ഇവികൾക്ക് വില കുറയും, വിൽപ്പന കുതിച്ചുയരും! വാഹന വിപണിക്ക് ഉണർവേകി കേന്ദ്ര ബജറ്റ്

നിർണായക പ്രഖ്യാപനങ്ങളുമായി ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് പ്രസംഗത്തിൽ വാഹന വ്യവസായത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ എത്തിയതാണ് ശ്രദ്ധേയം. പരോക്ഷ നികുതി നിർദേശങ്ങൾ, ഇവി ബാറ്ററി ഉത്പാദന മൂലധന വസ്തുക്കളുടെ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കൽ, ഹൈഡ്രജൻ ഇന്ധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങി നിരവധി നടപടികളാണ് പ്രഖ്യാപനത്തിലുള്ളത്.

വാഹന വ്യവസായത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന നിരവധി നടപടികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് ബജറ്റില്‍ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. ലിഥിയം അയൺ ബാറ്ററികളുടെ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന മൂലധന വസ്തുക്കളുടെ കസ്റ്റംസ് തീരുവ എടുത്തുകളയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്.

ഇവികൾക്ക് വില കുറയും, വിൽപ്പന കുതിച്ചുയരും! വാഹന വിപണിക്ക് ഉണർവേകി കേന്ദ്ര ബജറ്റ്

ഈ നടപടി രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കും. എങ്കിലും ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമാവും ഇത് ബാധകമാവുക. ആയതിനാൽ വിദേശ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നാണ് ബജറ്റ് പ്രഖ്യാപനം പറയാതെ പറയുന്നത്. എന്തായാലും പരോക്ഷ നികുതി നിർദ്ദേശങ്ങൾ രാജ്യത്തെ ഹരിത മൊബിലിറ്റിക്കും ഇലക്ട്രിക് വാഹന മേഖലയ്ക്കും ഉത്തേജനം നൽകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

അതോടൊപ്പം തന്നെ ലിഥിയം അയൺ ബാറ്ററി സെല്ലുകളുടെ തീരുവ ഇളവ് ഒരു വർഷത്തേക്ക് തുടരാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. 2030ഓടെ അഞ്ച് ദശലക്ഷം മെട്രിക് ടൺ ഉത്പാദന ശേഷിയിലെത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഹൈഡ്രജൻ ദൗത്യത്തിനായി 19,700 കോടി രൂപ നീക്കിവെക്കുമെന്ന് ഹരിത മൊബിലിറ്റിയിലേക്കുള്ള കേന്ദ്ര സർക്കാരിൻ്റെ ഊന്നൽ ആവർത്തിച്ചുകൊണ്ട് സീതാരാമൻ പ്രഖ്യാപിച്ചു. ഈ തന്ത്രം ഹൈഡ്രജൻ ഫ്യുവൽ കാറുകളുടെ വരവിന് പ്രോത്സാഹനമാവും.

ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിലെല്ലാം പല ബ്രാൻഡുകളും ഹ്രൈഡജൻ ഫ്യുവൽ കാറുകൾ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. ഇവയെല്ലാം യാഥാർഥ്യമാവാൻ പുതിയ പ്രഖ്യാപനം സഹായിക്കും. കൃഷിയും തുണിത്തരങ്ങളും ഒഴികെയുള്ള സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്ക് 21 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറച്ചതിനാൽ ഇന്ത്യയിലെ വാഹന വിൽപ്പനയും കുതിച്ചുയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഫലമായി വാഹനങ്ങളുടെ കസ്റ്റംസ് തീരുവ, സെസുകൾ, സർചാർജ് എന്നിവയിൽ ചെറിയ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.

കൂടാതെ 2023 ലെ യൂണിയൻ ബജറ്റിൽ വ്യക്തിഗത ആദായ നികുതിയുടെ റിബേറ്റ് പരിധി പ്രതിവർഷം 5 ലക്ഷം രൂപയിൽ നിന്ന് പ്രതിവർഷം 7 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇത് ശമ്പളം വാങ്ങുന്ന ഉപഭോക്താക്കളിൽ വ്യക്തിഗത വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കാനും കാരണമാവും. ബജറ്റ് പ്രഖ്യാപന വേളയിൽ വാഹന സ്‌ക്രാപ്പേജ് പോളിസിക്കും ധനമന്ത്രി പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി.

പഴയ വാഹനങ്ങളും ആംബുലൻസുകളും ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാരുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. "2021-22 ബജറ്റിൽ പ്രഖ്യാപിച്ച വാഹന സ്‌ക്രാപ്പേജ് പോളിസിക്ക് പുറമേ കേന്ദ്ര സർക്കാരിന് കീഴിലുള്ള പഴയ വാഹനങ്ങൾ പൊളിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കാൻ ഇപ്പോൾ കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവീകരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ അഞ്ചാമത്തെ മുന്‍ഗണനയായിട്ടാണ്‌ കാലപ്പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നത് ഇടംപിടിച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള 9 ലക്ഷത്തിലധികം വാഹനങ്ങള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരത്തില്‍നിന്ന് പിന്‍വലിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. പൊതുമേഖലയിലുള്ളതും സഹകരണമേഖലയിലുള്ളതുമായ വാഹനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് 50 പുതിയ വിമാനത്താവളത്തില്‍ നിര്‍മിക്കുമെന്നും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം എത്തിയിട്ടുണ്ട്. അതേസമയം റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്.

Most Read Articles

Malayalam
English summary
Most significant announcements for indian auto industry in budget 2023
Story first published: Wednesday, February 1, 2023, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X