ഒറിജിനലിനെ വെല്ലുന്ന ആശയം! ഓട്ടോ എക്‌സ്‌പോയിൽ ഞെട്ടിച്ച കൺസെപ്റ്റ് ബൈക്കുകൾ
ഇരുചക്ര വാഹനങ്ങളുടെ കൺസെപ്റ്റ് പതിപ്പുകൾ എപ്പോഴും വാഹന വ്യവസായത്തിൽ ആവേശത്തിന്റെയും പുതുമയുടെയും ഉറവിടമാണ്. ഈ കൺസെപ്റ്റുകളിൽ ചിലത് പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുക മാത്രമല്ല, യഥാർഥ്യമാവുകയും വരെ ചെയ്‌തിട്ടുണ്ട്. ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിട്ടുള്ള പല മോട്ടോർസൈക്കിൾ കൺസെപ്റ്റ് മോഡലുകളും പ്രോട്ടോടൈപ്പുകളും പ്രൊഡക്ഷനിലേക്ക് എത്തിയപ്പോൾ വിപണിയിൽ തീർത്തതാവട്ടെ വിസ്‌മയവുമാണ്. അത്തരത്തിലുള്ള ചില മോഡലുകളെയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോവുന്നത്.
ടിവിഎസ് അകുല
2016 ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് അകുല കൺസെപ്റ്റ് അനാവരണം ചെയ്‌തത്. റഷ്യൻ ഭാഷയിൽ സ്രാവ് എന്നർഥം വരുന്ന അകുല അഗ്രസീവ് സ്റ്റൈലിംഗും സ്‌പോർട്ടി റൈഡിംഗ് പൊസിഷനും ഉള്ള ഒരു ഹൈ പെർഫോമൻസ് മോട്ടോർസൈക്കിളായാണ് കമ്പനി രൂപകൽപ്പന ചെയ്‌തിരുന്നത്. ഈ കൺസെപ്റ്റ് മികച്ച സ്വീകാര്യത നേടുകയും ഒടുവിൽ അപ്പാച്ചെ RR310 എന്ന പേരിൽ നിർമിക്കപ്പെടുകയും ചെയ്തു. വിപണിയിൽ എത്തിയപ്പോൾ തുടക്ക കാലത്ത് ബൈക്കിന് മികച്ച സ്വീകാര്യത ഉണ്ടാക്കിയെടുക്കാനും സാധിച്ചിരുന്നു.

എഞ്ചിൻ പരിഷ്‌കരണത്തിന്റെ കാര്യത്തിൽ RR310 സൂപ്പർ സ്പോർട്ട് മോട്ടോർസൈക്കിളിന് ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും വർഷങ്ങളായുള്ള നിരന്തരമായ അപ്‌ഡേറ്റുകൾ ഉപയോഗിച്ച് ടിവിഎസ് മിക്ക പ്രശ്‌നങ്ങളും പരിഹരിച്ചു. RR 310 BTO യുടെ ഏറ്റവും പുതിയ ആവർത്തനത്തിൽ രണ്ടറ്റത്തും പൂർണമായി ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ഒരു പുതിയ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, പുതുക്കിയ റിയർസെറ്റ് ഫുട്‌പെഗുകൾ, മഫ്‌ലറിന്റെ പുതുക്കിയ ജോമെട്രി, ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം അവതരിപ്പിച്ച് കൂടുതൽ മതിപ്പുളവാക്കി.
ഹീറോ എക്‌സ്‌പൾസ്
2017 EICMA മോട്ടോർ ഷോയിൽ കൺസെപ്റ്റിനെ ഹീറോ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്ക് ശേഷം ഹീറോ എക്‌സ്‌പൾസ് കൺസെപ്റ്റ് ഓട്ടോ എക്‌സ്‌പോയിലും കമ്പനി അവതരിപ്പിച്ചു. പിന്നീട് ഒരു വർഷത്തിനുശേഷം, പ്രൊഡക്ഷൻ ബൈക്കും പിറവിയെടുത്തു. ഇംപൾസിന് ശേഷം ഡ്യുവൽ സ്‌പോർട്‌സ് വിഭാഗത്തിലെ ഹീറോയുടെ രണ്ടാമത്തെ മോഡലായിരുന്നു എക്‌സ്‌പൾസ് 200. പ്രൊഡക്ഷൻ ബൈക്കിൽ ഏവരും ഇഷ്ടപ്പെട്ടതും അതിന്റെ പ്രവേശനക്ഷമതയാണ്. ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് ഇത്.
കേവലം 1.38 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഹീറോ എക്‌സ്‌പൾസിന് ലോങ് ട്രാവൽ സസ്പെൻഷനും ഡ്യുവൽ-പർപ്പസ് ടയറുകളും പരുക്കൻ, സാഹസിക ശൈലിയിലുള്ള രൂപകൽപ്പനയും ഉള്ള ഒരു അഡ്വഞ്ചർ ടൂറർ ബൈക്കും നിങ്ങൾക്ക് സ്വന്തമാക്കാനാവും. 14,000 രൂപ അധികമായി നൽകിയാൽ റാലി എഡിഷനും വാങ്ങാം. ഇതിൽ പൂർണമായി ക്രമീകരിക്കാവുന്ന കൂടുതൽ നീളമുള്ള ലോംഗ് ട്രാവൽ സസ്പെൻഷൻ ഘടകങ്ങൾ, ഹാൻഡിൽബാർ റൈസറുകൾ, വലിയ സൈഡ് സ്റ്റാൻഡ്, പ്രത്യേക ഹീറോ മോട്ടോസ്പോർട്സ് റാലി ടീം ലിവറി, ഫ്യുവൽ ടാങ്കിൽ പ്രത്യേക സി എസ് സന്തോഷ് ഒപ്പിട്ട സ്റ്റിക്കർ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.
ബജാജ് പൾസർ CS400
ബജാജ് പൾസർ CS400 കൺസെപ്റ്റ് 2014 ഓട്ടോ എക്‌സ്‌പോയിലെ ഏറ്റവും വലിയ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഒരു കണക്കിന് ഇത് എല്ലാവരെയും അമ്പരപ്പിച്ചുവെന്ന് വേണം പറയാൻ. പവർ ക്രൂയിസർ ശൈലിയിലെത്തിയ അതിന്റെ ധീരവും ആക്രമണോത്സുകവുമായ രൂപകൽപ്പനയോടെ ഒടുവിൽ ഡൊമിനാർ 400 ആയി ഇത് രൂപാന്തരപ്പെടുകയായിരുന്നു. ബൈക്കിന്റെ പ്രാരംഭ വിൽപ്പന മികച്ചതായിരുന്നില്ല, എന്നാൽ ബജാജിന്റെ പ്രയത്നങ്ങൾക്കും എഞ്ചിനും പ്ലാറ്റ്ഫോമിലുള്ള സമഗ്രമായ അപ്‌ഡേറ്റുകളും കാരണം പിന്നീട് വിപണിയിൽ ബൈക്കിന് തിളങ്ങാനായി.
ടോർക്ക് T6X
ടോർക്ക് T6X 2016 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. സ്‌പോർട്ടി റൈഡിംഗ് പൊസിഷനും 100 കിലോമീറ്റർ റേഞ്ചും ഉള്ള ഹൈ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രാറ്റോസ് എന്ന പേരിലാണ് ഇ-ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത് എന്നു മാത്രം. സ്റ്റാൻഡേർഡ്, 'R' എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് വില യഥാക്രമം 1,32,499 രൂപയും 1,47,499 രൂപയുമാണ്.
ടിവിഎസ് ഗ്രാഫൈറ്റ്
2014 ഓട്ടോ എക്‌സ്‌പോയിൽ ടിവിഎസ് ഗ്രാഫൈറ്റിനെ പരിചയപ്പെടുത്തി. ഈ ഫ്യൂച്ചറിസ്റ്റിക് സ്‌കൂട്ടറിന്റെ അഗ്രസീവ് സ്റ്റൈലിംഗ് ഒരു സ്റ്റെൽത്ത് എയർക്രാഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് ടിവിഎസ് അഭിപ്രായപ്പെട്ടത്. മുൻവശത്തെ ആപ്രോൺ ഗ്രാഫൈറ്റിനോട് സാമ്യം പങ്കിടുന്ന ഒരു ആകർഷകമായ ഡിസൈൻ ഫീച്ചർ തന്നെയായിരുന്നു ഇതിലെ പ്രധാന ഹൈലൈറ്റ്. ടിവിഎസ് ഒടുവിൽ സ്കൂട്ടറിന്റെ പ്രൊഡക്ഷൻ പതിപ്പായ എൻടോർഖ് 125 2018-ൽ പുറത്തിറക്കുകയും വിപ്ലവമാവുകയും ചെയ്‌തു.


Click it and Unblock the Notifications








