കുഞ്ഞിനെ രക്ഷിക്കാൻ ബിഎംഡബ്ല്യുവിന്റെ ചില്ല് തകർക്കരുതെന്ന് അമ്മ; സോഷ്യൽ മീഡിയയിൽ പൊങ്കാല!
ബിഎംഡബ്ല്യു കാറിൽ കുടുങ്ങിയ മൂന്നുവയസ്സുള്ള കുട്ടിയെ പുറത്തെടുക്കാൻ കാറിന്റെ ചില്ല് തകർക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. എന്നാൽ കുട്ടിയുടെ അമ്മ ഇതിനെ ശക്തിയായി എതിർക്കുകയായിരുന്നു. വിലപ്പിടിപ്പുള്ള കാറിന്റെ ചില്ല് തകർത്താൽ അത് പുനസ്ഥാപിക്കാൻ വലിയ ചെലവാണെന്നായിരുന്നു കുഞ്ഞിന്റെ അമ്മയുടെ വാദം. ചൈനയിലെ യിവു സിറ്റിയിലാണ് സംഭവം.
കാറിന്റെ ഡോർ ലോക്ക് തകരാറിലായതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കുഞ്ഞിനെ കാറിലിട്ട് പൂട്ടി ഷോപ്പിങ്ങിനു പോയതായിരുന്നു അമ്മ. തിരിച്ചെത്തിയപ്പോൾ ഡോർ അൺലോക്ക് ചെയ്യാൻ കഴിയുന്നില്ല. പുറത്ത് നല്ല ചൂടുള്ളതിനാൽ കാറിനകത്ത് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ആളുകളിടപെട്ട് ഫയർ ഫോഴ്സിനെ രംഗത്തെത്തിച്ചു. കാറിനകത്ത് ഓക്സിജൻ നില കുറഞ്ഞുവരികയാണെന്നും കുട്ടിയെ പെട്ടെന്ന് പുറത്തെടുത്തില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും ഫയർഫോഴ്സുകാർ അമ്മയെ അറിയിച്ചു.
എന്നാൽ, ബിഎംഡബ്ല്യു സർവീസ് സെന്ററിൽ നിന്ന് വിദഗ്ധരെത്തിയിട്ട് ഡോർ തുറന്നാൽ മതിയെന്നായിരുന്നു കുഞ്ഞിന്റെ അമ്മയുടെ മറുപടി. ഇതിനിടയിൽ കുഞ്ഞ് കരച്ചിൽ നിറുത്തി കുഴഞ്ഞുവീണു. ഇതോടെ ഫയർഫോഴ്സുകാർ അമ്മയുടെ അനുവാദത്തിന് കാക്കാതെ കാറിന്റെ ചില്ല് തകർത്ത് കുട്ടിയെ പുറത്തെടുത്തു.
സോഷ്യൽ മീഡിയയിൽ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ വൻ പൊങ്കാല നടന്നുവരികയാണ്.
കുട്ടികളെ കാറിലടച്ചിട്ടാൽ മരണം സംഭവിക്കുന്നതെങ്ങനെ?


Click it and Unblock the Notifications









