the Notifications








