മാതൃദിനത്തിൽ അമ്മയ്ക്കൊരു സർപ്രൈസ്; ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ
സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാണ് അമ്മ. മണ്ണിലും വിണ്ണിലും പകരംവെക്കാനില്ലാത്ത അമ്മമാർക്കായി ഒരു ദിവസം പ്രത്യേക ദിനം തന്നെ നാം കൊണ്ടാടാറുണ്ട്. പല രാജ്യങ്ങളിലും മദേഴ്‌സ് ഡേ പലദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. എന്നാൽ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ചയാണ് മാതൃദിനമായി പൊതുവേ ഇന്ത്യയിൽ ആചരിക്കാറുള്ളത്.
അതായത് നാളെയാണ് (മെയ് 14) ആ ദിനമെന്ന് നിങ്ങളെ ഒന്നോർമിപ്പിക്കാം. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെയും അമ്മുമ്മമാരുടെയും ജന്മം ആദരണീയമാണ്. അവരെ ഈ ദിവസത്തിൽ പ്രത്യേകം ഓർമിക്കുകയും അവർക്ക് ചില സമ്മാനങ്ങളും നൽകിയാൽ അതൊരു വല്ലാത്ത ഫീലായിരിക്കും നൽകുക. മാതൃദിനത്തോടനുബന്ധിച്ച് അമ്മമാർക്ക് പ്രിയപ്പെട്ടൊരു സമ്മാനം നൽകാനും പലരും ആലോചിക്കുന്നുണ്ടാകും അല്ലേ?

അത്തരത്തിൽ എന്ത് സമ്മാനം കൊടുക്കുമെന്ന് കൺഫ്യൂഷനടിച്ചിരിക്കുന്നവർക്കായി ഒരു ഐഡിയ പറഞ്ഞുതരാം. അമ്മമാർക്ക് സ്വന്തമായി സഞ്ചരിക്കാനായി ഒരു ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനിച്ചാലോ ഇത്തവണ? നിങ്ങളുടെ അമ്മയോടുള്ള നിങ്ങളുടെ സ്നേഹവും വിലമതിപ്പും പ്രകടിപ്പിക്കാനുള്ള ഒരു പ്രത്യേക അവസരമായി ഇതിനെ എടുക്കാം. സൗകര്യപ്രദമായ ഗതാഗത മാർഗം തേടുന്ന അമ്മമാർക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ മികച്ച സമ്മാനമായിരിക്കും.
ഇലക്ട്രിക് സ്കൂട്ടറുകൾ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണെന്നതിനാൽ ചെലവിനെ പറ്റിയോർത്തും ടെൻഷൻ വേണ്ട. ഇത് എല്ലാ പ്രായത്തിലുമുള്ള അമ്മമാർക്ക് അനുയോജ്യമായ ഒരു സമ്മാനമാണ്, പ്രത്യേകിച്ച് സ്കൂട്ടറോടിക്കുന്ന അമ്മമാർക്ക്. ഈ മാതൃദിനത്തിൽ നിങ്ങളുടെ അമ്മയ്ക്ക് ഗിഫ്റ്റ് നൽകാൻ പറ്റിയ ഏറ്റവും മികച്ച ഇലക്ട്രിക് സ്കൂട്ടറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഹീറോ ഓപ്റ്റിമ CX: രാജ്യത്തെ ഏറ്റവും മികച്ച സ്ലോ സ്പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ഓപ്റ്റിമ CX. സിംഗിൾ, ഡബിൾ ബാറ്ററി വേരിയന്റുകളിലാണ് കമ്പനി സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 62,190 രൂപയും 77,490 രൂപയുമാണ് വില. മോഡലിന്റെ ഡബിൾ ബാറ്ററി പതിപ്പ് ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇവി പൂർണമായും ചാർജ് ചെയ്യാൻ 4-5 മണിക്കൂർ സമയമാണ് വേണ്ടിവരിക.
ആമ്പിയർ മാഗ്നസ് EX: യുഎസ്ബി പോർട്ട്, എൽസിഡി സ്‌ക്രീൻ, കീലെസ് എൻട്രി, ആന്റി-തെഫ്റ്റ് അലാറം എന്നീ കിടിലൻ ഫീച്ചറുകളാൽ ഒരുങ്ങിയെത്തുന്ന ആമ്പിയർ മാഗ്നസ് EX അമ്മമാർക്കുള്ള മികച്ച തെരഞ്ഞെടുപ്പായിരിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്കാവും. 0-100 ശതമാനം മുതൽ ചാർജ് ചെയ്യാൻ 6-7 മണിക്കൂർ എടുക്കും. 121 കിലോമീറ്റർ റേഞ്ചാണ് കമ്പനി സ്‌കൂട്ടറിൽ അവകാശപ്പെടുന്നത്. 73,999 രൂപയാണ് ഇതിന്റെ വില.

ബൗൺസ് ഇൻഫിനിറ്റി E1: ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ ഒറ്റ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ സ്ത്രീകൾക്ക് പൊതുവേ കൊണ്ടുനടക്കാൻ ഈസിയായുള്ള ഇവികളിൽ ഒന്നാണ്. മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗത നൽകാൻ കഴിയുന്ന ഇവിക്ക് 59,999 രൂപയാണ് വില വരുന്നത്. താങ്ങാനാവുന്ന വിലയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജിയോഫെൻസിംഗ്, ആന്റി-തെഫ്റ്റ്, ടൗ അലേർട്ടുകൾ, പഞ്ചറായാൽ സ്കൂട്ടർ ചലിപ്പിക്കുന്നതിനുള്ള ഡ്രാഗ് മോഡ് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.
ഹീറോ ഫോട്ടോൺ: 80,790 രൂപ വില വരുന്ന ഫോട്ടോൺ ശരിക്കും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നാണ്. 1200W മോട്ടോറുമായി ഘടിപ്പിച്ച 72V 26 Ah ബാറ്ററി പായ്ക്കാണ് ഇതിന്റെ ഹൃദയം. 5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 90 കിലോമീറ്റർ റേഞ്ച് വരെ വാഹനം നൽകാനാവും. ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും ഒപ്പം സ്ലീക്ക് അലോയ് വീലുകളും ലഭിക്കും.

ഒഡീസ് റേസർ ലൈറ്റ് V2: ഡ്യുവൽ ബാറ്ററി സംവിധാനവുമായി എത്തുന്ന ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന് 77,250 രൂപയാണ് വില വരുന്നത്. ഇവിയിലെ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് മൂന്ന്-നാല് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനാവുമെന്നും ഇത് 75 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. സാധനങ്ങൾ സുരക്ഷിതമായും എളുപ്പത്തിലും സൂക്ഷിക്കാൻ നിങ്ങളെ അനുവദിക്കുന്ന വലിയ ബൂട്ട് സ്പേസും ആന്റി-തെഫ്റ്റ് ലോക്കും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








