അപ്രീലിയ മുതൽ ബിഎംഡബ്ല്യു വരെ; ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌കൂട്ടറുകൾ
പ്രായോഗികത എന്ന ഒറ്റ കാരണം കൊണ്ട് ഇന്ത്യയിൽ ഏറെ ഉപഭോക്താക്കളെ സൃഷ്‌ടിച്ചവരാണ് സ്‌കൂട്ടറുകൾ. സാധനങ്ങളും ബാഗുകളും എളുപ്പത്തിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഓടിക്കാൻ എളുപ്പമുള്ള എന്തെങ്കിലും ആഗ്രഹിക്കുന്ന ആളുകൾക്ക് യാത്ര ചെയ്യാനുള്ള പ്രായോഗിക മാർഗമായാണ് സ്കൂട്ടറുകളെ കൂടുതലായും കരുതപ്പെടുന്നത്.

കൂടാതെ താരതമ്യേന കുറഞ്ഞ വിലയും കുറഞ്ഞ മെയിന്റനെൻസ് ചെലവുകളും സ്‌കൂട്ടുറുകളെ ഉപഭോക്താക്കളുടെ നേഞ്ചോട് അടുപ്പിക്കുകയാണ് ഇന്നും. എന്നാൽ ബജറ്റ് മോഡലുകൾ മാത്രമല്ല പ്രീമിയം സെഗ്മെന്റിലെത്തുന്ന സ്‌കൂട്ടറുകൾക്കും ഇന്ന് ഇന്ത്യൻ വിപണിയിൽ ഡിമാന്റുണ്ട്.

വിലയല്ല പ്രശ്‌നം, മികച്ച ഉൽപ്പന്നങ്ങളുണ്ടെങ്കിൽ എത്ര മുടക്കുമുതലും നൽകാൻ ഇന്ത്യൻ ഉപഭോക്താക്കൾ പ്രാപ്‌തമായി. ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ചെലവേറിയ അതായത് വില കൂടിയ അഞ്ച് സ്കൂട്ടർ മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

അപ്രീലിയ SXR 160
1.41 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള മാക്‌സ് സ്റ്റൈൽ സ്കൂട്ടറാണ് അപ്രീലിയ SXR 160. ഇറ്റാലിയൻ ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ചെലവേറിയ സ്കൂട്ടറുകൾ വിൽക്കുന്നുണ്ടെങ്കിലും ഇവയ്ക്കെല്ലാം മാന്യമായ വിൽപ്പനയാണ് ലഭിക്കുന്നത്.

ഇപ്പോൾ അപ്രീലിയയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌കൂട്ടർ SXR 160 ആണ്. 10.7 bhp പവർ ഉത്പാദിപ്പിക്കുന്ന 160 സിസി എഞ്ചിനാണ് മോഡലിന്റെ ഹൃദയം. ഒരു മാക്‌സി-സ്‌കൂട്ടർ ആയതിനാൽ തന്നെ സ്‌മാർട്ട് എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം SXR 160 പ്രധാന ഹൈലൈറ്റുകളായി എടുത്തു നിൽക്കുന്നുണ്ട്.

ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലിലാണ് അപ്രീലിയ SXR 160 നിരത്തിലെത്തുന്നത്. നീളമുള്ള സീറ്റ് കുഷ്യൻ രണ്ടുപേർക്ക് സുഖപ്രദമായ ഇരിപ്പിടം പ്രദാനം ചെയ്യുന്നുവെന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. സസ്പെൻഷൻ മോശം റോഡുകളിൽ ധാരാളം കുഷ്യനിംഗ് നൽകുന്നുമുണ്ട്.

വെസ്പ റേസിംഗ് സിക്‌സ്റ്റീസ് 150
വെസ്പ റേസിംഗ് സിക്‌സ്റ്റീസ് 150 റേസ്-പ്രചോദിതമായ ശൈലിയിൽ എത്തുന്ന ക്ലാസിക് സ്‌കൂട്ടറാണെന്നു പറയാം. ഇത് 125 സിസി, 150 സിസി പതിപ്പുകളിൽ വരുന്നുമുണ്ട്.

സിക്‌സ്റ്റീസ് 150 വേരിയന്റിന് ഇന്ത്യയിൽ 1.51 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. റെഡ് ഹൈലൈറ്റുകളുള്ള വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയെത്തുന്ന ഈ മോഡൽ കാഴ്ച്ചയിൽ ആരുടേയും മനംകവരാൻ പ്രാപ്‌തമാണ്.കൂടാതെ ഗോൾഡൻ അലോയ് വീലുകൾ കൂടി ചേരുന്നതോടെ വെസ്പ റേസിംഗ് സിക്‌സ്റ്റീസ് 150 തികച്ചും പ്രീമിയം മോഡലായി മാറുന്നുണ്ട്. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് സ്കൂട്ടറിന്റെ റെട്രോ രൂപത്തെ എടുത്തുകാണിക്കുന്നുമുണ്ട്.

150 സിസി, ത്രീ-വാൽവ് എഞ്ചിൻ പരമാവധി 10.3 bhp കരുത്തിൽ 10.6 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്. വെസ്പയുടെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്നിൽ ഡിസ്‌ക് ബ്രേക്കും എബിഎസുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്കൂട്ടറിന്റെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ അനലോഗ് ഭാഗവും റെഡും വൈറ്റും നിറത്തിനെ അനുകരിക്കുകയും റെഡ് ബാക്ക്‌ലിറ്റ് നിറമുള്ള ഒരു ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയുമാണ് വാഗ്ദാനം ചെയ്യുന്നതും.

വെസ്പ എലഗന്റെ 150 FL
റേസിംഗ് സിക്‌റ്റീസ് 150-നേക്കാൾ ഏതാനും ആയിരം രൂപ കൂടുതൽ വിലയുള്ള മോഡലാണ് വെസ്പ എലഗന്റെ 150 FL. ഈ സ്‌കൂട്ടറിനും അതേ 150 സിസി എഞ്ചിനും സമാനമായ പവറും ടോർക്കുമാണ് നൽകുന്നത്. എന്നിരുന്നാലും എലഗന്റെ കൂടുതൽ റെട്രോ രൂപകൽപ്പനയിലേക്കാണ് പോയിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള വലിയ സി-ആകൃതിയിലുള്ള വിൻഡ്‌സ്‌ക്രീനും ടീ പീസ് സീറ്റുമാണ് സ്‌കൂട്ടറിന്റെ ചില മികച്ച ഡിസൈൻ ഘടകങ്ങൾ. സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മുൻവശത്ത് എബിഎസോടുകൂടിയ ഡിസ്‌ക് ബ്രേക്കുകളും ലഭ്യമാക്കിയിരിക്കുന്ന വെസ്പ എലഗന്റെ 150 FL മോഡലിന് 1.54 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കീവേ സിക്‌റ്റീസ് 300i, വിയെസ്റ്റെ 300
ഇന്ത്യയിലെ ഏറ്റവും പുതിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ബെനലിയുടെ കീഴിലുള്ള ഹംഗേറിയൻ ബ്രാൻഡായ കീവേ. സിക്‌റ്റീസ് 300i, വിയെസ്റ്റെ 300 എന്നീ രണ്ട് സ്‌കൂട്ടറുകളാണ് കമ്പനിയുടെ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകൾ.

ഈ രണ്ട് മോഡലുകളും 300 സിസി എഞ്ചിനുകളാണ് ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേക. സിക്‌റ്റീസ് 300i ഒരു റെട്രോ-സ്റ്റൈൽ സ്കൂട്ടറാണെങ്കിൽ വിയെസ്റ്റെ 300 ആധുനിക മാക്സി-സ്കൂട്ടറാണ്.രണ്ട് വാഹനങ്ങളും 2.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യു C 400 GT
ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്കൂട്ടറാണ് ബിഎംഡബ്ല്യു C 400 GT. 10.40 ലക്ഷം രൂപ വിലയുള്ള ആ ബവേറിയൻ മോഡൽ ഇന്ത്യയിൽ എത്തുന്നത് സമ്പൂർണ ഇറക്കുമതിയായാണ്. 33.5 bhp കരുത്തിൽ 35 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 350 സിസി, സിംഗിൾ സിലിണ്ടർ, വാട്ടർ കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം.

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഒരു ഓപ്‌ഷണലായി പിന്തുണയ്‌ക്കുന്ന കഴിവുള്ള ഫുൾ-കളർ TFT ഡിസ്‌പ്ലേയും ഇതിന് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








